ADVERTISEMENT

വയനാടൻ മഴയുടെ സൗന്ദര്യം നുകരാൻ മനസ്സുകൊതിക്കുന്നുണ്ടോ? ചാഞ്ഞും ചെരിഞ്ഞും പെയ്തിറങ്ങുന്ന നൂൽമഴയും കോടമഞ്ഞിന്റെ തണുപ്പും സമ്മാനിക്കുന്ന മഴക്കാലക്കുളിരിൽ ഒരു എസ്റ്റേറ്റ് ബംഗ്ലാവിൽ ഒരു ലക്‌ഷ്വറി താമസം കൂടി ആയാലോ? 

എങ്കിൽ വയനാട് തലപ്പുഴയിലെ പാരിസൺ എസ്റ്റേറ്റ് ബംഗ്ലാവിലേക്കു പോകാം. കേരളത്തിലെ ഏറ്റവും മനോഹരവും പഴക്കം ചെന്നതുമായ ബംഗ്ലാവിലൊന്നിൽ രാജകീയമായി രാപാർക്കാം. അതിമനോഹരമായ മലനിരകളും തേയിലത്തോട്ടവും ശാന്തസുന്ദരമായ അന്തരീക്ഷവും പുതിയൊരു യാത്രാനുഭവം നിങ്ങൾക്കു നൽകും. 

parison-12

കേരളത്തിലെ ഹിൽസ്റ്റേഷനുകളിലെ താമസ സൗകര്യങ്ങളിൽ വേറിട്ടൊരു അനുഭവമാണ് പാരിസൺ എസ്റ്റേറ്റ് ലക്‌ഷ്വറി ബംഗ്ലാവ് നൽകുന്നത്. 

parison-02

ചരിത്രം ഉറങ്ങുന്ന ബംഗ്ലാവ്

124 കൊല്ലം പഴക്കമുള്ള എസ്റ്റേറ്റ് ബംഗ്ലാവാണിത്. 1900ൽ ബ്രിട്ടിഷുകാർ  നിർമിച്ചത്. എസ്റ്റേറ്റിന്റെ വൈസ് പ്രസിഡന്റായിരുന്നു താമസം. 

ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചതിനുശേഷവും ഇംഗ്ലിഷുകാരായിരുന്നു ഇത് നടത്തിപ്പോന്നത്. 1972 വരെ. ഇംഗ്ലിഷ് ആൻഡ് സ്കോട്ടിഷ് കമ്പനി എന്ന പേരിൽ. പ്ലാന്റേഷന്റെ റൂൾ മാറിയതോടെ ഇംഗ്ലിഷ് കമ്പനി കൊൽക്കത്ത ഗ്രൂപ്പിനു വിറ്റു. അവർ മൂന്നു വർഷം നടത്തി. പീന്നീട് കൈമറിഞ്ഞ് എബിടി ഗ്രൂപ്പിന്റെ കയ്യിലെത്തി. ഒരു വർഷം ഇത് അടഞ്ഞുകിടക്കുകയും ചെയ്തു. അവരിൽനിന്നാണ് പാരിസൺ ഗ്രൂപ്പ് ഇത് ഏറ്റെടുത്ത്. 1200 തൊഴിലാളികളുണ്ടിവിടെ. തൊഴിലാളികളിൽ മൂന്നാമത്തെ തലമുറയാണ് ഇപ്പോഴുള്ളത്. ഹോസ്പിറ്റൽ, സ്കൂൾ അടക്കം എല്ലാ സൗകര്യങ്ങളും ഇതിൽതന്നെയുണ്ട്. കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തായ തവിഞ്ഞാലിലാണ് ഈ എസ്റ്റേറ്റുള്ളത്. 

parison-07

ശാന്തം, സുന്ദരം

4000 ഏക്കറിൽ പരന്നുകിടക്കുന്ന തേയിലത്തോട്ടത്തിനുള്ളിലാണ് ബംഗ്ലാവ്. 550 സ്ക്വയർ ഫീറ്റ് വലുപ്പമുള്ള 6 മുറികളാണ് ബംഗ്ലാവിലുള്ളത്. വലിയ ലോൺ ഏരിയ തന്നെ ആരുടെയും മനം മയക്കും. പഴയകാല ഡിസൈനിലുള്ള ഫർണീച്ചറാണ് അകത്തളങ്ങളെ വേറിട്ടതാക്കുന്നത്. പൂൾ, ജിം, സോന ബാത്, സ്റ്റീം ബാത്, സൈക്ലിങ് എന്നീ സൗകര്യങ്ങൾ ഇവിടെയുണ്ട്. സ്നൂക്കർ, ബില്യാഡ്, ചെസ്, കാരംസ് പോലുള്ളവ ക്ലബ് ഹൗസിൽ ഒരുക്കിയിട്ടുണ്ട്.  

parison-10

ഡൈനിങ് ഏരിയയിൽ നിന്നാൽ അങ്ങകലെ മഞ്ഞു പുതച്ചു നിൽക്കുന്ന മുനീശ്വരൻകുന്ന് കാണാം. ട്രക്കിങ്ങും ഒാഫ് റോഡ് ഡ്രൈവിങ്ങും ഹരമായവരുടെ ഇഷ്ടലൊക്കേഷനുകളിലൊന്നാണ് മുനീശ്വരൻകുന്ന്. തലപ്പുഴ ബംഗ്ലാവിൽനിന്നു 3 കിലോമീറ്റർ ദൂരമേയുള്ള ഇവിടേക്ക്. സ്വന്തം വാഹനങ്ങളിൽ കുന്നിൻമുകളിലേക്ക് ഒാടിച്ചുകയറാം. ടൂ വീൽ ഡ്രൈവാണെങ്കിൽ പാർക്കിങ് ഏരിയവരെ  പോകും. ഫോർ വീൽ ഡ്രൈവാണെങ്കിൽ മലമുകളിലേക്കു കയറാം. പാരിസൺ എസ്റ്റേറ്റിനുള്ളിലൂടെ മുനീശ്വരൻകുന്നിലേക്ക് അടിപൊളി ട്രെയിൽസുണ്ട്.

parison-09
parison-06
parison-04

കേരള സ്റ്റൈൽ വിത് നോൺവെജാണ് ഫുഡ് മെനു. എങ്കിലും ഗസ്റ്റിന്റെ ഇഷ്ടമനുസരിച്ച് ചെയ്തു കൊടുക്കുമെന്നു മാനേജർ ബിനോയ് പറയുന്നു. 

parison-08
parison-11
parison-05

ഫാക്ടറി വിസിറ്റ്

തേയിലച്ചെടിയിൽനിന്നു നുള്ളിയെടുത്ത് അത് ഫാക്ടറിയിൽ പ്രോസസ് ചെയ്ത് തേയിലപ്പൊടിയാക്കുന്ന ഘട്ടങ്ങൾ കാണാനുള്ള അവസരവും ഇവിടെയുണ്ട്. രണ്ടു ഫാക്ടറിയാണ് തലപ്പുഴയിൽ പാരിസണിനുള്ളത്.  പൊടിച്ചായ ഉണ്ടാക്കുന്നതും. ഇലച്ചായ ഉണ്ടാക്കുന്നതും. 

parison-03

ബംഗ്ലാവിൽനിന്നു ഫാക്ടറിയിലേക്കുള്ള തേയിലത്തോട്ടത്തിനുള്ളിലൂടെയുള്ള യാത്ര അതിമനോഹരമാണ്. സ്കോട്‍ലൻഡിൽനിന്നും ഇംപോർട്ട് ചെയ്‍തിട്ടുള്ള ഉപകരണങ്ങളാണ് ഫാക്ടറിയിൽ ഇപ്പോഴുമുള്ളത്. മെഷിനറി മാത്രമല്ല, ഫാക്ടറി സ്ട്രക്ചർവരെ അവിടെ നിർമിച്ച് ഇവിടേക്ക് എത്തിച്ചതാണ്. തലശേരിവരെ കപ്പലിൽ കൊണ്ടുവന്നിട്ട് അവിടെനിന്നും റോഡ് മാർഗമാണ് ഇവിടേക്കെത്തിച്ചത്. 

കോഴിക്കോട് ആസ്ഥാനമായ പാരിസൺ ഗ്രൂപ്പ് ഈ എസ്റ്റേറ്റ് എടുത്തിട്ട് 20 വർഷത്തോളമായി. 4000 ഏക്കർ തോട്ടമാണ് പാരിസണിന് തലപ്പുഴയിലുള്ളത്. ഇതിൽ തേയില, റബ്ബർ, കാപ്പി, പാമോയിൽ പാം, പെപ്പർ, ട്രോപ്പിക്കൽ ഫ്രൂട്ട്, എല്ലാമുണ്ട്. അബാദ് ഗ്രൂപ്പാണ് ബംഗ്ലാവിന്റെ മാർക്കറ്റിങ്ങും സെയിൽസും നോക്കി നടത്തുന്നത്. അബാദിന്റെ വെബ്സൈറ്റ് വഴിയും നേരിട്ടും മുറികൾ ബുക്ക് ചെയ്യാം. ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ചെക് ഇൻ. രാവിലെ 11 മണിക്ക് ചെക് ഒ‍ൗട്ട്. പാക്കേജിൽ ഡിന്നറും ബ്രേക് ഫാസ്റ്റുമാണ് വരുന്നത്. 3 ട്വിൻ ബെഡ് റൂമും 3 ലാർജ് ബെഡ് റൂമുകളാണ് ഇവിടുള്ളത്. ഇതുകൂടാതെ അടുത്തുള്ള ചിറക്കര ബംഗ്ലാവിൽ നാല് റൂമുണ്ട്. ഈ ബംഗ്ലാവിൽനിന്നു 2 കിലോമീറ്റർ ദൂരം മാത്രം. അവിടെ പൂൾ സൗകര്യമില്ല.  പക്ഷേ, അവിടെ ബുക്ക് ചെയ്യുന്നവർക്ക് തലപ്പുഴ ബംഗ്ലാവിലെ പൂൾ ഉപയോഗിക്കാം. രണ്ടു ബംഗ്ലാവിലെ റൂമുകൾ തമ്മിൽ 1000 രൂപയുടെ വ്യത്യാസമാണുള്ളത്. ഓരോ റൂം വേണമെങ്കിലോ ബംഗ്ലാവ് മുഴുവനായോ ബുക്ക് ചെയ്യാം. മാക്സിമം 18 പേർക്കു താമസിക്കാം. 

തലപ്പുഴ ബംഗ്ലാവ് റൂമിന് 14,000 രൂപ. ചിറക്കരയിലെ റൂമിന് 13,000. ജിഎസ്ടി കൂടാതെയുള്ള നിരക്കാണിത്. എക്സ്ട്രാ ബെഡിനു 2500 രൂപ അധികമാകും. 

അടുത്തുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷൻസ്

മുനീശ്വരൻകുന്ന് (3 കിമീ) ബാവലി (25 കിമീ) പനമരം (21.3 കിമീ), കുറുവ (23.8 കിമീ) 

തിരുനെല്ലി (32.7 കിമീ  ), ബാണാസുരസാഗർ  (30 കിമീ), പക്ഷിപാതാളം ട്രെക്കിങ് (തിരുനെല്ലിയിൽനിന്നാണ് ട്രെക്കിങ് തുടങ്ങുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യണം)

റൂട്ട്

കോഴിക്കോടുനിന്ന് തലപ്പുഴയിലേക്ക് നാലു ചുരം വഴികളാണുള്ളത്. നാലു ചുരങ്ങളും വ്യത്യസ്ത കാഴ്ചയും ഡ്രൈവിങ് അനുഭവവുമാണ് നൽകുന്നത്.

കോഴിക്കോട്– താമരശ്ശേരി–പടിഞ്ഞാറേത്തറ–മാനന്തവാടി–തലപ്പുഴ (താമരശേരി ചുരം)

കോഴിക്കോട്–പേരാമ്പ്ര–കുറ്റ്യാടി–കുഞ്ഞോം–വാളാട്–തലപ്പുഴ (പക്രംദളം ചുരം)

കോഴിക്കോട്–മാഹി–പാനൂർ–കൂത്തുപറമ്പ്–നെടുംപൊയിൽ–പേരിയ–തലപ്പുഴ (നെടുപൊയിൽ ചുരം)

കോഴിക്കാട്–മാഹി–പാനൂർ–കൂത്തുപറമ്പ്–നെടുപൊയിൽ–കൊട്ടിയൂർ–പാൽച്ചുരം– ബോയ്സ് ടൗൺ–തലപ്പുഴ (പാൽച്ചുരം)

താമരശേരി ചുരവും നെടുംപൊയിൽ ചുരവുമാണ് ഡ്രൈവ് ചെയ്യാൻ എളുപ്പം. ഈ രണ്ടു റോ‍ഡും ബ്രിട്ടിഷുകാർ നിർമിച്ചതാണ്. റബറൈസ്ഡ് ടാറിങ്ങാണ്. വീതിയുമുണ്ട്.

 മറ്റു രണ്ടു ചുരത്തിനും കയറ്റവും വളവും കൂടുതലുമാണ്. പക്ഷേ, ദൂരം കുറവാണ്. 

നാലു ചുരത്തിലും ഏറ്റവും നല്ല കാഴ്ചയുള്ളത് താമരശ്ശേരിയും പാൽച്ചുരവുമാണ്. 

English Summary:

Experience the Magic of Wayanad Rains: Luxurious Stay at Parison Estate Bungalow.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com