ADVERTISEMENT

കണ്ണുപോലും കാണാൻ കഴിയാതെ കോടമഞ്ഞിൽ ആകാശം തൊട്ടു നിൽക്കണോ? മഞ്ഞുമാറി മാനം തെളിയുമ്പോൾ മരതക പച്ചയിൽ തീർത്ത മരതകമല കാണണോ? തളിർത്തു നിൽക്കുന്ന തെരുവപ്പുല്ലുകൾക്കിടയിലൂടെ മേഘങ്ങളെ കൈ എത്തി പിടിക്കണോ? എങ്കിൽ  ഈ മൺസൂൺ യാത്ര നേരെ കാറ്റാടിക്കടവിലേക്ക് വിട്ടോ...

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള വണ്ണപ്പുറം പഞ്ചായത്തിലെ ഒരു വ്യൂ പോയിന്റാണ് കാറ്റാടിക്കടവ്. സമുദ്ര നിരപ്പിൽ നിന്നും 2600 അടിയോളം ഉയരത്തിലാണ് ഈ മല നിരകൾ സ്ഥിതി ചെയ്യുന്നത്. തൊടുപുഴയിൽനിന്നും കട്ടപ്പന റൂട്ടിൽ 20 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ വണ്ണപ്പുറം പഞ്ചായത്തിലെ കിള്ളിപ്പാറ ജംങ്ഷനിൽ എത്തും അവിടെ നിന്നും  2 കിലോമീറ്റർ നടന്നാൽ കാറ്റാടിക്കടവിലെത്താം. ‌അധികം ആളുകൾ എത്താത്ത ഇടുക്കിയിലെ മലകളിൽ ഒന്നാണ് കാറ്റാടിക്കടവ്. ഇടുക്കിയിലെ മറ്റു വ്യൂ പോയിന്റുകളായ മീശപ്പുലിമലയും കോട്ടപ്പാറയുമൊക്കെ പോലെ മേഘങ്ങൾക്കു മുകളില്‍ നിന്ന് കാഴ്ച കാണാൻ പറ്റിയൊരിടമാണിതും.

കാറ്റാടിക്കടവ്
കാറ്റാടിക്കടവ്

ട്രെക്കിങ് ഇഷ്ടപ്പെടുന്നവരാണെങ്കിൽ നിങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട ഒരിടം കൂടിയാണ് കാറ്റാടിക്കടവ്. രണ്ടു കിലോ മീറ്റർ ദൂരം കുത്തനെയുള്ള കയറ്റങ്ങളും ഉരുളൻ കല്ലുകൾ നിറഞ്ഞ വഴിയും, പാറക്കെട്ടുകളുമെല്ലാം കടന്നു വേണം കാറ്റാടിക്കടവിലേക്കെത്താൻ. ഇവിടെ രണ്ട് മലകളാണുള്ളത് കാറ്റാടിക്കടവും മരതക മലയും ആദ്യം നമ്മളെത്തുന്നത് കാറ്റാടിക്കടവിലേക്കാണ്. ചെരിച്ച പാറക്കല്ലിൽ വെട്ടിയെടുത്ത പോലെയുളള ഒരു വ്യൂ പോയിന്റ്  ഇവിട നിന്നും നോക്കിയാൽ തൊടുപുഴയിലെ മറ്റു പല വിനോദ സഞ്ചാര കേന്ദ്രങ്ങളും കാണാൻ കഴിയും. ഭൂതത്താൻ കെട്ട് ഡാമും തൊമ്മൻകുത്ത് വെള്ളച്ചാട്ടവുംമെല്ലാം  കാണാം. ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത കാറ്റാണ് മലമുകളിൽ നിൽക്കുമ്പോൾ തെരുവ പുല്ലുകളെ തഴുകി വരുന്ന ആ തണുത്ത കാറ്റ് മാത്രം മതി നടന്നു കയറിയ ദൂരവും കയറ്റങ്ങളും ഒന്നുമല്ലാതെയാകാൻ.

kattadikadav-03

കാറ്റാടിക്കടവിൽ നിന്നും 800 മീറ്ററോളം ദൂരം നടക്കാനുണ്ട് മരതക മലയിലേക്ക്. മഴക്കാലങ്ങളിൽ തെരുവ പുല്ലുകൾ തളിർത്തു തിങ്ങി നിറഞ്ഞു നിൽക്കുമ്പോൾ ഒരു പച്ച മരതക കല്ലുപോലെ മരതക മലയെ കാണാം അങ്ങനെയാണ് ഈ പേരു വരാൻ കാരണമെന്നു പ്രദേശ വാസികൾ പറയുന്നത്. കാറ്റാടിക്കടവ് ഇറങ്ങി മരതക മല കയറുന്നതും ഒരു സാഹസിക യാത്രയാണ്. കാടു പോലെ തോന്നിപ്പിക്കുന്ന, ഇരു വശങ്ങളിലും മരങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു മല‍‍‍ഞ്ചെരുവ് അതിനിടയിലൂടെയുള്ള ചെറിയ വഴികളിലൂടെ വേണം മരതക മലയിലേക്കെത്താൻ. ഉയരം കൂടിയ തെരുവപ്പുല്ലുകളും വലിയ പാറകൾക്കു ഇടയിലൂടെയുള്ള ആ യാത്ര നിങ്ങൾക്ക് ഒരു മികച്ച അനുഭവമായിരിക്കും നൽകുന്നത്. മരതക മലയിലയുടെ മുകളിൽ കയറി നിൽക്കുമ്പോഴാണ് കാറ്റാടിക്കടവിന്റെ യഥാർഥ ഭംഗി നമുക്ക് കാണാൻ കഴിയുന്നത്. 

ഇവിടത്തെ മറ്റൊരു പ്രത്യേകത കോടയാണ് വളരെ പെട്ടന്നു ഈ മലകൾക്കിടയിൽ കോട വന്നു നിറയും അതേ വേഗത്തിൽ കാറ്റു വന്നു കോടയെ കൊണ്ടു പോകും. മഴക്കാല സമയങ്ങളിലാണ് കാറ്റാടിക്കടവ് ട്രെക്കിങ്ങിനു പറ്റിയ സമയം. മഴ പെയ്തു മറുന്ന സമയങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതൽ കോട കാണപ്പെടുന്നത് തൊട്ടടുത്തു നിൽക്കുന്ന ആളെപ്പോലും കാണാൻ കഴിയാത്ത വിധത്തിൽ ഈ മല മുകളിൽ കോട നിറയാറുണ്ട്. മഴക്കാലമാണ് ഇവിടെത്തെ കാഴ്ചകൾക്കു പറ്റിയ സമയമെങ്കിലും ഇടി മിന്നലുള്ള സമയങ്ങളിൽ ഈ മല മുകളിലേക്ക് കയറാതിരിക്കുന്നതാവും നല്ലത്. ഉയരക്കൂടുതലുള്ള പ്രദേശമായതിനാൽ മിന്നലേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പ്രദേശ വാസികൾ പറയുന്നു.

ബൈക്ക് യാത്രികരാണ് കൂടുതലും കാറ്റാടിക്കടവിലെത്തുന്ന ആളുകൾ, തൊടുപുഴയിൽ നിന്നും കിള്ളിപ്പാറവഴി ബസ് സർവീസുണ്ട്. ഇടുക്കിയൽ നിന്നും വരുന്നവർക്ക് കട്ടപ്പന–തൊടുപുഴ വഴിയിലൂടെ ഇവിടേക്കെത്താം, കോട്ടയത്തു നിന്നും കൂത്താട്ടുകുളം വഴിയും  എറണാകുളത്തു നിന്നും മുവാറ്റുപുഴ തൊടുപുഴ വഴിയും കാറ്റാടിക്കടവിലേക്കെത്താം.  രണ്ട് കിലോ മീറ്റർ ദൂരത്തിനിടയ്ക്ക് ഒരു കട മാത്രമാണുള്ളത്. കുടിക്കാനുള്ള വെള്ളം കയ്യിൽ കരുതുന്നതാണ് നല്ലത്.

English Summary:

Kattadikkadavu, a breathtaking trekking spot located in Vannappuram Panchayath, native to Killippara.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com