ADVERTISEMENT

കേരളത്തിലെ ബീച്ചുകളിലെ അതിസുന്ദരിയാണ് വർക്കല. മിനി ഗോവ എന്നറിയപ്പെടുന്ന ഈ ബീച്ചിനു പ്രകൃതി സമ്മാനിച്ച സൗന്ദര്യം തന്നെയാണ് പ്രധാനാകർഷണം. വർക്കലയുടെ ഭംഗിയാസ്വദിച്ചു, ആ ശോഭയിൽ മതിമറന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം സാനിയ ഇയ്യപ്പൻ. കടലിന്റെ കാഴ്ചകളും പച്ചപ്പിന്റെ മനോഹാരിതയുമെല്ലാം താരം പങ്കുവച്ച ചിത്രങ്ങളിലുണ്ട്. '' എല്ലാ ദിവസവും എല്ലാ സൂര്യോദയത്തിലും എല്ലാ പ്രഭാതങ്ങളിലും നീ മതി " എന്നെഴുതിയാണ് താരം തന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കിട്ടിരിക്കുന്നത്. മനോഹരം എന്ന കമെന്റിലൂടെയാണ് പ്രാർത്ഥന ഇന്ദ്രജിത് അടക്കമുള്ളവർ സാനിയയുടെ യാത്രാചിത്രങ്ങളെ സ്വീകരിച്ചിരിക്കുന്നത്.

Image Credit: saniya_iyappan/instagram
Image Credit: saniya_iyappan/instagram

സ്വദേശികൾക്കിടയിൽ മാത്രമല്ല, വിദേശികൾക്കിടയിലും വർക്കലയ്ക്കു ഇത്രയേറെ സ്വീകാര്യത സമ്മാനിച്ചതിനു പുറകിലെ പ്രധാന കാരണങ്ങൾ അതിസുന്ദരമായ തീരവും മനോഹരിയായ പ്രകൃതിയുമാണ്. കടലും കടലിനു സമീപത്തു തന്നെയുള്ള ക്ലിഫും അതിഥികളെ ആകർഷിക്കുന്ന കാഴ്ചയാണ്. കേരളത്തിലെ മറ്റു കടൽത്തീരങ്ങളെ പോലെയല്ലാതെ, അവസാദ ശിലകളും ലാറ്ററൈറ്റ് നിക്ഷേപങ്ങളും നിറഞ്ഞതാണ് ഇവിടുത്തെ ക്ലിഫ്. ഇതുപോലുള്ള ഭൂപ്രകൃതി കേരളത്തിൽ മറ്റെവിടെയും കാണുവാൻ കഴിയുകയില്ല എന്ന സവിശേഷതയുമുണ്ട്. 

വർക്കലയ്ക്കു ആ പേര് ലഭിച്ചതിനു പുറകിൽ ഒരു പുരാണകഥയുണ്ട്. ബ്രഹ്മാവിന്റെ ശാപം ലഭിച്ച ദേവഗണങ്ങൾക്കു മോക്ഷം ലഭിക്കുന്നതിനായി ഒരു പൂജ നടത്തണം. അതിനു ഉചിതമായ ഒരു സ്ഥലം കണ്ടെത്താൻ തന്റെ വൽക്കലം ഊരിയെറിഞ്ഞു നാരദ മഹർഷി. മോക്ഷ പൂജയ്ക്കായി വൽക്കലം പതിച്ച സ്ഥലം പിന്നീട് വർക്കല എന്നറിയപ്പെട്ടുവെന്നാണ് കഥ. വർക്കലയിലെ കടൽത്തീരത്തിനു പാപനാശം എന്നൊരു പേരുകൂടിയുണ്ട്. പാപങ്ങൾ നശിപ്പിക്കുന്ന തീരമെന്നു ഇതിനെ വിളിക്കുന്നതിനു പുറകിലൊരു വിശ്വാസമുണ്ട്. ഹൈന്ദവ ആചാര പ്രകാരം മരണത്തിനു ശേഷമുള്ള പതിനാറാമത്തെ ദിവസമാണ് ബലിതർപ്പണം. ബലിതർപ്പണത്തിനു ശേഷം പാപനാശത്തിൽ മുങ്ങി കുളിച്ചാൽ സകല പാപങ്ങളും തീരുമെന്നാണ് വിശ്വാസം. പാപനാശം ദക്ഷിണ കാശി എന്നുകൂടി അറിയപ്പെടുന്നു. കടൽത്തീരത്തെ അഭിമുഖീകരിച്ച് ഏകദേശം രണ്ടായിരം വർഷത്തിനു മുകളിൽ പഴക്കമുള്ള ഒരു ജനാർദ്ദന സ്വാമി ക്ഷേത്രം പാറക്കെട്ടുകൾക്കു മുകളിലായി സ്ഥിതി ചെയ്യുന്നുണ്ട്. ബലിതർപ്പണം നടത്തി, മുങ്ങി കുളിച്ചതിനു ശേഷം ഈ ക്ഷേത്രത്തിൽ തൊഴുതു പ്രാർത്ഥിച്ചാണ് ഇവിടെയെത്തുന്ന ഭൂരിപക്ഷവും മടങ്ങുക.

Image Credit: saniya_iyappan/instagram
Image Credit: saniya_iyappan/instagram

സാമൂഹ്യ പരിഷ്ക്കർത്താവായ ശ്രീ നാരായണ ഗുരുവിന്റെ ശിവഗിരി മഠം, ആശ്രമം എന്നിവ വർക്കലയിലെ മറ്റു പ്രധാനാകർഷണങ്ങളാണ്. പതിനായിരക്കണക്കിന് തീർത്ഥാടകർ എത്തുന്ന സ്ഥലമെന്ന പ്രത്യേകതയും വർക്കലയ്ക്കു സമ്മാനിച്ചതിൽ ഈ ആശ്രമത്തിനുള്ള പങ്കു ചെറുതല്ല. 

അസ്തമയ കാഴ്ചകൾ മാത്രമല്ലാതെ ധാരാളം ജലവിനോദങ്ങളും വർക്കലയിൽ ആസ്വദിക്കാവുന്നതാണ്. ജെറ്റ് സ്കീയിങ്, പാരാസെയ്‌ലിങ്, ബനാന ബോട്ട് റൈഡിങ് എന്നിവയെല്ലാം സാഹസികപ്രിയർക്കായി ഈ കടൽത്തീരം കാത്തുവെച്ചിട്ടുണ്ട്. വർക്കലയ്ക്കു സമീപത്തായി തന്നെ സ്ഥിതി ചെയ്യുന്ന മറ്റൊരു ബീച്ചാണ് എടവ. വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും അഞ്ചു കിലോമീറ്റർ മാത്രം യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാവുന്നതാണ്. കടലും കായലും ഒരുമിച്ചു ചേരാതെ മൺതിട്ടകൾക്കിരുപുറവുമായി നിൽക്കുന്ന കാഴ്ച ഇവിടെയെത്തിയാൽ കാണാം. വർക്കലയിലെത്തിയാൽ മറക്കാതെ സന്ദർശിക്കേണ്ടയിടങ്ങളാണ് അഞ്ചുതെങ്ങു കോട്ടയും ലൈറ്റ് ഹൗസും. വർക്കല ടൗണിൽ നിന്നും 12 കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം. ഈസ്റ്റ് ഇന്ത്യ കമ്പനിക്കായി ആറ്റിങ്ങൽ റാണി നൽകിയ പ്രദേശമായിരുന്നു അഞ്ചുതെങ്ങ്. പിന്നീട് കോട്ടപ്പണിയാനുള്ള അനുമതിയും സ്വന്തമാക്കിയ കമ്പനി, പതിനേഴാം നൂറ്റാണ്ടിലാണ് ഇതിന്റെ നിർമിതി പൂർത്തീകരിച്ചത്. അഞ്ചുതെങ്ങിൽ കോട്ട മാത്രമല്ല, ഒരു ലൈറ്റ് ഹൗസുമുണ്ട്. കടലും കായലും ഒരുമിച്ചു ചേരുന്ന കാഴ്ച കാണണമെങ്കിൽ ഈ ലൈറ്റ് ഹൗസിനു മുകളിൽ കയറിയാൽ മതി. മുതാലപ്പൊഴിയും കായിക്കരയിലെ കുമാരനാശാൻ സ്മാരകവും തുടങ്ങി സഞ്ചാരികൾക്കു നിരവധി കാഴ്ചകളാണ് വർക്കലയും സമീപപ്രദേശങ്ങളും കാത്തുവെച്ചിരിക്കുന്നത്.

English Summary:

Exploring Varkala: Sania Iyyappan's Enchanting Escape to Kerala's Gorgeous Beach Destination.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com