ADVERTISEMENT

കുറുമ്പാലക്കോട്ട മലയിൽ കയറിയാൽ അങ്ങ് ദൂരെ ബാണാസുര മലയിലും ചെമ്പ്ര മലയിലും മഴ പെയ്തിറങ്ങുന്നത് കാണാം. പടിഞ്ഞാറൻ കാറ്റിൽ കുന്നും താഴ്‌വാരങ്ങളും കടന്ന് കാർമേഘങ്ങൾ പറന്നുപോകുന്നതും കാണാം. കണ്ണെത്താ ദൂരത്തെ കാണാക്കാഴ്ചകളിലേക്കാണ് കുറുമ്പാലക്കോട് മല വിളിക്കുന്നത്. മഴക്കാലത്ത് മഴ പെയ്തിറങ്ങുന്നത് കാണാമെങ്കിൽ മഞ്ഞുകാലത്ത് സൂര്യോദയം കാണാനാണ് ആളുകൾ എത്തുന്നത്. ചിലപ്പോൾ മലയുടെ താഴ്‌വാരത്ത് പാലുപോലെ വെൺമേഘങ്ങൾ പരന്നൊഴുകുന്നതു കാണാം. എന്നാൽ ഈ കാഴ്ച അപൂർവമാണ്. വയനാട് ജില്ലയുെട ഏറെക്കുറെ മധ്യഭാഗത്തായാണ് കുറുമ്പാലക്കോട്ട. അതുകൊണ്ട് ഈ മലയുടെ മുകളിൽ കയറിയാൽ വയനാട്ടിലെ നിരവധി സ്ഥലങ്ങൾ കാണാം. 

കുറുമ്പപാലകൻ എന്ന രാജാവിന്റെ കോട്ടയായതിനാലാണ് കുറുമ്പാല കോട്ട എന്ന പേരു വന്നതെെന്നാണ് ഐതിഹ്യം. എന്നാൽ കുറിയ പാലയുള്ള മലയായതിനാലാണ് കുറുമ്പാല കോട്ട എന്ന് പേരുവന്നതെന്നും പറയപ്പെടുന്നു. ഒന്നരക്കിലോമീറ്ററോളം കുത്തനെയുള്ള കയറ്റം കയറിയാണ് മലമുകളിൽ എത്തേണ്ടത്. വയനാട്ടിലെ മറ്റു മലകളെ അപേക്ഷിച്ച് ഉയരം കുറഞ്ഞ മലയാണ്. അതുകൊണ്ട് നിരവധിപ്പേർ ഇവിടേക്ക് എത്തുന്നുണ്ട്്. 

റവന്യൂ വകുപ്പിന്റെ കീഴിലായതിനാൽ ടിക്കറ്റോ പ്രവേശന നിയന്ത്രണങ്ങളോ ഇല്ല. കാടുപിടിച്ച സ്ഥലമാണെങ്കിലും വലിയ വന്യജീവികളൊന്നുമില്ല. കാട്ടുമുയൽ പോലുള്ള ചെറിയ ജീവികളെ ഉള്ളു. അതുകൊണ്ട് വന്യമൃഗങ്ങളെ പേടിക്കാതെ പോകാൻ സാധിക്കുന്ന ഇടമാണ്. വേനൽക്കാലത്ത് പോകുമ്പോൾ രാവിലെയോ വൈകുന്നേരമോ പോകുന്നതാണ് നല്ലത്. വലിയ മരങ്ങളൊന്നുമില്ലാത്തതിനാൽ ഉച്ചയ്ക്ക് മലമുകളിൽ പൊരിവെയിലായിരിക്കും. 

കൽപറ്റയിൽ നിന്നും കമ്പളക്കാട് വഴി കുറുമ്പാലക്കോട്ടയിലേക്ക് പോകുന്നതാണ് എളുപ്പം. പനമരം, പടിഞ്ഞാറത്ത എന്നിവിടങ്ങളിലൂടെയും പോകാം. വളരെ എളുപ്പത്തിൽ ട്രെക്കിങ് നടത്താവുന്ന സ്ഥലമാണ് കുറുമ്പാലക്കോട്ട. 

English Summary:

Experience the Magic of Kurumbalakotta: A Trekker's Paradise in Wayanad, Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com