ADVERTISEMENT

പ്രകൃതിയിൽ ഏറ്റവും ഭംഗിയുള്ളതെന്തിനാണെന്നു ചോദിച്ചാൽ മനസ്സിലേക്കു കടന്നു വരുന്നതിൽ ഒരു വെള്ളച്ചാട്ടം ഉറപ്പായും ഉണ്ടാകുമല്ലേ. പ്രത്യേകിച്ചു മഴക്കാലങ്ങളിൽ തൂവെള്ള നിറത്തിൽ നിറഞ്ഞൊഴുകുന്ന ജലധാരകൾ കാണുമ്പോൾ ആർക്കായാലും ഒന്നിറങ്ങി കുളിക്കാനൊക്കെ തോന്നും. പക്ഷേ അപകടങ്ങളും ഒഴുക്കും പേടിച്ചു വെള്ളച്ചാട്ടത്തിൽ ഇറങ്ങാൻ പറ്റാതെ തിരികെ പോരേണ്ടി വന്നിട്ടില്ലെ? എന്നാൽ ഒരു ദിവസം മുഴുവനും വെള്ളത്തിൽ കളിക്കാൻ പറ്റിയൊരിടം പരിചയപ്പെട്ടാലോ?

തൊടുപുഴയിലെ പ്രശസ്തമായ തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിനു ഒരു കിലോമീറ്റർ അകലെയുള്ള വെള്ളച്ചാട്ടമാണ് ആനചാടിക്കുത്ത്. തൊടുപുഴയിലെ വണ്ണപ്പുറം കരിമണ്ണൂർ പഞ്ചായത്തുകളുടെ അഥിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം സഞ്ചാരികൾക്കു പരിചിതമായിട്ടു അധികം നാളുകളായിട്ടില്ല. ടൂറിസം മേഖലയായി പ്രത്യേകം പരിഗണനയൊന്നും ലഭിക്കാത്ത സ്ഥലമായതിനാൽ ഇവിടത്തെ  സൗകര്യങ്ങൾ പരിമിതമാണ്. വെള്ളച്ചാട്ടത്തിലേക്കു പ്രവേശിക്കാൻ പ്രത്യേകം പാസ് ഒന്നും എടുക്കേണ്ടതില്ല. പ്രദേശ വാസികൾ നടത്തുന്ന കടകളുടെ അടുത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. പാർക്കിങ്ങിൽ നിന്നും മുന്നൂറ് മീറ്ററോളം നടന്നു വേണം ഈ പ്രകൃതി ഭംഗിയിലേക്കെത്താൻ. മരങ്ങളുടെ മറവിൽ മറഞ്ഞു നിൽക്കുന്ന ആ മനോഹര പ്രകൃതി സൗന്ദരത്തിലേക്കു നടന്നടുക്കുമ്പോൾ നമ്മൾ അറിയാതെ തന്നെ പ്രകൃതിയോട് അത്രമേൽ അടുത്തുപോകും.

anachadikuthu-03

മലമുകളില്‍ നിന്നും  തെന്നി തെറിച്ചു വരുന്ന വെള്ളച്ചാട്ടം കാണാൻ മാത്രമല്ല അവിടെ ഇറങ്ങി കുളിക്കാനും കളിക്കാനുമൊക്കെ പറ്റും. വീഥിയിൽ പരന്നൊഴുകുന്ന ആ വെള്ളച്ചാട്ടം വന്നു പതിക്കുന്നത് വളരെ ആഴം കുറഞ്ഞ സ്ഥലത്തേക്കാണ്. മഴക്കാലത്തു പോലും ഈ വെള്ളത്തിൽ നമുക്ക് ധൈര്യമായി ഇറങ്ങി കുളിക്കാം. ചരലും ഉരുളൻ കല്ലുകളും നിറഞ്ഞ ഈ വെള്ളക്കെട്ട് എപ്പോഴും ഒരു സ്ഫടിക പാത്രം പോലെ തിളങ്ങും. തണുത്തൊഴുകുന്ന ഈ വെള്ളത്തിൽ‌ നിങ്ങൾ കുളിക്കാനിറങ്ങി കഴിഞ്ഞാൽ സമയം പോകുന്നതു അറിയില്ലന്നു മാത്രമല്ല. തിരികെ കയറാനും തോന്നില്ല എന്നുള്ള കാര്യം ഉറപ്പാണ്

anachadikuthu-02

വെള്ളത്തിലിറങ്ങുമ്പോൾ നമ്മുടെ ഫോണും വിലപിടിപ്പുള്ള വസ്തുക്കളുമെല്ലാം വെള്ളച്ചാട്ടത്തിനു തൊട്ടടുത്തുള്ള കടയിൽ സൂക്ഷിക്കാം. അവിടെ അതിനായി ലോക്കർ സംവിധാനങ്ങളുമുണ്ട്. ആ കടയിൽ തന്നെ ഡ്രസ്സ് ചേഞ്ചിങ് റൂമും ടോയ്‌ലെറ്റ് സംവിധാനവുമെല്ലാം ഒരുക്കിയിട്ടുണ്ട്.

എറണാകുളത്തു നിന്നും വരുന്നവരാണെങ്കിൽ മുവാറ്റുപുഴ വഴി തൊടുപുഴയിലെത്തി അവിടെ നിന്നും വണ്ണപ്പുറം തൊമ്മൻകുത്ത് റൂട്ടിലൂടെ ആനചാടിക്കുത്തിലേക്കെത്താം. കോട്ടയത്തു നിന്നും കൂത്താട്ടുകുളം വഴി തൊടുപുഴയിലൂടെ  വണ്ണപ്പുറം ആനചാടിക്കുത്തിലേക്കെത്താം. ബസ് റൂട്ട് ആയതിനാൽ നിങ്ങൾക്കു വളരെ ചെലവു കുറഞ്ഞ രീതിയിൽ ആന ചാടിക്കുത്തു കണ്ടു മടങ്ങാൻ സാധിക്കും. ഒരു ദിവസത്തെ യാത്ര പ്ലാൻ ചെയ്യുന്നവരാണെങ്കിൽ ഈ വെള്ളച്ചാട്ടത്തിനടുത്തായി തൊമ്മൻ കുത്ത് വെള്ളച്ചാട്ടവും കാറ്റാടിക്കടവ് വ്യൂ പോയിന്റുമെല്ലാം കണ്ടു മടങ്ങാം.

English Summary:

Discover the breathtaking beauty of Aanachadikkuthu Waterfall, located near Thodupuzha in the serene Idukki district.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com