ADVERTISEMENT

കേന്ദ്രമന്ത്രി സുരേഷ്ഗോപി ദശാവതാരക്ഷേത്രങ്ങളിൽ സന്ദർശനം നടത്താനെത്തിയപ്പോൾ ചർച്ചകളിലേക്ക് വരുന്നത് മലബാർ മേഖലയിൽ വിസ്മൃതിയിലാണ്ടുകിടക്കുന്ന ക്ഷേത്ര ശൃംഖലയാണ്. ദശാവതാരക്ഷേത്രങ്ങളിലെ ആദ്യക്ഷേത്രമായ കാക്കൂർ പെരുമീൻപുറം മത്സ്യാവതാരക്ഷേത്രത്തിൽ കേന്ദ്രമന്ത്രി എത്തിയത്.

suresh-gopi-temple-malabar-04
കാക്കൂർ പെരുമീൻപുറം മത്സ്യാവതാരക്ഷേത്രത്തിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ സന്ദർശനം

ദേശീയശ്രദ്ധയിലേക്ക് ദശാവതാര ക്ഷേത്രയാത്ര

വിഷ്ണുവിന്റെ പത്ത് അവതാരങ്ങളുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളുടെ ശൃംഖല നാട്ടുകാർക്കു മാത്രം അറിയാവുന്ന ഒന്നായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ ക്ഷേത്രങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുകയും തീർഥാടന സർക്യൂട്ട് നടത്താനുള്ള പരിശ്രമങ്ങൾ നടന്നുവരികയുമാണ്. ഇതിനിടെയാണ് ഇന്നലെ സുരേഷ്ഗോപിയുടെ അപ്രതീക്ഷിത സന്ദർശനം. ഇതോടെ ദേശീയതലത്തിൽത്തന്നെ ദശാവതാരക്ഷേത്ര തീർഥാടന സർക്യൂട്ട് ചർച്ചയാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ദശാവതാര ക്ഷേത്രങ്ങളുണ്ട്. എന്നാൽ ഇത്രയുമടുത്തായി ക്ഷേത്രങ്ങളുള്ള ശൃംഖല കോഴിക്കോട്ടു മാത്രമേയുള്ളൂ. പത്ത് അവതാരങ്ങളിൽ അവസാന അവതാരമായ കൽക്കി ഒഴികെയുള്ള ബാക്കി ഒൻപത് അവതാര പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളാണ് നിലവിലുള്ളത്. മണ്ണുമൂടിപ്പോയെന്നു കരുതുന്ന കൽക്കി ക്ഷേത്രം പുരാവസ്തു വകുപ്പിന്റെ സഹായത്തോടെ കണ്ടെത്താനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ട്.

suresh-gopi-temple-malabar-02
കാക്കൂർ പെരുമീൻപുറം മത്സ്യാവതാരക്ഷേത്രത്തിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ സന്ദർശനം

പ്രകൃതിയെ അറിഞ്ഞ് ഭക്തിവഴിയിലൂടെ

പച്ചപ്പുനിറഞ്ഞ ഗ്രാമീണഭംഗി തുളുമ്പുന്ന നാട്ടുവഴികളിലൂടെയാണ് ഈ ക്ഷേത്രങ്ങൾ തമ്മിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നതിനാൽ ഈ യാത്ര മനോഹരമായൊരു അനുഭവമാണ്. 

suresh-gopi-temple-malabar-03
കാക്കൂർ പെരുമീൻപുറം മത്സ്യാവതാരക്ഷേത്രത്തിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ സന്ദർശനം

പുൽമേടുകളും പാറക്കൂട്ടങ്ങളും നിറഞ്ഞ മനോഹരമായ പൊൻകുന്ന് മലയുടെ താഴ്‌വര പ്രദേശത്ത് വലിയൊരു ശംഖിന്റെ ചിത്രം വരച്ചാൽ അതിനുള്ളിൽ ഉൾക്കൊള്ളുന്ന തരത്തിലാണ് ക്ഷേത്രങ്ങളുടെ വിന്യാസമെന്നാണ് വിശ്വാസം. കാക്കൂർ, നന്മണ്ട, ചേളന്നൂർ പഞ്ചായത്തുകളിലായാണ് ഈ ക്ഷേത്രങ്ങളുള്ളത്. രാമായണമാസം തുടങ്ങാൻ ആഴ്ചകൾ മാത്രം ശേഷിക്കേ കേന്ദ്രമന്ത്രിയുടെ സന്ദർശനം പ്രദേശത്തിന്റെ ആധ്യാത്മിക ടൂറിസം സാധ്യതകളെക്കൂടിയാണ് തൊട്ടുണർത്തുന്നത്.

suresh-gopi-temple-malabar-05
കാക്കൂർ പെരുമീൻപുറം മത്സ്യാവതാരക്ഷേത്രത്തിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ സന്ദർശനം

ദശാവതാര ക്ഷേത്രങ്ങളിലേക്ക് സന്ദർശനം നടത്താം:

കോഴിക്കോട്–ബാലുശ്ശേരി സംസ്ഥാനപാതയിൽ കാക്കൂർ പൊലീസ് സ്റ്റേഷൻ മുതൽ നന്മണ്ട വരെയുള്ള ഭാഗത്ത് റോഡിന് ഇരുവശത്തുമായാണ് പത്തുക്ഷേത്രങ്ങളുടെയും സ്ഥാനം

കാക്കൂർ പെരുമീൻപുറം മത്സ്യാവതാര ക്ഷേത്രം
കാക്കൂർ പെരുമീൻപുറം മത്സ്യാവതാര ക്ഷേത്രം

കാക്കൂർ പെരുമീൻപുറം മത്സ്യാവതാര ക്ഷേത്രം 

കോഴിക്കോട് നിന്ന് ബാലുശ്ശേരി 17 കിലോമീറ്റർ കഴിയുമ്പോൾ മരുതാട് പത്താംമൈലിലെത്തും. ഇവിടെനിന്ന് ഇടത്തോട്ട് 800 മീറ്റർ പോയാൽ  പെരുമീൻപുറം മത്സ്യാവതാരക്ഷേത്രത്തിലെത്താം. 

MARUTHAD PARASURAMA TEMPLE
MARUTHAD PARASURAMA TEMPLE

പരശുരാമക്ഷേത്രം

പെരുമീൻപുറത്തുനിന്ന് തിരികെ കോഴിക്കോട് ബാലുശ്ശേരി റോഡിൽ എത്തിയാൽ മരുതാടുനിന്ന് 800 മീറ്റർ പിന്നിടുമ്പോൾ വലതുവശത്ത് കാക്കൂർ 9/5ൽ റോഡരികിൽ കാക്കൂർ പൊലീസ് സ്റ്റേഷനോടു ചേർന്നു പരശുരാമക്ഷേത്രം. ബാലാലയ പ്രതിഷ്ഠയാണുള്ളത്.

KAVILBALARAMA TEMPLE
KAVILBALARAMA TEMPLE

ബലരാമക്ഷേത്രം

കോഴിക്കോട് ബാലുശ്ശേരി റോഡിൽ ഒരു കിലോമീറ്റർ ദൂരം ബാലുശ്ശേരി ഭാഗത്തേക്കു സഞ്ചരിച്ചാൽ കാക്കൂർ അങ്ങാടിയിലെത്തും. ഇവിടെനിന്ന് വലത്തോട്ട് നരിക്കുനി റോഡിൽ 700 മീറ്റർ പിന്നിടുമ്പോൾ കാവിൽ ബലരാമസ്വാമി ക്ഷേത്രത്തിലെത്തും.

SREEKRISHNA TEMPLE
SREEKRISHNA TEMPLE

ഈന്താട് ശ്രീകൃഷ്ണക്ഷേത്രവും കൽക്കിയുടെ സങ്കൽപവും

തിരികെ കാക്കൂർ അങ്ങാടിയിൽ എത്തിയാൽ ഇടത്തോട്ട് പാവണ്ടൂർ റോഡിലൂടെ  3 കിലോമീറ്റർ പോയാൽ ഇന്താട് ശ്രീകൃഷ്ണക്ഷേത്രത്തിലെത്താം. കാക്കൂർ ഈന്താട് റോഡിൽ ശ്രീകൃഷ്ണക്ഷേത്രം എത്തുന്നതിനു തൊട്ടുമുൻപ് ഇടത്തോട്ട് പോയാൽ ഉളവള്ളി അമ്പലപ്പറമ്പിലെത്താം. ഇവിടെ കൽക്കി ക്ഷേത്രത്തിന്റെ ശേഷിപ്പുകളുണ്ട് എന്നു വിശ്വസിക്കുന്നു. ഇവിടെ പ്രതിഷ്ഠയോ ക്ഷേത്രമോ ഇല്ല. സങ്കൽപം മാത്രമാണ്.

RAMALLUR RAMA TEMPLE
RAMALLUR RAMA TEMPLE

രാമല്ലൂർ ശ്രീരാമക്ഷേത്രം

ഈന്താടുനിന്ന് തിരികെ കാക്കൂർ അങ്ങാടിയിലെത്തിയാൽ ബാലുശ്ശേരി ഭാഗത്തേക്ക് ഒരു കിലോമീറ്റർ പിന്നിടുമ്പോൾ പതിനൊന്നാംമൈൽ എത്തും. ഇവിടെനിന്ന്  വലത്തോട്ട് രാമല്ലൂർ റോഡിലൂടെ ഒരു കിലോമീറ്റർ പോയാൽ രാമല്ലൂർ ശ്രീരാമക്ഷേത്രത്തിലെത്തും

നരസിംഹക്ഷേത്രം
നരസിംഹക്ഷേത്രം

നരസിംഹക്ഷേത്രം

രാമല്ലൂരിൽനിന്ന് തിരികെ പതിനൊന്നാംമൈലിൽ എത്തിയാൽ കോഴിക്കോട് ബാലുശ്ശേരി റോഡിൽനിന്ന് ഇടത്തോട്ട് 2.5 കിലോമീറ്റർ ഇടത്തോട്ടു യാത്ര ചെയ്ത് തൃക്കോയിക്കൽ നരസിംഹമൂർത്തി ക്ഷേത്രത്തിലെത്താം.

THEERTHANKARA VAMANA TEMPLE
THEERTHANKARA VAMANA TEMPLE

വാമനക്ഷേത്രം

തിരികെ കോഴിക്കോട് ബാലുശ്ശേരി റോഡിൽ എത്തിയാൽ പതിനൊന്നാംമൈലിൽ നിന്ന് 900 മീറ്റർ യാത്ര ചെയ്യുമ്പോൾ 11/4ൽ എത്തും. ഇവിടെനിന്ന് ഇടത്തോട്ട് ഒന്നര കിലോമീറ്റർ കുന്നുകയറിയുള്ള റോഡിലൂടെ യാത്ര ചെയ്താൽ തീർഥങ്കര വാമനക്ഷേത്രത്തിലെത്തും. 

അമ്മമംഗലം
അമ്മമംഗലം

കൂർമാവതാര ക്ഷേത്രം

തീർത്ഥങ്കര ക്ഷേത്രത്തിൽനിന്ന് തിരികെ കോഴിക്കോട് ബാലുശ്ശേരി റോഡിൽ‍ 11/4 എത്തിയാൽ ബാലുശ്ശേരി ഭാഗത്തേക്ക് 50 മീറ്റർ പിന്നിടുമ്പോൾ വലതുവശത്ത് റോഡരികിൽ ആമമംഗലം ക്ഷേത്രത്തിലെത്തും.

PANNYAMVALLIVARAHA TEMPLE
PANNYAMVALLIVARAHA TEMPLE

വരാഹമൂർത്തി ക്ഷേത്രം

ആമമംഗലം ക്ഷേത്രത്തിൽനിന്ന് ബാലുശ്ശേരി റോഡിലൂടെ രണ്ടരക്കിലോമീറ്റർ പിന്നിടുമ്പോൾ നന്മണ്ട പന്ത്രണ്ടിൽ ഹൈസ്കൂൾ സ്റ്റോപ്പിലെത്തും. ഇവിടെനിന്ന് ഇടത്തോട്ട് നന്മണ്ട എച്ച്എസ്എസ്സിനു പിന്നിലൂടെയുള്ള റോഡിലൂടെ ഒരു കിലോമീറ്ററോളം പോയാൽ പന്ന്യംവള്ളി വാര്യമഠം വരാഹമൂർത്തി ക്ഷേത്രത്തിലെത്താം. 

English Summary:

Suresh Gopi's Yatra Highlights the Historic Dasavatar Temples of the Malabar Region

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com