ADVERTISEMENT

മുണ്ടക്കയം ഇൗസ്റ്റ് ∙ ചുരം കയറി കാരിവരയിൽ എത്തുക. മഴ ഉള്ളപ്പോൾ മാത്രമുള്ള, പ്രകൃതിയുടെ ദൃശ്യമനോഹരമായ വെള്ളച്ചാട്ടം തെക്കേമല എന്ന ഗ്രാമത്തെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രമായി മാറ്റിയിരിക്കുന്നതു കണ്ടാസ്വദിക്കാം.

ദേ വന്നു, ദാ പോയി

മഴവില്ല് പോലെയൊരു വെള്ളച്ചാട്ടം. നിറം കൊണ്ടോ ആകൃതി കൊണ്ടോ അല്ല, ഇതു കാണണമെങ്കിൽ മഴയുണ്ടെങ്കിൽ മാത്രമേ പറ്റൂ. ശക്തമായ മഴ പെയ്താൽ ഉയരമുള്ള പാറയുടെ മുകളിൽനിന്നു താഴേക്ക് പാൽ പോലെ പതഞ്ഞൊഴുകുന്ന വെള്ളം. പാറകളിൽ തട്ടി ചിതറിത്തെറിക്കുന്ന ജലകണങ്ങളിൽ നിറയുന്നത് കുളിരേകും കാഴ്ച തന്നെ. റോഡരികിലെ പാലത്തിൽ നിന്നാൽ വെള്ളച്ചാട്ടം മനോഹരമായി ആസ്വദിക്കാം.

കാനനഛായയിൽ : മഴ പെയ്തു തുടങ്ങിയാൽ ആഹ്ലാദിക്കാൻ മുണ്ടക്കയം തെക്കേമല കാരിവരയിലേക്ക് വരാം. 60 അടിയിലേറെ ഉയരത്തിൽനിന്നു പതിക്കുന്ന കാരിവര വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയ കൗമാരത്തിന്റെ കൗതുകം. ചിത്രം : റസൽ ഷാഹുൽ
കാനനഛായയിൽ : മഴ പെയ്തു തുടങ്ങിയാൽ ആഹ്ലാദിക്കാൻ മുണ്ടക്കയം തെക്കേമല കാരിവരയിലേക്ക് വരാം. 60 അടിയിലേറെ ഉയരത്തിൽനിന്നു പതിക്കുന്ന കാരിവര വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയ കൗമാരത്തിന്റെ കൗതുകം. ചിത്രം : റസൽ ഷാഹുൽ

പെരുവന്താനം പഞ്ചായത്ത് 12 –ാം വാർഡിലാണ് പ്രകൃതിയുടെ അപൂർവ പ്രതിഭാസം. ഒരു ദിനം വെയിൽ തെളിഞ്ഞാൽ വെള്ളത്തിന്റെ അളവു കുറയും. 2 ദിനം പൂർണമായി മഴ ഇല്ലാതിരുന്നാൽ പാറകൾ തെളിഞ്ഞ് മലയിൽനിന്നു വെള്ളച്ചാട്ടത്തിന്റെ കൺകുളിർക്കുന്ന കാഴ്ച വെയിൽ ചൂടിൽ മറയും.

അപകടമില്ല,പക്ഷേ,സൂക്ഷിക്കാം

പാറകളിൽ തഴുകി ഉയരത്തിൽനിന്നു കുതിച്ചെത്തുന്ന വെള്ളച്ചാട്ടത്തിലേക്ക് സമീപത്തെ റോഡിൽനിന്ന് ഇറങ്ങുന്നതു കൊണ്ട് കുഴപ്പം ഒന്നുമില്ല. പക്ഷേ, ശക്തമായ മഴയിൽ മലവെള്ളപ്പാച്ചിലായി വെള്ളം ഒഴുകി എത്തുമ്പോഴാണു വെള്ളച്ചാട്ടം കൂടുതൽ സുന്ദരമായി മാറുന്നത്.

ഇൗ സമയത്ത് വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങിയാൽ മുകളിൽനിന്നു കല്ലുകൾ, തടികൾ തുടങ്ങിയവ താഴേക്ക് പതിച്ചാൽ അപകടസാധ്യതയുണ്ട്.

‘‘പെരുവന്താനം പഞ്ചായത്ത് 12–ാം വാർഡിലെ കാരിവര വെള്ളച്ചാട്ടം ‘കാരിഓര’ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളുടെ നടുവിലൂടെയാണ് വെള്ളച്ചാട്ടം ഒഴുകുന്നത്. പ്രകൃതിഭംഗി അതുപോലെ നിലനിർത്തിയതുകൊണ്ടുതന്നെ ഇവിടെ കൂടുതൽ ക്രമീകരണം ഏർപ്പെടുത്തേണ്ടിവന്നില്ല. സമീപത്ത് പാലം നിർമിച്ചു, റോഡ് സഞ്ചാരയോഗ്യമാണ്.സുരക്ഷാപ്രശ്നങ്ങൾ ഇല്ല. എങ്കിലും സഞ്ചാരികൾ വർധിച്ചാൽ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും.’’

പ്രളയം സമ്മാനിച്ച ബീച്ചിലിരിക്കാം, പ്രണയത്തോടെ കിടങ്ങൂർ കാവാലിപ്പുഴ കടവ്

പ്രളയം കിടങ്ങൂരിനു സമ്മാനിച്ച ബീച്ചിൽ വിനോദ സഞ്ചാര പദ്ധതികൾക്ക് തുടക്കം. മീനച്ചിലാറിന്റെ തീരത്തെ കാവാലിപ്പുഴ ടൂറിസം പ്രോജക്ടിനുള്ള സർവേ നടപടികളും ഇൻവെസ്റ്റിഗേഷൻ ജോലികളുമാണ് ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് പദ്ധതിക്കു രൂപം നൽകുന്നത്.

Kavalipuzha-Beach-Travel6
കാവാലിപ്പുഴ കടവ്

പദ്ധതി ഇങ്ങനെ

∙ കാവാലിപ്പുഴയിലുള്ള ആറ്റുതീരത്ത് മിനി പാർക്ക് സജ്ജമാക്കും.

∙ ആറിന്റെ ഇരുകരകളെയും ബന്ധിപ്പിച്ച് സ്റ്റീൽ പാലം നിർമിക്കും. കാവാലിപ്പുഴയിൽ ഇപ്പോൾ കടത്തുവള്ളമാണുള്ളത്.

∙ ആകർഷകമായ രീതിയിൽ പാലം നിർമിക്കാൻ സർക്കാരിന്റെ കീഴിലുള്ള ആർക്കിടെക്ചർ വിഭാഗത്തെ ചുമതലപ്പെടുത്തി.

 പ്രളയ ബീച്ച്

2018 ലെ വെള്ളപ്പൊക്കത്തെത്തുടർന്ന് പ്രകൃതി ഒരുക്കിയ മണൽതിട്ടയാണ് കാവാലിപ്പുഴ കടവ്. പഞ്ചാര മണൽ അടിഞ്ഞ് രൂപപ്പെട്ട മിനി ബീച്ചിലേക്ക് നുറുകണക്കിനാളുകളാണ് ദിവസവും എത്തുന്നത്. പരിസ്ഥിതി പ്രവർത്തകനും ഫൊട്ടോഗ്രഫറുമായ രമേഷ് കിടങ്ങൂരിന്റെ നേതൃത്വത്തിലാണ് ‍കാവാലിപ്പുഴയെ ഭംഗിയായും വൃത്തിയായും സംരക്ഷിക്കുന്നത്. കിടങ്ങൂർ പഞ്ചായത്തിന്റെയും ജനമൈത്രി പൊലീസിന്റെയും സഹകരണവും കാവാലിപ്പുഴക്കടവിനെ ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റി.

മീനച്ചിലാറ്റിൽ കുളിക്കാനും കടത്തുവള്ളത്തിൽ കയറാനുമൊക്കെ ഇവിടെ സൗകര്യമുണ്ട്. 180 മീറ്റർ നീളത്തിലും 18 മീറ്റർ വീതിയിലുമാണ് മണൽ തിട്ട. ഇവിടെ എത്താൻ ‍ഇടുങ്ങിയ ഗ്രാമീണ റോഡ് മാത്രമാണുള്ളത്.

വഴി ഇങ്ങനെ

കിടങ്ങൂർ-അയർക്കുന്നം-മണർകാട് റോഡിൽ കിടങ്ങൂർ ക്ഷേത്രത്തിനു സമീപത്തു നിന്ന് തിരിഞ്ഞ് ചെമ്പിളാവ് റൂട്ടിൽ ഉത്തമേശ്വരം കഴിഞ്ഞ് ഇടത്തോട്ട് 700 മീറ്റർ സഞ്ചരിച്ചാൽ കാവാലിപ്പുഴയിലെത്താം. ഏറ്റുമാനൂർ-പൂഞ്ഞാർ ഹൈവേയിൽ കിടങ്ങൂർ കവലയിൽ നിന്ന് പാലാ റോ‍ഡിൽ 500 മീറ്റർ സഞ്ചരിച്ച് കടത്തു കടന്നാലും കാവാലിപ്പുഴ കടവിലെത്താം.

‘‘കാവാലിപ്പുഴയുടെ വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന ബജറ്റിൽ 2 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. ആറ്റുതീരത്ത് മിനി പാർക്കും ഇരുകരകളെയും ബന്ധിപ്പിച്ച് സ്റ്റീൽ പാലവും നിർമിക്കുന്നതു സംബന്ധിച്ച് ടൂറിസം വകുപ്പുമായി പ്രത്യേക ചർച്ച നടത്തും.’’ 

നനവിറ്റുമൊരു പ്രാർഥനയായ് ഒഴുകുന്നു അരുവിക്കൽ...

കുറവിലങ്ങാട് ∙അരികിലുണ്ട് അരുവിക്കൽ. പ്രകൃതിയുടെ സൗന്ദര്യവും ഭക്തി നിറവും ഒന്നിച്ച് അറിയാൻ ഒരിടം. കുറവിലങ്ങാട് പഞ്ചായത്ത് പത്താം വാർഡിലെ കളത്തൂർ അരുവിക്കൽ ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കു സന്ദർശകരുടെ പ്രവാഹമാണ്. മഴക്കാലത്ത് ക്ഷേത്രപരിസരം മനസ്സിൽനിന്നു മായാത്ത കാഴ്ചയാണ് സമ്മാനിക്കുന്നത്.

ക്ഷേത്രത്തിനു തൊട്ടു മുന്നിലൂടെ അരുവി നിറഞ്ഞൊഴുകുന്നു. സുരക്ഷിതമായ ചെറിയൊരു വെള്ളച്ചാട്ടവുമുണ്ട്. ക്ഷേത്രത്തിന്റെ തിരുമുറ്റത്തു വരെ വെള്ളം കയറും. പ്രകൃതി ഒരുക്കുന്ന, മനസ്സ് കുളിർപ്പിക്കുന്ന കാഴ്ച കാണാനും ചിത്രവും വിഡിയോകളും പകർത്താനും വൻ തിരക്കാണ് ഇപ്പോൾ. അവധിദിനങ്ങളിലും ശനി,ഞായർ ദിവസങ്ങളിലും ഇവിടെ എത്തുന്ന സന്ദർശ‌കരുടെ എണ്ണം ആയിരത്തിലധികം.

പാർക്കിങ്ങിനു ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

2015ൽ ആരംഭിച്ച നവീകരണം 2018ൽ പൂർത്തിയാക്കി. മഹാദേവനും സുബ്രഹ്മണ്യനു‌ം മുഖ്യപ്രതിഷ്ഠ. ശാസ്താവ് ഉൾപ്പെടെ ഉപദേവതകളുടെ ക്ഷേത്രങ്ങളും ഇവിടെയുണ്ട്.

ക്ഷേത്രത്തിനു മുന്നിലാണ് മനോഹരമായ വെള്ളച്ചാട്ടം. അരുവിയിലെ ശുദ്ധജലത്തിൽ കാൽ കഴുകി ക്ഷേത്രത്തിൽ പ്രവേശിക്കാം.മുന്നിലൂടെ അരുവി ഒഴുകുന്നതുകൊണ്ടാണ് അരുവിക്കൽ എന്ന പേര് ലഭിച്ചതെ‌ന്നാണ് ഐതിഹ്യം. വെള്ളച്ചാട്ടത്തിന് അടിയിൽ ഒരു ഗുഹ ഉള്ളതായും പറയപ്പെടുന്നു. ശിവരാത്രി, കർക്കടക വാവ് ദിവസങ്ങളിലാണ് ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. വാവ് ദിനത്തിൽ ബലിതർപ്പണത്തിനു നൂറുകണക്കിനു ഭക്തർ എത്തും

ക്ഷേത്രത്തിലേക്കു വഴി വീതി കുറഞ്ഞതാണ്

അടിസ്ഥാന സൗകര്യ വികസനത്തിനു പദ്ധതി നടപ്പാക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലാണ് ശ്രമങ്ങൾ. എംഎൽഎ ഫണ്ട്, ജലസേചന വകുപ്പ് ഫണ്ട് തുടങ്ങിയവ വിനിയോഗിച്ചു വികസനം നടപ്പാക്കുകയാണ് ലക്ഷ്യം.

അരുവിക്കലേക്കുള്ള വഴി

കോട്ടയം ഭാഗത്തുനിന്നു വരുന്നവർക്കു വെമ്പള്ളി വടക്കേ കവല കഴിഞ്ഞ് ഇടത്തേക്കു തിരിഞ്ഞാൽ ക്ഷേത്രത്തിൽ എത്താം. മൂവാറ്റുപുഴ ഭാഗത്തു നിന്നു വരുന്ന സന്ദർശകർ കുര്യം ജംക്‌ഷനിൽനിന്നു വലത്തേക്കു തിരിയണം.എറണാകുളം ഭാഗത്തുനിന്ന് എത്തുന്നവർ കോതനല്ലൂരിൽനിന്ന് ഇടത്തേക്കു തിരിയണം. എല്ലാ റോഡുകളിലും ദിശാബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മഴക്കാലമാണ് അരുവിക്കൽ യാത്രയ്ക്ക് ഏറ്റവും യോജിച്ചത്. മുങ്ങിക്കുളിച്ചാൽ വേറിട്ട ഒരു അനുഭവം.

English Summary:

Rainy Day Wonder: Karivara Waterfall, A Must-See in Mundakayam East

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com