ഹൃദയം നിറയ്ക്കും ആമ്പൽപൂക്കൾ; കാഴ്ചവിരുന്നൊരുക്കി മലരിക്കൽ
Mail This Article
ബംഗ്ലാദേശിന്റെയും ശ്രീലങ്കയുടെയും ദേശീയ പുഷ്പമാണ് ആമ്പൽ, ഈ രണ്ടു രാജ്യങ്ങളും പലപ്പോഴും വാർത്തകളിൽ നിറയുന്നതു കലാപങ്ങളുടേയും സംഘർഷങ്ങളുടേയും പേരിലാണ്. എന്നാൽ ‘ആമ്പൽ’പൂക്കളുടെ കാഴ്ചകൊണ്ടു മാത്രം ലോകപ്രസിദ്ധമായ ഒരു ഗ്രാമം കേരളത്തിലുണ്ട്, കോട്ടയം ജില്ലയിലെ മലരിക്കൽ. നാട്ടുവഴികളും പൂത്തുനിൽക്കുന്ന പലവർണങ്ങളിലുള്ള ആമ്പൽ പാടങ്ങളും ഏതൊരു സഞ്ചാരിയുടേയും മനസ്സ് നിറയ്ക്കും. ഇവിടുത്ത വയലിനു താഴെ വർഷാവർഷം രൂപപ്പെടുന്ന നിധികുംഭങ്ങളാണ് ഈ മലരികൾ. ഈ ഗ്രാമത്തിലെ ആളുകളുടെ സ്നേഹവും കൂട്ടായ്മയും സൗഹൃദവും കാഴ്ചയുടെ മാറ്റു കൂട്ടുന്നു. പ്രായഭേദമന്യേ ആളുകൾ ആമ്പൽ വസന്തം കാണാൻ ഇവിടേക്ക് എത്തുന്നു. അതിരാവിലെ സൂര്യോദയത്തോടൊപ്പം ആമ്പൽപ്പൂക്കളെ കാണാനാണ് ഏറെ ഭംഗി. ഏതു സീസണിൽ വന്നാലും ഇവിടെ കാഴ്ചകൾക്കു പഞ്ഞമില്ല. മലരിക്കല്‍ എന്നു പറയുന്ന ഈ പ്രദേശത്തിന് അങ്ങനെ പേരു വരാൻ ഒരു കാരണമുണ്ട്. കൊടൂരാറിലേക്ക് മീനച്ചിലാർ വന്നു പതിക്കുന്ന സ്ഥലമാണ് മലരിക്കൽ. ആ വെള്ളം വളരെ ശക്തിയിൽ വന്ന് കൊടുരാറിലേക്കു വീഴുമ്പോൾ വലിയ ചുഴികളുണ്ടാവുകയും അതിനു ബദലായിട്ട് മലരികൾ രൂപപ്പെടുകയും ചെയ്യുന്നു. അങ്ങനെയാണ് ഈ പ്രദേശം മലരിക്കൽ എന്നറിയപ്പെടാൻ തുടങ്ങിയത്. പക്ഷേ ഇന്ന് ധാരാളം ആമ്പൽപൂക്കള്‍ / മലരുകൾ ഇവിടെ ഉണ്ടാവുകയും ആ പേര് അന്വർഥമാക്കിക്കൊണ്ട് മലരിക്കല്‍ എന്ന പേര് ലോകം മുഴുവൻ അറിയുന്ന പ്രദേശമാക്കി ടൂറിസം വികസിക്കുകയും ചെയ്യുന്നു.
ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഈ ആമ്പൽപൂക്കളുടെ മനോഹരമായ കാഴ്ച വിരുന്നൊരുക്കുന്നത്. മലരിക്കലിൽ ഈ വർഷം ആമ്പൽ പൂവിടാൻ വൈകിയെങ്കിലും ചിങ്ങം പിറന്നതോടെ കുങ്കുമ നിറത്തിൽ പാടമാകെ കുളിരിലാണ്. രാവിലെ 8 ന് മുൻപ് എത്തിയാൽ കൺ നിറയെ പൂക്കൾ കാണാം. 5.30 മുതൽ വള്ളക്കാർ പാടത്ത് തോണിയുമായി കാത്തു നിൽക്കുന്നുണ്ടാകും. നൂറ് രൂപ മുതലുള്ള നിരക്കിൽ വള്ളത്തിൽ പോയി പൂക്കൾ കാണാം. വിഡിയോ ചിത്രീകരണത്തിനായി കൂടൂതൽ നേരം പോകണമെങ്കിൽ നിരക്ക് വ്യത്യാസമുണ്ട്. പിങ്ക് പൂക്കൾക്കൊപ്പം വെള്ളപ്പൂക്കളും ക്രിമ്സം റെഡ് നിറത്തിലും വിരിഞ്ഞുതുടങ്ങി. കന്യാകുമാരിയിൽ നിന്നുള്ള ചെറിയ വള്ളങ്ങളും വിനോദസഞ്ചാരികൾക്കായി ഇവിടെ എത്തിച്ചിട്ടുണ്ട്. സഞ്ചാരികളും മലരിക്കലിലേക്ക് എത്തുന്നുണ്ട്. ഒക്ടോബർ അവസാനത്തോടെ ആമ്പൽവസന്തം അവസാനിക്കും.
∙കളകളാണീ വയൽപ്പൂക്കൾ
ഇത് നെൽകൃഷി ചെയ്യുന്ന പാടശേഖരങ്ങളാണ്. രണ്ടു നെൽകൃഷികളുടെ ഇടവേളകളിൽ ഉണ്ടായി വരുന്ന കളകളാണ് കൃഷിക്കാരനെ സംബന്ധിച്ച് ഈ ആമ്പൽ. എല്ലാ വർഷവും കൊയ്ത്ത് കഴിഞ്ഞു പാടത്ത് വെള്ളം കയറ്റുമ്പോഴാണ് ആമ്പൽ കിളിർത്തുതുടങ്ങുന്നത്. വെള്ളം വറ്റിക്കുന്ന സമയത്ത് ചെളിയിൽ വീണുകിടക്കുന്ന വിത്താണു പിന്നീട് കിളിർത്തുവരുന്നത്. വിതയ്ക്ക് പാടം വറ്റിക്കുന്നത് വരെ പാടത്ത് ആമ്പൽ നിറഞ്ഞുനിൽക്കും.
ഈ വഴി എത്താം
കോട്ടയത്തു നിന്ന് ഇല്ലിക്കൽ കവലയിൽ എത്തുക. തിരുവാർപ്പ് റോഡിൽ ഇടത്തോട്ടു തിരിയുക. കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണു മലരിക്കൽ. കുമരകത്തു നിന്നെത്തുന്നവർ ഇല്ലിക്കലിൽ എത്തി വലത്തോട്ടു തിരിഞ്ഞു തിരുവാർപ്പ് റോഡിലൂടെ വേണം വരാൻ. രാവിലെ 7നു മുൻപ് എത്തിയാൽ വർണവിസ്മയം കാണാം. വെയിലുറയ്ക്കുന്നതോടെ പൂക്കൾ വാടും. കുമരകത്ത് നിന്ന് 9 കിലോമീറ്ററും കോട്ടയത്ത് നിന്ന് ഏഴര കിലോമീറ്ററും സഞ്ചരിച്ചാൽ കാഞ്ഞിരം മലരിക്കലിൽ എത്താം.