മൂന്നാറിന്റെ മനോഹാരിത ആസ്വദിച്ച് നമിത; നീലക്കുറിഞ്ഞി മുതൽ ആനമുടി വരെ നീളുന്ന കാഴ്ചകൾ
Mail This Article
കോടമഞ്ഞും നൂൽമഴയും ശരീരത്തിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പും പറഞ്ഞു വരുന്നത് മൂന്നാറിനെക്കുറിച്ചു തന്നെയാണ്. കാഴ്ചകളിൽ നിറങ്ങൾ ചാർത്തുന്ന പച്ചക്കറികളും പഴങ്ങളും എല്ലാം വിളഞ്ഞു നിൽക്കുന്ന ആ നാടിന്റെ സൗന്ദര്യം എത്ര കണ്ടാലാണ് മതിവരുക? ഒരു തവണയല്ല, ഒരായിരം തവണ പോയാലും പിന്നെയും കുളിരിന്റെ കൈകൾ കൊണ്ടു പുണരുന്ന മൂന്നാറിന്റെ കാഴ്ചകൾ ആസ്വദിക്കുകയാണ് നമിത പ്രമോദ്. മൂന്നാറിലെ പ്രഭാതം എന്നു കുറിച്ചു കൊണ്ടു നിരവധി ചിത്രങ്ങളാണ് താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.
വളവുകളും തിരിവുകളും കടന്നു കയറി ചെല്ലുമ്പോൾ തേയില ചെടികൾ പച്ചക്കൊടി വീശി സ്വാഗതം ചെയ്യുന്ന മൂന്നാറിന് മിക്കപ്പോഴും കോടമഞ്ഞിന്റെ മേലങ്കിയാണ്. സുഖകരമായ തണുപ്പും അപ്പോൾ കൂട്ടിനു വരും. മഞ്ഞിന്റെ പുതപ്പ് അണിഞ്ഞു നിൽക്കുന്ന തേയിലത്തോട്ടങ്ങൾക്ക് അതിരു നിശ്ചയിക്കാൻ എന്ന പോലെ മലനിരകളും പാറക്കെട്ടുകളിൽ വെള്ളികൊലുസ് വീണപോലെ ചെറു നീരുറവകളും അങ്ങനെ നീളുന്നു മൂന്നാറിന്റെ കാന്തി.
പേര് സൂചിപ്പിക്കുന്ന മൂന്നാറുകൾ മുതിരപ്പുഴയും നല്ലതണ്ണിയും കുണ്ടളയുമാണ്. അവയാണ് ആ ഭൂഭാഗത്തിന്റെ ജീവജലരേഖകൾ. ടാറ്റയുടെ ഉടമസ്ഥതയിലുള്ളതാണ് ഇവിടുത്തെ തേയിലത്തോട്ടങ്ങളിൽ ഭൂരിപക്ഷവും. ബ്രിട്ടീഷുകാർ പണികഴിപ്പിച്ച ടൂറിസ്റ്റ് ബംഗ്ലാവുകളും സിഎസ്ഐ ദേവാലയവും സെമിത്തേരിയുമൊക്കെ ഭൂതക്കാലത്തിന്റെ ഓർമകളുമായി ഈ പട്ടണത്തിലുണ്ട്.
മൂന്നാറിലെ കാഴ്ചകളിലേക്കു കണ്ണുതുറക്കാൻ ഒരുങ്ങുമ്പോൾ സ്വാഗതം ചെയ്യുക അലറിയാർത്തു താഴേക്കു പതിക്കുന്ന ചീയപ്പാറ വെള്ളച്ചാട്ടമാണ്. നേര്യമംഗലത്തിനും അടിമാലിക്കുമിടയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം കണ്ടുകൊണ്ടാണു സഞ്ചാരികളുടെ മൂന്നാറിലേക്കുള്ള യാത്രയാരംഭിക്കുക. ഏഴു തട്ടുകളായാണ് ഇവിടെ പാറപുറത്തു നിന്നും വെള്ളം താഴേക്കു പതിക്കുന്നത്. മഴക്കാലത്ത് ഉഗ്രരൂപം പ്രാപിക്കുന്ന ഈ വെള്ളച്ചാട്ടം കാണാൻ ആ പാതയരികിൽ നിന്നാൽ മതിയാകും.
മൂന്നാറിനടുത്തു തന്നെ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഇരവിക്കുളം. വംശനാശ ഭീഷണിയിലുള്ള വരയാടുകളെ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രധാനലക്ഷ്യം. 97 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ സംരക്ഷിത മേഖലയിലാണ് പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലകുറിഞ്ഞികളുള്ളത്. ഇവ പൂക്കുന്ന കാലത്ത് ഇവിടം മുഴുവൻ നീലപ്പരവതാനി വിരിച്ചതു പോലെയാകും. സന്ദർശകരും ധാരാളമായെത്തുന്ന ഒരു കാലം കൂടിയാണിത്. ഇരവിക്കുളത്തെ പ്രധാന മലകളിൽ ഒന്നാണ് രാജമല. ഇവിടേക്കു വനംവകുപ്പിന്റെ ജീപ്പ് സഫാരിയുണ്ട്. അടിവാരത്തു നിന്നു 4 കിലോമീറ്റർ വാഹനയാത്ര. അവിടെ നിന്ന് ഒരു കിലോമീറ്റർ നടത്തം. ഇതിനിടയിൽ 10 ഹെയർപിൻ വളവുകൾ. രാജമലയുടെ അടിവാരത്തേക്കു മൂന്നാറിൽ നിന്നു 14 കി.മീ ഉണ്ട്. പ്രവേശനത്തിനു ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്നത് ഇരവിക്കുളം ദേശീയോദ്യാനത്തിലാണ്. 2,700 മീറ്റർ ഉയരത്തിലാണിത്. വനം വകുപ്പിന്റെ അനുമതിയോടെ ഇവിടേക്ക് ട്രെക്കിങ് നടത്താം. ഇരവികുളത്തെ ദേശീയോദ്യാന അധികൃതരിൽ നിന്നും അനുമതി വാങ്ങിയതിനു ശേഷം ആനമുടിയിലേക്കു യാത്രയാരംഭിക്കാം.
മൂന്നാർ ടൗണിൽ നിന്നും 12 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തുന്നയിടമാണ് മാട്ടുപ്പെട്ടി. 1700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ഒരു അണക്കെട്ടും ജലാശയവും കാണുവാൻ കഴിയും. തടാകത്തിൽ സന്ദർശകർക്കു ബോട്ടിങ്ങിനുള്ള സൗകര്യങ്ങളുണ്ട്. ഇൻഡോ സ്വിസ് പദ്ധതിയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കന്നുകാലി ഫാമും ഇവിടെ കാണാം.
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ മൂന്നാറിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ എത്തിച്ചേരുവാൻ കഴിയുന്ന ചിത്തിരപുരത്താണ് സ്ഥിതി ചെയ്യുന്നത്. വരുന്ന അതിഥികൾക്കു താമസത്തിനായി ഇവിടെ നിരവധി റിസോർട്ടുകളുണ്ട്. പവർ ഹൗസ് വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ചിന്നക്കനാലും മൂന്നാർ യാത്രയിൽ ഒഴിവാക്കരുതാത്ത ഒരു കാഴ്ചയാണ്. സമുദ്ര നിരപ്പിൽ നിന്നും 2,000 മീറ്റർ ഉയരത്തിലാണ് ഈ വെള്ളച്ചാട്ടം. ചിന്നക്കനാലിൽ നിന്നും ഏഴ് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ആനയിറങ്കലിൽ എത്തിച്ചേരാം. വന്യമൃഗങ്ങളെ കാണുവാൻ കഴിയുന്ന ഇവിടെ തേയിലതോട്ടങ്ങളും വനങ്ങളും ഒരു താടകവും അണക്കെട്ടുമൊക്കെയുണ്ട്.
മൂന്നാറിലെ ടോപ് സ്റ്റേഷൻ യാത്രയ്ക്കിടെ സന്ദർശിക്കാവുന്ന മറ്റൊരു ഡാമാണ് കുണ്ടള. അണക്കെട്ടിൽ ബോട്ട് സവാരിയുണ്ട്. അണക്കെട്ടിനു സമീപത്തായി ചെറി പൂക്കൾ വിടരുന്ന പൂന്തോട്ടവും കാണുവാൻ സാധിക്കും. ധാരാളം സഞ്ചാരികൾ എത്തുന്നതു കൊണ്ടുതന്നെ ഇവിടെയും ആഡംബര താമസ സൗകര്യങ്ങളുള്ള റിസോർട്ടുകൾ നിരവധിയുണ്ട്.
മൂന്നാറിൽ നിന്നും 32 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ എത്തിച്ചേരുവാൻ കഴിയുന്നിടമാണ് ടോപ് സ്റ്റേഷൻ. ഈ പാത നീളുന്നത് തമിഴ്‌നാട്ടിലെ കൊടൈക്കനാൽ വരെയാണ്. സമുദ്ര നിരപ്പിൽ നിന്നും 1,700 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. മൂന്നാറിലെ ഏറ്റവും ഉയരത്തിലുള്ളതു കൊണ്ടുതന്നെയാണ് ഇവിടം ടോപ് സ്റ്റേഷൻ എന്ന പേരിലറിയപ്പെടുന്നത്. കൊളുക്കുമലയും കുണ്ടള പ്രദേശങ്ങളും ഇവിടെ നിന്നാൽ കാണുവാൻ കഴിയും.
പാമ്പാടും ചോലയുടെ വന്യതയും പശ്ചിമഘട്ടത്തിന്റെ തണുപ്പുമേറ്റു പഴയ മൂന്നാർ കൊടൈക്കനാൽ എസ്‌കേപ് റൂട്ടിലൂടെ ഒരു യാത്ര പോകാം. വന്യമൃഗങ്ങളെയും പക്ഷികളെയും പൂമ്പാറ്റകളെയുമൊക്കെ തൊട്ടടുത്തു കണ്ടറിഞ്ഞ് ഒരു ചെറിയ സാഹസികയാത്ര. വനത്തിനുള്ളിലെ പഴയ മൂന്നാർ – കൊടൈക്കനാൽ എസ്കേപ് റൂട്ടിലൂടെയാണ് ഈ സഞ്ചാരം നീളുന്നത്. വനം വകുപ്പാണു ട്രെക്കിങ് പ്രോഗ്രാം നടത്തുന്നത്. മൂന്നാർ ടോപ് സ്റ്റേഷൻ കഴിഞ്ഞു വട്ടവടയിലേക്കുള്ള പ്രവേശനകവാടത്തിനു സമീപം ടിക്കറ്റെടുക്കാം.
മൂന്നാറിന്റെ ചരിത്രത്തിൽ തേയിലത്തോട്ടങ്ങൾക്കു ചെറുതല്ലാത്ത സ്ഥാനം തന്നെയുണ്ട്. മൂന്നാറും തേയിലയും തമ്മിലുള്ള ബന്ധം അത്രമേൽ ആഴത്തിലായതു കൊണ്ടുതന്നെ തോട്ടങ്ങളുടെ ഉത്‌ഭവവും വളർച്ചയുമൊക്കെ വിശദീകരിക്കുന്ന മ്യൂസിയം ടാറ്റ ടീ ആരംഭിച്ചിട്ടുണ്ട്. ടാറ്റയുടെ നല്ലതണ്ണി എസ്റ്റേറ്റിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.