വീടുകൾക്ക് പകരം പാറക്കല്ലുകൾ; ശ്മശാന ഭൂമിയിൽ നിന്നപോലെ: മേധാ പട്കറിനൊപ്പം ‘മുണ്ടക്കൈ’ യാത്ര
Mail This Article
സമരപഥങ്ങളില്‍ ഒരിക്കലും തളരാത്ത, പറയേണ്ടത് ഒളിമറവില്ലാതെ പറയുന്ന ഇന്ത്യയുടെ സമരനായികയാണ് മേധാ പട്കർ. നര്‍മദ ബച്ചാവോ ആന്ദോളനുമായി കൂട്ടിച്ചേര്‍ത്താണ് എപ്പോഴും ഈ സ്ത്രീശക്തി അറിയപ്പെടുന്നത്. പ്രിയപ്പെട്ടവരുടെ ‘ദീദി’ക്ക് കഴിഞ്ഞ ദിവസം എഴുപതാം പിറന്നാൾ ആയിരുന്നു. ഈ അവസരത്തിൽ ദീദിക്കൊപ്പം നടത്തിയ ഒരു യാത്ര ഓർത്തെടുക്കുകയാണ്.
ഒക്ടോബർ രണ്ടാം വാരം. മനോരമ ഓൺലൈൻ ചുറ്റുവട്ടം അവാർഡിന്റെ പുതിയ സീസൺ ഉദ്ഘാടനം ചെയ്യാൻ മുഖ്യാതിഥിയായി എത്തിയത് മേധാ പട്കർ ആയിരുന്നു. വർഷങ്ങൾക്ക് ശേഷം കേരളത്തിലേക്ക് വരുന്നതിനാൽ ചില ആവശ്യങ്ങളും അവർ ഉന്നയിച്ചു. തനിക്ക് കേരളമൊന്ന് കാണണം! പ്രത്യേകിച്ച് ഉൾപൊട്ടൽ ദുരന്തം ഉണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖല. ദുരന്തമേഖല സന്ദർശിക്കാനുള്ള പ്രത്യേക അനുമതി നേരത്തെ വാങ്ങിയിരുന്നു. ഇൻഡോറിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് എത്തുകയും അവിടെനിന്ന് രാത്രിയോടെ കാർ മാർഗം കൽപറ്റയിലുള്ള ഹോട്ടലിൽ എത്തുകയായിരുന്നു.
ദീദി സ്ഥലത്ത് എത്തിയതറിഞ്ഞ് വയനാട്ടിലെ ചില സാമൂഹിക പ്രവർത്തകർ കാണാനെത്തിയിരുന്നു. കതകടച്ചുള്ള സംഭാഷണത്തിനിടെ പരിചയപ്പെടാൻ പോകുന്നത് ശരിയല്ലെന്ന് തോന്നി. രാത്രി 12 കഴിഞ്ഞിട്ടും ദീദിയുടെ മുറിയിൽ നിന്നും ആരും ഇറങ്ങുന്നില്ല. എന്തായാലും രാവിലെ കാണുമല്ലോ... പ്രായമുള്ള സ്ത്രീയ്ക്ക് വിശ്രമം ലഭിക്കാത്തതിനാൽ നാളെ എന്തായാലും വൈകിയായിരിക്കും യാത്ര തിരിക്കുകയെന്ന് കരുതി ഞാനും ഉറങ്ങാൻ മുറിയിലേക്ക് പോയി. രാവിലെ 7.30യോടെ യാത്രതിരിക്കാനാണ് തീരുമാനിച്ചത്. പിറ്റേദിവസം ആദ്യം റെഡിയായി നിന്നത് ദീദിയായിരുന്നു! ഒപ്പം അഭിഭാഷകയായ അധീന എന്ന മലയാളി പെൺകുട്ടിയും ഉണ്ടായിരുന്നു. ദീദി കേരളത്തിലേക്ക് വരുന്നതിനെ തുടർന്ന് ബെംഗളൂരുവിൽ നിന്ന് എത്തിയതാണ്. ഹായ് ദീദി എന്ന് പറഞ്ഞുകൊണ്ട് മുറിയിലേക്ക് കയറി. കണ്ടപാടെ ഒന്ന് ചിരിച്ചു. ‘ഇതിനുമുൻപ് നമ്മൾ കണ്ടിട്ടുണ്ടോ? എന്ന് ചോദിച്ചു. ഇല്ല, ആദ്യമായിട്ടാണ്. ഈ കുട്ടിയുടെ മുഖം കണ്ടപ്പോൾ മുൻപരിചയമുള്ളതുപോലെ എന്ന് ദീദി അധീനയോട് ഹിന്ദിയിൽ പറഞ്ഞു. അൽപം കുശലം പറഞ്ഞ ശേഷം യാത്ര തിരിച്ചു. തോളിൽ ഒരു ബാഗും നടുവേദനയിൽ നിന്നും രക്ഷനേടാനായി ഒരു ബെൽറ്റും ധരിച്ചിട്ടുണ്ട്.
പ്രഭാത ഭക്ഷണത്തിനായി ഹോട്ടലിലേക്ക് പോകാമെന്ന് പറഞ്ഞപ്പോൾ ‘ഇപ്പോൾ തന്നെ വൈകി. എന്തെങ്കിലും കഴിക്കാൻ ആണെങ്കിൽ പാഴ്സൽ വാങ്ങാം, യാത്രയ്ക്കിടെ കഴിക്കാം എന്നാണ് അവർ പറഞ്ഞത്. പിന്നീട് എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി അവർ ഹോട്ടലിലേക്ക് കയറി. ദീദിയുടെ തൊട്ടടുത്ത് ഞാൻ സ്ഥാനം പിടിച്ചു. ഒരു ഇഡ്ഡലിയും കട്ടൻ കാപ്പിയുമാണ് അവർ ആവശ്യപ്പെട്ടത്. ഭക്ഷണത്തിന്റെ വില അറിയാമെന്നതിനാലായിരിക്കും തൊട്ടുകൂട്ടാൻ തന്ന ചട്നിയും സാമ്പാറും അവർ കളയാൻ തയാറായില്ല. അവിടെനിന്നും പത്തംഗ സംഘത്തിനൊപ്പം യാത്ര തുടർന്നു.
പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് ഇറങ്ങി വീക്ഷിച്ചു. പിന്നീട് അവിടെനിന്നും മേപ്പാടിയിലേക്ക്. പോകുന്ന വഴികളിലെല്ലാം കൃഷിയെയും ആളുകളെയുംക്കുറിച്ച് കോഴിക്കോട് റിപ്പോർട്ടറായ അരുൺ വർഗീസ് വിശദീകരിച്ചു നൽകി. ചൂരൽമലയിലെ ബെയ്‌ലി പാലത്ത് വണ്ടി നിർത്തിയപ്പോൾ മനസ്സൊന്ന് വിങ്ങി. എത്രപേർ ഇതുവഴി മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയതാണ്. ഇപ്പോഴും എത്രപേർ മണ്ണിനടിയിൽ...പാലത്തിലൂടെ ദീദി തകർന്നടിഞ്ഞ സ്കൂളും ക്ഷേത്രവുമെല്ലാം നോക്കികണ്ടു. ചില നാട്ടുകാരും അവരുടെ വിഷമങ്ങൾ പങ്കുവയ്ക്കാൻ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. ക്ഷേത്രമുണ്ടായിരുന്നിടത്ത് ഒരു കെടാവിളക്കുണ്ട്. രാവിലെ ആരോ പൂക്കള്‍വച്ച് പ്രാർഥിച്ചിട്ടുണ്ട്. തൊട്ടടുത്തായി എല്ലാത്തിനും സാക്ഷിയായിരുന്ന ആൽമരത്തെയും കണ്ടു. ആർത്തലച്ചുവന്ന അരുവി ഇപ്പോൾ ശാന്തമായിരിക്കുന്നു. പണ്ട് വിഡിയോയിൽ കണ്ട പച്ചപ്പുനിറഞ്ഞ സ്കൂൾ കെട്ടിടം ഇപ്പോൾ ചെളിയും പാറകഷ്ണങ്ങളും കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു.
ചൂരൽമലയിലെ ഉള്ളുലയ്ക്കുന്ന കാഴ്ചകൾ കണ്ടശേഷം നേരെ പോയത് മുണ്ടക്കൈയിലേക്കാണ്. പോകുന്ന വഴികളിൽ ആൾത്താമസമില്ലാത്ത ചില പാഡികൾ കണ്ടു. വീട്ടുമുറ്റത്ത് ചെണ്ടുമല്ലി ചെടികൾ പൂത്തുനിൽക്കുന്നു. ഒരു നാട് തന്നെ ഇല്ലാതാകുന്ന അവസ്ഥ വാക്കുകളിൽ വിവരിക്കാനാകില്ല. പൊട്ടിപൊളിഞ്ഞ മുസ്ലിംപള്ളിക്ക് താഴെയായി വാഹനം നിർത്തി. പുറത്തിറങ്ങിയപ്പോൾ പാറകളും ചെളിയും കൊണ്ട് മൂടപ്പെട്ട വിശാലമായ ഭൂമി. ഉരുളിന്റെ ഉദ്ഭവസ്ഥാനമായ പുഞ്ചിരിമട്ടം മഞ്ഞിൽമൂടപ്പെട്ടു. കോടമഞ്ഞിൽ ദുരന്തത്തിന്റെ വ്യാപ്തി അപൂർണമായേ കാണാൻ കഴിഞ്ഞുള്ളൂ. അതുതന്നെ ഏറെ വേദനിപ്പിക്കുന്നു. ഉരുൾപൊട്ടിയ സമയത്ത് റിപ്പോർട്ട് ചെയ്യാനെത്തിയപ്പോൾ മുട്ടോളം ചെളിയും വല്ലാത്തൊരു മണവുമായിരുന്നുവെന്ന് അരുൺ പറഞ്ഞു. ദൃശ്യങ്ങൾ കാണുമ്പോഴുണ്ടായ വിഷമത്തേക്കാൾ എത്ര മടങ്ങ് കൂടുതലായിരിക്കും ദുരന്തഭൂമിയിൽ നിന്നവർക്കെന്ന് ഒരു നിമിഷം ചിന്തിച്ചു. മലവെള്ളം ഇരച്ചുവന്ന വഴികളിൽ എല്ലാം കൂറ്റൻ പാറക്കല്ലുകളാണ്. ഈ കല്ലുകള്‍ നിരവധിപ്പേരുടെ ജീവനെടുത്തിട്ടുണ്ടാകാം. ദുരന്തസമയത്ത് ആദ്യ ഉരുൾപൊട്ടൽ കഴിഞ്ഞപ്പോൾ എന്തുകൊണ്ട് ആളുകൾ ഓടിരക്ഷപ്പെട്ടില്ലെന്ന് പലരിലും ചോദ്യമുയർന്നിരുന്നു. നേരിട്ടുകണ്ടപ്പോൾ ബോധ്യമായി. ആർത്തലച്ചുവരുന്ന മലവെള്ളത്തിൽ ഒരറ്റത്തുനിന്നും മറ്റൊരു അറ്റത്തേക്ക് കടക്കുക എളുപ്പമല്ല! അത്രയും വീതിയിലാണ് അത് ഒഴുകിയത്. അങ്ങനെ രക്ഷപ്പെട്ടവർ എത്ര ഭാഗ്യം ചെയ്തവർ. അവരുടെ ആത്മധൈര്യം ചെറുതല്ല.
ആയിരങ്ങൾ ജീവിച്ച ഭൂമിയെ ഒറ്റരാത്രി കൊണ്ട് പ്രകൃതി വിജനഭൂമിയാക്കി മാറ്റിയത് ദീദിയെ ഏറെ ആശങ്കപ്പെടുത്തിയിരുന്നു. ദുരന്തകാഴ്ചകൾ കണ്ടുകൊണ്ട് നിരവധി വിഷയങ്ങൾ അവർ മനോരമ സംഘത്തോട് പങ്കുവച്ചു. വികസനത്തിന്റെ പേരിൽ നടക്കുന്ന പരിസ്ഥിതി ചൂഷണം ഇതുപോലുള്ള ദുരന്തങ്ങൾ വിളിച്ചുവരുത്തുമെന്ന് അവർ പറഞ്ഞു. കാലാവസ്ഥാ മാറ്റവും ഇതിൽ മുഖ്യപങ്ക് വഹിക്കുന്നതായും അവർ വ്യക്തമാക്കി. ദീദിയുടെ ആവശ്യപ്രകാരം ദുരന്തഭൂമിയിലെ കാഴ്ചകൾ മൊബൈലിൽ പകർത്തി നൽകി. എപ്പോൾ വേണമെങ്കിലും വീഴാൻ കാത്തിരിക്കുന്ന കെട്ടിടങ്ങൾ. അതിനുതാഴെ വിലക്കേർപ്പെടുത്തി കൊണ്ടുള്ള ചുവന്ന തുണി കെട്ടിവച്ചിരിക്കുന്നു. പള്ളി കെട്ടിടത്തിന് താഴെയായി പതിച്ചിരിക്കുന്ന കൂറ്റൻ കല്ല് എത്രപേരുടെ ജീവനെടുത്ത് കാണും? തൊട്ടരികിൽ ചുരുട്ടിക്കൂട്ടിയതുപോലെ ജീപ്പിന്റെ അവശിഷ്ടങ്ങൾ. മഴ കനക്കുമെന്ന മുന്നറിയിപ്പ് ഉള്ളതിനാൽ അധികനേരം നിൽക്കരുതെന്ന് പൊലീസ് സംഘം നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഏറെ അപകടമേഖലയായ പുഞ്ചിരിമട്ടത്തേക്ക് പോയില്ല. ഒരു മണിക്കൂറിനു ശേഷം മുണ്ടക്കൈയിൽ നിന്നും ഇറങ്ങി. വഴിയിൽ വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ച വെള്ളാരം പാറ (സെന്റിനൽ റോക്ക്) തകർന്നുകിടക്കുന്നത് കണ്ടു. ചൂരൽമല ടൗണിലെത്തിയപ്പോൾ ദീദിയെ കാണാൻ നിരവധി സ്ത്രീകളും കുട്ടികളും കാത്തുനിൽക്കുന്നുണ്ടായിരുന്നു. വീടും ജോലിയും നഷ്ടപ്പെട്ട ഓരോർത്തരും തങ്ങളുടെ വിഷമങ്ങൾ പങ്കുവച്ചു. അതിനിടെ മഴയുമെത്തി. നനഞ്ഞുകൊണ്ട് ദീദിയുടെയും ജനങ്ങളുടെയും ചിത്രം മൊബൈലിൽ പകർത്തുന്ന എന്നെകണ്ട് ഒരു വയോധികൻ കുടയുമായെത്തി. നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ കുടക്കീഴിൽ നിന്നു. ദീദിയുമായി സംസാരിക്കുന്നതിനിടെ ഒരു സ്ത്രീ വയോധികനു നേരെ കൈചൂണ്ടി. ‘ദേ ആ നിൽക്കുന്ന അച്ഛന് മക്കളും വീടുമെല്ലാം നഷ്ടപ്പെട്ടു. എങ്ങോട്ട് പോകണമെന്ന് അറിയില്ല, എന്തുചെയ്യണമെന്ന് അറിയില്ല’. ഞാൻ അദ്ദേഹത്തെ നോക്കി. മുഖത്ത് ഒരു വികാരവുമില്ല. എല്ലാം നഷ്ടപ്പെട്ടയാൾക്ക് എന്ത് വികാരമല്ലേ...? അദ്ദേഹം കുടപിടിച്ചുകൊണ്ട് ദീദിയെയും നോക്കി നിന്നു.
അൽപസമയം അവരോടൊപ്പം നിന്നശേഷം മേപ്പാടിയിലെത്തി. ദുരിതബാധിതരുടെ ബാങ്കിലെ വായ്പ തള്ളിക്കള്ളയണമെന്ന് ആവശ്യപ്പെട്ട് നടന്ന മാർച്ചിൽ ദീദിയും പങ്കെടുത്തു. മേപ്പാടി ബസ് സ്റ്റാൻഡിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത ദീദി ഒടുവിൽ പാടി ‘ ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?...’ സമരപരിപാടികൾ അവസാനിച്ചപ്പോൾ സമയം വൈകുന്നേരം 3 മണി. രാവിലെ ഭക്ഷണം കഴിച്ച ഹോട്ടലിലേക്ക് തന്നെ വിട്ടു.
നല്ലൊരു കേരള സദ്യയാണ് ദീദിക്ക് നൽകിയത്. അപ്പമാണ് കേരളത്തിലെ ഇഷ്ട വിഭവമെന്ന് പറഞ്ഞു. ഇലയില്‍ വിളമ്പിയതൊന്നും അവർ പാഴാക്കിയില്ല. ഭക്ഷണം കഴിച്ച ശേഷം ഹോട്ടലുടമയെ പ്രശംസിക്കാനും അവർ മറന്നില്ല. മടക്കയാത്രയ്ക്കിടെ ദീദിയുടെ സാരി സീക്രട്ടിനെക്കുറിച്ചും ചോദിച്ചു. ആരെങ്കിലും തരുന്ന സാരികളാണ് ധരിക്കുന്നത്. ഇപ്പോൾ ഉടുത്ത ചുവന്ന സാരി ഒരു പെൺകുട്ടി സമ്മാനിച്ചതാണ്. മരിച്ച അമ്മയുടെ സാരികളെല്ലാം ദീദിക്ക് നൽകുകയായിരുന്നു. ആദ്യകാലത്ത് ചുരിദാർ ധരിച്ചിരുന്നു. തന്റെ സാമൂഹ്യപ്രവർത്തന ജീവിതത്തിൽ സാരിയാണ് നല്ലതെന്ന് തോന്നിയതോടെ വേഷവിധാനം മാറ്റുകയായിരുന്നു. സാമൂഹ്യപ്രവർത്തന രംഗത്ത് എത്തിയില്ലെങ്കിൽ എന്താകുമായിരുന്നു എന്ന ചോദ്യത്തിന് ‘ടീച്ചർ’ എന്നാണ് ഉത്തരം നൽകിയത്. വൈകുന്നേരം 5 മണിയോടെ വീണ്ടും കാണാമെന്ന് പറഞ്ഞ് ദീദി കൊച്ചിയിലേക്ക് യാത്ര തിരിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ പലതുണ്ടെങ്കിലും കാറിൽ തന്നെയായിരുന്നു ദീദിയുടെ സഞ്ചാരം.