രാമശേരി ഇഡ്ഡലി മേള ; മാസ്കറ്റ് ഹോട്ടലിലെ സായാഹ്ന റസ്റ്ററന്റിൽ
Mail This Article
മലയാളിയുടെ ഇഷ്ടഭക്ഷണമായ ഇഡ്ഡലിയെ ലോകത്തിന്റെ തീന്‍മേശയിലെത്തിച്ച പെരുമ പാലക്കാടിന്റെ സ്വന്തമാണ്. കണ്ടാല്‍ തട്ടുദോശ ലുക്ക് ആണെങ്കിലും ദോശ അല്ല ഇഡ്ഡലി തന്നെ സാക്ഷാൽ രാമശ്ശേരി ഇഡ്ഡലി. പൂപോലെ മൃദുലമായ ഇഡ്ഡലിക്കൊപ്പം നല്ല ഒന്നാന്തരം എരിവുള്ള ചമ്മന്തിപ്പൊടിയും ഉണ്ടെങ്കിൽ കുശാലായി. കുരുമുളക്, ഉഴുന്ന് പൊടി, വറ്റല്‍ മുളക് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ചമ്മന്തിപ്പൊടിയാണ് കൂട്ട് എങ്കില്‍ പിന്നെ പറയുകയും വേണ്ട. ഒരിക്കല്‍ രുചി അറിഞ്ഞവർ പാലക്കാട്ടേയ്ക്ക് യാത്ര ചെയ്യുമ്പോൾ രാമശ്ശേരിലേക്കു പോകാമെന്ന് മനസ്സ് മന്ത്രിക്കും. അത്രക്കും സ്വാദാണ്.
ഇഡ്ഡലികളില്‍ത്തന്നെ സ്പെഷ്യല്‍ ഐറ്റമായ രാമശ്ശേരി ഇഡ്ഡലി കേരളത്തിലെ പലഹാരങ്ങൾക്കിടയിൽ പ്രത്യേകിച്ച് മുഖവുര വേണ്ടാത്ത ഒന്നാണ്. പാലക്കാട് കോയമ്പത്തൂര്‍ ദേശീയപാതയില്‍ നെല്‍പ്പാടങ്ങളുടെ മധ്യത്തില്‍ ഇലപ്പുള്ളിയ്ക്കടുത്തായാണ് രാമശ്ശേരി എന്ന കൊച്ചു ഗ്രാമം. എലപ്പുള്ളി, കുന്നാച്ചി-പുതുശ്ശേരി റോഡില്‍ രാമശ്ശേരിയിലുള്ള മുതലിയാര്‍ കുടുംബങ്ങളാണ് ഈ വിഭവത്തിന്റെ പെരുമയ്ക്കും രുചിക്കും പിന്നിൽ. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കോയമ്പത്തൂരില്‍ നിന്ന് കുടിയേറിയവരാണ് മുതലിയാര്‍ കുടുംബങ്ങള്‍. ഉപജീവനത്തിനായി അവര്‍ തുടങ്ങിയ ഇഡ്ഡലി നിര്‍മ്മാണം രുചിയുടെ മേന്മ കൊണ്ട് ജനശ്രദ്ധയാകർഷിച്ചു.
ഇഡ്ഡലി രുചിക്കാൻ രാമശ്ശേരി വരെ പോകേണ്ട. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ സായാഹ്ന ഗാർഡൻ റസ്റ്ററന്റിൽ എത്തിയാൽ മതി
മാസ്കറ്റ് ഹോട്ടലിൽ ഇഡ്‌ലി ഫെസ്റ്റ് ഒരുക്കി കെടിഡിസി. മലയാളികളുടെ ഇഷ്ടഭക്ഷണമായ ഇഡ്‌ലിയുടെ വ്യത്യസ്തമായ രണ്ടു രുചിഭേദങ്ങൾ ആസ്വദിക്കാൻ തലസ്ഥാനവാസികൾക്ക് അവസരമൊരുങ്ങുന്നു. നാളെ മുതൽ എട്ടു വരെ സായാഹ്ന ഗാർഡൻ റസ്റ്ററന്റിലാണു മേള നടക്കുന്നത്. വൈകിട്ട് മൂന്നു മുതൽ രാത്രി 10 മണിവരെയാണ് മേള. നഗരത്തിലെ പ്രശാന്ത സുന്ദരമായ ഓപ്പൺ ഗാർഡൻ റസ്റ്ററന്റാണു മാസ്കറ്റ് ഹോട്ടലിലെ സായാഹ്ന .
പാലക്കാട് രാമശേരി ഇഡ്‌ലി, കാഞ്ചീപുരം ഇഡ്‌ലി, സായാഹ്ന ഫിൽറ്റർ കോഫി, വിവിധതരം മിൽക്ക് ഷേക്ക്, ഐസ്ക്രീം തുടങ്ങിയവ മേളയിൽ ലഭ്യമാണ്. പാലക്കാട് ജില്ലയിലെ രാമശേരി ഗ്രാമത്തിൽ പരമ്പരാഗത രീതിയിൽ തയാറാക്കുന്ന ഇഡ്‌ലിയാണ് രാമശേരി ഇഡ്‌ലി. മൺപാത്രങ്ങളിൽ തയാറാക്കുന്ന ഈ ഇഡ്‌ലി മൃദുലവും പോഷകസമൃദ്ധവുമാണ്.
തമിഴ്നാട്ടിലെ കാഞ്ചീപുരത്തു പരമ്പരാഗതമായി തയാറാക്കുന്ന പ്രത്യേകതരം ഇഡ്ഡലിയാണ് കാഞ്ചീപുരം ഇഡ്‌ഡലി. ഇതിനു വ്യത്യസ്തമായ രുചിയും മണവുമാണുള്ളത്. ഇലയിൽ തയാറാക്കുന്നതിനാൽ ഇലയുടെയും മറ്റു ചേരുവകളുടെയും മണം ചേർന്ന് ഹൃദ്യമായ സുഗന്ധമുള്ള ഇവ പോഷക സമ്പുഷ്ടമാണ്. രാമശേരി ഇഡ്‌ഡലിയും കാഞ്ചീപുരം ഇഡ്‌ഡലിയും തനതു പ്രദേശങ്ങളിൽ നിന്നെത്തുന്ന പാചക വിദഗ്ധരാണു പാചകം ചെയ്യുന്നത്.
പാഴ്സൽ വാങ്ങാനുള്ള സൗകര്യവുമുണ്ട്. മെട്രോ വായനക്കാർക്കും പ്രിവിലേജ് കാർഡ് ഉടമകൾക്കും 10% ഡിസ്കൗണ്ട്. മുൻകൂർ ബുക്കിങ്ങിനും മറ്റ് അന്വേഷണങ്ങൾക്കും മാനേജർ, മാസ്കറ്റ് ഹോട്ടൽ, തിരുവനന്തപുരം. ഫോൺ: 0471–2318990, 94000 08562.