ADVERTISEMENT

എടക്കാട് ബറ്റാലിയൻ സിനിമയിലെ ബറ്റാലിയൻ ബോയ്സും നങ്കുവെന്ന കഥാപാത്രവും ഇന്ന് മലയാളികൾക്ക് സുപരിചിതമാണ്. മികച്ച പ്രതികരണം നേടിയ ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് മികച്ചൊരു നടനെ, ഒന്നുകൂടി ഉറപ്പിച്ചു പറയുകയാണെങ്കിൽ നല്ലൊരു വില്ലനെ കിട്ടിയിരിക്കുന്നു. ശങ്കർ ഇന്ദുചൂഡൻ. വില്ലൻ എന്നു പറഞ്ഞ് അരികുവത്കരിക്കാനാവില്ല ഈ യുവ നടന്റെ പ്രതിഭയെ. രക്ഷാധികാരി ബൈജു ഒപ്പ് എന്ന തന്റെ ആദ്യ സിനിമയിൽ തന്നെ ഹരി കുമ്പളമെന്ന കഥാപാത്രത്തെ മികവുറ്റതാക്കിയതാണീ യുവ നടൻ.

sankar-induchoodan-4
SHANKAR INDUCHOODAN

അഭിനയം തന്നെയാണ് ശങ്കറിന്റെ ആത്മ സുഹൃത്ത്. എന്നാൽ സിനിമ മാത്രമല്ല ശങ്കറിന്റെ സഹചാരികൾ. നിയമ പഠനവും അഭിനയവും യാത്രയുമൊക്കെയായി സംഭവബഹുലമാണ് ശങ്കറിന്റെ ജീവിതം. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്നാണ് തന്റെ വിശ്വാസം എന്ന് ശങ്കർ ഇന്ദുചൂഡൻ. തേടി വരുന്ന കഥാപാത്രങ്ങളെ മികവുറ്റതാക്കാനാണ് ശ്രമിക്കുന്നത്. അതുപോലെ തന്നെയാണ് തന്റെ യാത്രകളും എന്ന് ശങ്കർ. ആലോചിച്ച് പ്ലാൻ ചെയ്യാതെ നേരത്തെ പറഞ്ഞതുപോലെ സമയമാകുമ്പോൾ സംഭവിച്ചു പോകുന്നതാണ് പല യാത്രകളും.

അച്ഛന്‍ Dr.CN ഇന്ദുചൂഡന്‍ ഫോറസ്റ്റ് ഡിപാർട്ട്മെന്റിൽ ഡപ്യൂട്ടി കൺസർവേറ്റർ ആയിരുന്നു. അതിനാൽ തന്നെ കുട്ടിക്കാലം മുതൽക്കേ കാടിനേയും പ്രകൃതിയെയും അടുത്തറിയാൻ അവസരമുണ്ടായിട്ടുണ്ട്. അങ്ങനെയാവാം എനിക്ക് യാത്രകളോട് പ്രത്യേകിച്ച് കാടിനോടും മലകളോടുമൊക്കെ ഇഷ്ട കൂടുതൽ ഉണ്ടായത്. ചെറു യാത്രകൾ ഒക്കെ നടത്താറുണ്ടായിരുന്നെങ്കിലും ഡെറാഡൂണിലെ പഠന കാലം എന്റെ സഞ്ചാര വിചാരങ്ങൾ ഒക്കെ മാറ്റിമറിച്ച സമയമായിരുന്നു. ഡെറാഡൂണ്‍ യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി സ്റ്റഡീസിലായിരുന്നു നിയമ പഠനം. അവിടെ വച്ചാണ് ആദ്യമായി ഹിമവാനെ കാണാൻ പുറപ്പെടുന്നത്. 

കണ്ടു മതിവരാത്ത ഹിമാലയൻ കാഴ്ചകൾ

ഹിമാലയത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം 4 വട്ടം എങ്കിലും കേദാർനാഥ് അടക്കമുള്ളയിടങ്ങളിൽ സഞ്ചരിച്ചുവത്രേ ശങ്കർ. എന്നാൽ ആ യാത്രകളിൽ എടുത്തു പറയേണ്ടത് ഹിമാലയൻ ഗ്രാമങ്ങളിലൂടെ നടത്തിയ അറിയാ ഇടങ്ങൾ തേടിയുള്ള സഞ്ചാരമായിരുന്നു. തുടക്കം മണികരണിൽ നിന്നായിരുന്നു. ഹിന്ദുക്കളും സിക്കുകാരും ഒരുപോലെ പുണ്യസ്ഥലമായിക്കാണുന്നയിടമാണ് മണികരൺ. ഒട്ടേറെ ക്ഷേത്രങ്ങളും ഗുരുദ്വാരയും ഇവിടെയുണ്ട്.

sankar-induchoodan-3
SHANKAR INDUCHOODAN

മണി കരണിൽ നിന്നും കസോളിലേക്കായിരുന്നു പോയത്. പാർവതി വാലിയുടെ മടിത്തട്ടിൽ പ്രകൃതി ഒരുക്കിയിരിക്കുന്ന ശാന്തസുന്ദരമായ ഒരു ഹിമാലയൻ ഗ്രാമം. ഓൾഡ്, ന്യൂ എന്നിങ്ങനെ വിഭജിച്ചിരിക്കുന്ന കസോൾ ട്രക്കിങ് നടത്തുന്നവരുടെ ഇടത്താവളമായിട്ടാണ് അറിയപ്പെടുന്നത്. കുറഞ്ഞ നിരക്കിൽ നിരവധി ഗസ്റ്റ് ഹൗസുകൾ ലഭിക്കുമെന്നതും എടുത്തു പറയാം. ഇവിടുത്തെ മറ്റൊരു ആകർഷണമാണ് ഇസ്രയേലികൾ നടത്തുന്ന ഭക്ഷണശാലകൾ. കസോളിലെ ഭൂരിഭാഗം റെഗെ ബാറുകളും റസ്റ്ററൻറുകളും നടത്തുന്നത് ഇസ്രയേലികൾ ആണെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.

എത്രയളന്നാലും തീരാത്തത്ര ആചാരാനുഷ്ഠാനങ്ങളും സംസ്കാരവും നിറഞ്ഞതാണ് നമ്മുടെ രാജ്യമെന്ന് തന്റെ ഹിമാലയൻ യാത്രയിലൂടെ അനുഭവിച്ചറിയാൻ സാധിച്ചുവെന്ന് ശങ്കർ ഇന്ദുചൂഡൻ പറയുന്നു. തന്റെ ചുറ്റുപാടുകളും കാഴ്ചപ്പാടുകളും രൂപപ്പെടുത്തിയെടുക്കാൻ യാത്രകൾ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് പറയുന്ന ശങ്കർ എന്തിനേയും മുൻ വിധിയോടെ കാണരുതെന്ന അഭിപ്രായക്കാരനാണ്.

നേപ്പാളിലേക്കുള്ള ഡ്രീം ജേർണി

ഡെറാഡൂണിലെ പഠനകാലത്ത് തന്നെയാണ് നേപ്പാൾ എന്ന സ്വപ്നം മനസിൽ കയറി കൂടുന്നത്. പരീക്ഷയുടെ അവസാന ദിവസം ഞാനും സുഹൃത്തും കൂടി കയ്യിൽ കിട്ടിയതെല്ലാം എടുത്ത് ഓടി റയിൽവേ സ്റ്റേഷനിലേക്ക്. ഡെറാഡൂണിൽ നിന്ന് ലക്നൗവിലേക്ക്. അവിടെ നിന്നും ബസിൽ നീണ്ട യാത്രയ്ക്ക് ഒടുവിൽ ഇന്തോ- നേപ്പാൾ ബോർഡറിൽ എത്തി. എവിടെ തുടങ്ങണം എന്ന സംശയത്തിലായിരുന്നു ഞങ്ങൾ. കപിലവസ്തു വഴി ലൂമ്പിനിയിലേക്ക് പ്രവേശിക്കണോ, അതോ പൊഖ്റയിൽ നിന്ന് ആരംഭിക്കണോ എന്ന ആശയ കുഴപ്പത്തിനൊടുവിൽ ഞങ്ങൾ പൊഖ്റ ഉറപ്പിച്ചു.

Shankar-Induchoodan

വെള്ളച്ചാട്ടങ്ങളും ഗുഹകളും മലനിരകളും കൊണ്ട് നിറഞ്ഞ പൊഖ്റയെ നേപ്പാളിന്റെ സ്വർഗമെന്ന് വിളിക്കാം. ഹിമാലയത്തിലെ മനോഹര മഞ്ഞു മലകളും, അടിവാരങ്ങളും തടാകങ്ങളും ഇവിടെയുള്ള മനോഹര കാഴ്ചയാണ്. അവിടെ നിന്ന് കാഠ്മണ്ഡു, പശുപതിനാഥ്, ദർബാർ സ്ക്വയർ, സ്വയംഭൂ നാഥ് സ്തൂപ്, ശ്രീബുദ്ധന്റെ ജനന സ്ഥലമായ ലുംബിനി, തുടങ്ങി നേപ്പാളിന്റെ ഏതാണ്ട് മുഴുവൻ കണ്ടാണ് ശങ്കറും സുഹൃത്തും മടങ്ങിയത്.

ചില യാത്രകൾ സംഭവിച്ചു പോകുന്നതാണെന്ന് നേരത്തെ പറഞ്ഞല്ലോ. അങ്ങനെയൊരു പോക്കായിരുന്നു വാരണാസിയിലേയ്ക്കെന്നും തന്റെ ജീവിത ശൈലിയും നിലപാടുകൾ പോലും മാറ്റപ്പെട്ടത് ചിലപ്പോൾ ആ യാത്രയിൽ ആവാം എന്നാണ് ശങ്കറിന്റെ ദൃഷ്ടാന്തം.

ആത്മാവിനെ തൊടും വാരണാസി

ഒരു സിനിമയിൽ  നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ വാരണാസിയിൽ എത്തുന്നത്‌. ലോകത്തിലെ ഏറ്റവും പുരാതനമായ നഗരങ്ങളിൽ ഒന്നിലേക്ക് ഒറ്റയ്ക്കായിരുന്നു എന്റെ യാത്ര. ഒരു മനുഷ്യന് സ്വയം തിരിച്ചറിയാൻ ഒരു വാരണാസി യാത്ര അനിവാര്യമാണെന്നാണ് എന്റെ അഭിപ്രായം. അവിടുത്തെ അന്തരീക്ഷം ആരുടേയും ചിന്തകളെ ഉണർത്തും. സന്ധ്യാസമയങ്ങളിലെ ആരതിയും ഘാട്ടുകളിലെ കർമങ്ങളും ആരാധനകളുമെല്ലാം മനസിനെ വല്ലാതെ ആകർഷിക്കുന്നതാണ്. വാരണാസിയിൽ എന്നെ ഏറ്റവുമധികം സ്വാധിനിച്ചത് മണി കർണിക ഘാട്ട് ആയിരുന്നു. വാരണാസിയിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത് ഗംഗയിലേക്കുള്ള കൽപ്പടവുകളിൽ വച്ചാണ്. മൃതദേഹങ്ങൾ ദഹിപ്പിക്കാൻ മാത്രം ഒരു കൽപ്പടവുകൾ ഉണ്ട് അവിടെ. മണികർണിക ഘാട്ട് എന്നാണ് ഈ കൽപ്പടവുകൾ അറിയപ്പെടുന്നത്.

sankar-induchoodan-2
SHANKAR INDUCHOODAN

രാപ്പകൽ ഭേദമില്ലാതെ പല ദിക്കുകളിൽ നിന്നുള്ള അനേകായിരങ്ങൾ ഇവിടെ എരിഞ്ഞടങ്ങുന്നു. ജാതിഭേദവും നിറഭേദവും എല്ലാം ആ ചിതകളിലേക്ക് എത്തുമ്പോൾ ഒന്നാകുന്നു. താൻ ആ ഘാട്ടിൽ വെളുക്കുവോളം നിന്നുവെന്ന് ശങ്കർ. പല നാടുകളിലൂടെ സഞ്ചരിച്ച് പലതും പഠിക്കാനും ആ പ്രദേശങ്ങളിലെ സംസ്‌കാരം മനസ്സിലാക്കാനും ആളുകളുമായി ഇടപഴകാനും തനിക്ക് ഏറെയിഷ്ടമാണെന്നും ശങ്കറിന്റെ വാക്കുകൾ.

രാജസ്ഥാൻ, ഹരിയാന, ജമ്മു കശ്മീർ, ടിബറ്റ് ബോർഡർ, ഭൂട്ടാൻ അതിർത്തി പ്രദേശങ്ങൾ, ബീഹാർ, ഉത്തർപ്രദേശ്, ഗുജറാത്ത് അങ്ങനെ ഇന്ത്യയുടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലെയും അധികയിടങ്ങളും ശങ്കറിന്റെ സഞ്ചാരവഴികളിൽപ്പെടും. തന്റെ യാത്രകളെക്കുറിച്ച് എഴുതാനും ശങ്കറിന് ഇഷ്ടമാണ്. ഓട്ടോർഷ, മാംഗല്യം തന്തുനാനേനാ, റ്റലിസിന് തയ്യാറെടുക്കുന്ന ഗാഗുൽത്തയിലെ കോഴിപ്പോര് എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുള്ള ശങ്കർ ഇന്ദുചൂഡന് അഭിനയം വിട്ടൊരു കളിയില്ല. പ്രത്യേക പ്ലാനുകൾ ഒന്നുമില്ലാതെ അങ്ങ് നടന്നു പോകുന്ന സഞ്ചാരങ്ങളോട് കൂട്ടുകൂടി നടക്കാനാണ് ഇഷ്ടമെന്ന് പറഞ്ഞു കൊണ്ട് ശങ്കർ തന്റെ പുതു ചിത്രങ്ങളുടെ തിരക്കുകളിലേക്ക് പോവുകയാണ്.

English Summary: Celebrity Travel Shanker Induchoodan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com