ADVERTISEMENT

മെയ് 4 മുതല്‍ ആഭ്യന്തര യാത്രകള്‍ക്കും ജൂണ്‍ 1 മുതല്‍ രാജ്യാന്തര യാത്രകള്‍ക്കുമുള്ള വിമാനടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്ന എയര്‍ഇന്ത്യയുടെ അറിയിപ്പു വന്ന് മണിക്കൂറുകള്‍ക്കകം മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. വിമാന സര്‍വീസ് പുനരാരംഭിക്കാനായി തീരുമാനം ഒന്നും എടുത്തിട്ടില്ലെന്ന് ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തത്കാലം അറിയിപ്പുണ്ടാകുന്നത് വരെ ബുക്കിങ് വേണ്ടെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

 

ആഭ്യന്തര, രാജ്യാന്തര സർവീസുകൾ ആരംഭിക്കാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തതിനുശേഷം മാത്രമേ വിമാനക്കമ്പനികൾ ബുക്കിങ് തുടങ്ങാൻ നിർദ്ദേശം നല്‍കൂ എന്നും മന്ത്രി ട്വീറ്റില്‍ പറഞ്ഞു. എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ് ഇന്ത്യയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഇതില്‍ മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്.

 

നിലവിലുള്ള  ആരോഗ്യ പ്രശ്നങ്ങളുടെ വെളിച്ചത്തിൽ മെയ് 3 വരെ എല്ലാ ആഭ്യന്തര വിമാനങ്ങള്‍ക്കും മെയ് 31 വരെ എല്ലാ രാജ്യാന്തര വിമാനങ്ങള്‍ക്കും വേണ്ടിയുള്ള ബുക്കിങ് സ്വീകരിക്കുന്നത് നിർത്തിവച്ചിരിക്കുകയാണെന്ന് എയർ ഇന്ത്യയുടെ ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞു. കാര്യങ്ങള്‍ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുമെന്നും അറിയിപ്പിലുണ്ട്.

 

അതേസമയം, രാജ്യത്തിന്‍റെ വിദൂര പ്രദേശങ്ങളിലേക്ക് അവശ്യ മെഡിക്കൽ വസ്തുക്കള്‍ എത്തിക്കുന്നതിനായി "ലൈഫ്‌ലൈൻ ഉഡാൻ" വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ആഭ്യന്തര റൂട്ടുകളിലും ചൈന അടക്കമുള്ള വിദേശ രാജ്യങ്ങളിലും ചരക്കു നീക്കത്തിനായും എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. മെഡിക്കല്‍ സപ്ലൈകള്‍ക്ക് വേണ്ടി എയർ ഇന്ത്യ ബി -787 വിമാനം കഴിഞ്ഞ ദിവസം രാവിലെ ഡല്‍ഹിയിൽ നിന്ന് ചൈനയിലെ ഗ്വാങ്‌ഷോവിലേക്ക് പുറപ്പെട്ടതായി വാർത്താ ഏജൻസിയായ ANI റിപ്പോർട്ട് ചെയ്തിരുന്നു. ബുധനാഴ്ച ഒറ്റ ദിവസം മാത്രം ഷാങ്ഹായ്, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്ന് 170 ടൺ COVID-19 അനുബന്ധ മെഡിക്കൽ ചരക്കുകളാണ് കയറ്റിയത് എന്ന് എയർലൈൻ അറിയിപ്പില്‍ പറയുന്നു. 

 

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാർച്ച് 25 മുതൽ രാജ്യം മുഴുവന്‍ ലോക്ഡൗണിലാണ്. മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയായിരുന്ന ലോക്ഡൗണ്‍, പിന്നീട് ഗുരുതരാവസ്ഥ കണക്കിലെടുത്ത് മെയ് 3 വരെ നീട്ടുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com