ADVERTISEMENT

കൊറോണക്കാലത്ത് മനുഷ്യ സമ്പര്‍ക്കമില്ലാതെ കഴിയാനായി പലരും പല രീതികള്‍ ആണ് അവലംബിക്കുന്നത്. സ്വകാര്യ ദ്വീപുകളിലും മറ്റും പോയി ഈ കാലം ആഘോഷമാക്കി ജീവിക്കുന്നവരുണ്ട്‌. എന്നാല്‍ അല്‍പം വ്യത്യസ്തമായാണ് ഈ ഐസലേഷന്‍ കാലം വിദേശികളായ ആറു വിനോദസഞ്ചാരികള്‍ ചെലവിട്ടത്. തികച്ചും പ്രകൃതിയൊടിണങ്ങി ഒരു ഗുഹയ്ക്കുള്ളിലായിരുന്നു ഇവരുടെ വാസം! ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്തുള്ള ഗുഹയിലായിരുന്നു ഒരു മാസത്തോളം ഇവര്‍ താമസിച്ചിരുന്നത്. പിന്നീട് പൊലീസെത്തി ഇവരെ അടുത്തുള്ള ഒരു ആശ്രമത്തിലെത്തിച്ചു.

ഫ്രാൻസ്, തുർക്കി, യുക്രെയ്ൻ, അമേരിക്ക, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന സംഘം ആദ്യം ഹോട്ടലിലായിരുന്നു താമസമെങ്കിലും പിന്നീട് പണമില്ലാതെ വന്നപ്പോഴാണ് ഗുഹയില്‍ അഭയം തേടിയതെന്ന് ഉത്തരാഖണ്ഡ് പൊലീസ് വക്താവ് മുകേഷ് ചന്ദ് പറഞ്ഞു. കയ്യില്‍ ബാക്കിയുള്ള പണം ഭക്ഷണത്തിനും അവശ്യസാധനങ്ങള്‍ക്കുമായി മാറ്റിവയ്ക്കുകയായിരുന്നു.

മാര്‍ച്ച് 24 മുതലാണ് ഇവര്‍ ഗുഹാവാസം തുടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പൊലീസ് ഇവരെ കണ്ടെത്തിയത്. പിന്നീട് ഋഷികേശിനടുത്തുള്ള സ്വര്‍ഗ് ആശ്രമത്തിലേക്കു കൊണ്ടുപോയി. രണ്ടാഴ്ച ഇവര്‍ക്കു ക്വാറന്റീന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഘത്തിലുള്ള എല്ലാവരും പൂര്‍ണആരോഗ്യമുള്ളവരാണെന്നും പ്രശ്നങ്ങളൊന്നും ഇല്ലെന്നും പൊലീസ് പറഞ്ഞു. കൊറോണ വൈറസ് ബാധയെത്തുടർന്ന് മാർച്ച് 20 മുതൽ ഇന്ത്യൻ, വിദേശ വിനോദ സഞ്ചാരികൾക്ക് ഉത്തരാഖണ്ഡ് സംസ്ഥാനത്തേക്കുള്ള പ്രവേശനം സര്‍ക്കാര്‍ വിലക്കിയിരുന്നു.

ആത്മീയകേന്ദ്രം എന്നതിലുപരി ഋഷികേശ് വിദേശികള്‍ക്കിടയില്‍ ഇത്ര പ്രശസ്തമാകാൻ മറ്റൊരു കാരണം കൂടിയുണ്ട്. ലോക യോഗ തലസ്ഥാനം എന്നറിയപ്പെടുന്ന ഋഷികേശില്‍ 1968 ൽ ലോകപ്രശസ്ത റോക്ക് ബാന്‍ഡായ ‘ദ് ബീറ്റിൽസ്’ സംഗീതസംഘം സന്ദര്‍ശനം നടത്തിയിരുന്നു. ഇവര്‍ ‘മുനി കി രേതി’യില്‍ ഗംഗാതീരത്തുള്ള ‘ചൌരസി കുട്ടിയ’ ആശ്രമത്തില്‍ താമസിച്ച് യോഗ പഠിച്ചു. ഡോനോവൻ, മിയ ഫാരോ, മൈക്ക് ലവ് തുടങ്ങിയ അതിപ്രശസ്തരും ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഈ സമയത്ത് അവര്‍ നാല്‍പതോളം ഗാനങ്ങളും രചിച്ചു. ഇതോടെ ലോകശ്രദ്ധ നേടിയ ഈ ആശ്രമം പിന്നീട് ‘ബീറ്റില്‍സ് ആശ്രമം’ എന്നറിയപ്പെടാന്‍ തുടങ്ങി.

1990 കളിൽ പ്രദേശം ഉപേക്ഷിക്കപ്പെടുകയും 2003ൽ പ്രാദേശിക വനംവകുപ്പിന്‍റെ കീഴിലേക്ക് മാറ്റുകയും ചെയ്തു. അതിനുശേഷം ഇത് വീണ്ടും ബീറ്റിൽസ് ആരാധകരുടെ ഒരു ജനപ്രിയ സന്ദർശന കേന്ദ്രമായി മാറി. ലോകമെമ്പാടുമുള്ള സംഗീതപ്രേമികളായ സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്തി. 2015 ഡിസംബറിൽ ആശ്രമം പൊതുജനങ്ങൾക്കായി ഔദ്യോഗികമായി തുറന്നു കൊടുത്തു. 2018 ഫെബ്രുവരിയിൽ ഇവിടെ ബീറ്റിൽസ് എത്തിയതിന്‍റെ അമ്പതാം വാർഷികം ആഘോഷിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com