സഞ്ചാരികളുടെ സ്വപ്നം കൈലാസ് മാനസരോവർ യാത്ര ഇത്തവണ നടക്കുമോ?
Mail This Article
ഹിമശൈലത്തിന്റെ നെറുകയിൽ നിലകൊള്ളുന്ന കൈലാസം കാണുക. മഞ്ഞു മൂടിയ മലകളിലൂടെ നടക്കുക ഇതൊക്കെ മിക്ക സഞ്ചാരികളുടെയും സ്വപ്നമാണ്. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ഈ യാത്രാമോഹമാണ് ഇത്തവണ രാജ്യത്ത് ഭീതി പടർത്തിയ കൊറോണ തല്ലികെടുത്തിയത്. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു കൈലാസ് മാനസരോവർ യാത്ര ഒഴിവാക്കുന്നുവെന്നു സിക്കിം ടൂറിസം മന്ത്രി ബി.എസ് പന്ത് അറിയിച്ചു.
എല്ലാ വർഷവും ജൂൺ മാസത്തിലാണ് യാത്ര സംഘടിപ്പിക്കാറുള്ളത്. സിക്കിമിലെ നാഥുല പാസ് വഴിയും ഉത്തരാഖണ്ഡിലെ ലിപുലെഖ് പാസ് വഴിയുമാണ് സാധാരണയായി യാത്ര നടത്താറുള്ളത്. കോവിഡിന്റെ വ്യാപനത്തെത്തുടർന്നാണ് ഇങ്ങനെയൊരു തീരുമാനം. സെപ്റ്റംബർ വരെയാണ് സഞ്ചാരികൾ സാധാരണയായി യാത്ര നടത്തുന്നത്. യാത്ര നിരോധിക്കുന്നതോടെ സിക്കിമിന് കനത്ത സാമ്പത്തിക നഷ്ടമാണ് വരാനിരിക്കുന്നതെന്നും ടൂറിസം മന്ത്രി പറയുന്നു.
കൈലാസത്തിൽ എത്തിച്ചേരുക എന്നതു മഹാഭാഗ്യമാണ്. ധനമുണ്ടായതുകൊണ്ടോ അധികാരമുള്ളതുകൊണ്ടോ ആ ഭാഗ്യം ലഭിക്കണമെന്നില്ല. മഹേശ്വരന്റെ പീഠം നേരിൽ കാണാൻ യോഗമുള്ളവർക്ക് അതാതു സമയത്ത് അതിനുള്ള അവസരം വന്നുചേരും. എന്നും ഭക്തർ വിശ്വസിക്കുന്നു. അനുഭവങ്ങൾ അനവധി. ഓരോരുത്തരെയും കൈലാസത്തിൽ എത്തിക്കുന്നതിനു പിന്നിൽ ഒരു നിർണായക ശക്തിയുണ്ട്. കൃത്യ സമയത്ത് അത് യാത്രികരിലേക്ക് അനുഗ്രഹമായി വന്നണയുന്നു. രാജ്യത്തെ ആശങ്കയിലാഴ്ത്തിയ ഈ മഹാമാരിയിൽ നിന്നും ലോകം മുക്തിനേടട്ടെ. എല്ലാം പഴയനിലയിലാകും.