മായാലോകമൊരുക്കുന്ന മഞ്ഞ് ടണൽ; ഐസ്‌ലാൻഡ് കാത്തുവെച്ചിട്ടുള്ളത് കാഴ്ചകളുടെ മായിക പ്രപഞ്ചം
Mail This Article
ഗ്ലേസിയറുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? പതിറ്റാണ്ടുകൾ മഞ്ഞ് വീണ് ഉറച്ചുപോയ വലിയ മഞ്ഞുപാളികളാണ് ഗ്ലേസിയറുകൾ. ലാൻഗോകുൽ ഗ്ലേസിയർ ഐസ്‌ലാൻഡിലെ വലുപ്പമേറിയ ഗ്ലേസിയറുകളിൽ രണ്ടാം സ്ഥാനക്കാരനാണ്. യൂറോപ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ഗ്ലേസിയറായ വട്‌നജോകുല്‍ സ്ഥിതി ചെയ്യുന്നതും അറ്റ്ലാന്റിക് സമുദ്രത്തിലെ ഐസ്‌ലാൻഡ് എന്ന കൊച്ചു ദ്വീപ് രാഷ്ട്രത്തിൽ തന്നെയാണ്.
ഏറെ ആകർഷകമായ ഭൂപ്രകൃതിയും സവിശേഷമാർന്ന കാലാവസ്ഥയും അഗ്നിപർവതങ്ങളും തടാകങ്ങളുമൊക്കെയുള്ള ഐസ്‌ലാൻഡ്, സഞ്ചാരികളുടെ ഇഷ്ടരാജ്യങ്ങളിലൊന്നാണ്. വളരെ വ്യത്യസ്തമായ യാത്രാനുഭവങ്ങൾ സമ്മാനിക്കാൻ കഴിയുന്ന ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. അത്തരത്തിലൊരു മനോഹരമായ കാഴ്ചയാണ് ലാൻഗോകുൽ സന്ദർശിക്കുന്നവർക്കായി ഐസ്‌ലാൻഡ് കാത്തുവച്ചിട്ടുള്ളത്.
ലാൻഗോകുലിലേയ്ക്കുള്ള യാത്ര അത്യധികം ആവേശം പകരുന്ന ഒന്നാണ്. എട്ട് വീലുകളുള്ള ക്യാറ്റ് 1 മാൻ ട്രക്ക് ആണ് യാത്രയിലെ സാരഥി. വലിയ ടയറുകളുള്ള ഈ വാഹനത്തിനു റോഡിലെ ഏതു മോശം സാഹചര്യങ്ങളെയും തരണം ചെയ്യാനുള്ള ശേഷിയുണ്ട്. വലിയ കല്ലുകളിലൂടെയും മഞ്ഞിലൂടെയും ചെളിയിലൂടെയുമൊക്കെ ആയാസരഹിതമായി സഞ്ചരിക്കാനും ഇരുപതു ടൺ വരെ ഭാരം വഹിക്കാനും കഴിവുള്ള ഈ ട്രക്കിലാണ് ഗ്ലേസിയറിലൂടെയുള്ള യാത്ര. അതിദുർഘടമായ പാത താണ്ടി ചെല്ലുന്നത് ഒരു ടണലിന്റെ പ്രവേശന കവാടത്തിലേക്കാണ്. ലാൻഗോകുലിലെ പ്രധാന ആകർഷണം ഈ ടണലാണ്. സമുദ്രനിരപ്പിൽ നിന്നും 1400 മീറ്ററോളം ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. മനുഷ്യനിർമിതമാണെന്നതാണ് ഈ ടണലിനെ സംബന്ധിച്ച പ്രധാന സവിശേഷത.
2015 ജൂൺ ഒന്നിനാണ് ടണലിന്റെ നിർമാണം പൂർത്തിയാക്കി സഞ്ചാരികൾക്കായി തുറന്നു കൊടുത്തത്. കവാടത്തിൽ നിന്നും ഉൾഭാഗത്തേയ്ക്കുള്ള യാത്ര കാൽനടയായാണ്. നീലയും വയലറ്റും നിറമണിഞ്ഞതാണ് ഉൾഭാഗം. 550 മീറ്ററോളമാണ് നീളം. മായാലോകത്തു ചെന്നതുപോലൊരു അനുഭൂതി എന്നാണ് യാത്ര കഴിഞ്ഞു മടങ്ങുന്ന എല്ലാവരും ടണൽ യാത്രയെ വിശേഷിപ്പിക്കുന്നത്. അത്രയധികം മനോഹരമാണ് മഞ്ഞു ടണലിലെ അകകാഴ്ചകൾ. മുൻകൂട്ടി റജിസ്റ്റർ ചെയ്ത്, ഈ മായിക ലോകത്തു വിവാഹിതരാകുന്നവരും അനവധിയാണ്.
വളരെ വ്യത്യസ്തമായ യാത്രാനുഭവങ്ങൾ നൽകുന്ന രാജ്യമാണ് ഐസ്‌ലാൻഡ്. നൂറിന് മേൽ അഗ്നിപർവ്വതങ്ങൾ ഈ നാട്ടിലുണ്ട്. മഞ്ഞുപാളികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതങ്ങളിൽ നിന്നും പൊട്ടിയൊലിക്കുന്ന ലാവ ചിലയിടങ്ങളിൽ വലിയ വയൽ പോലെ പരന്നുകിടക്കുന്നതു കാണാം. വൻവൃക്ഷങ്ങളൊന്നും കാണുവാൻ കഴിയാത്ത ഈ ഭൂമിയ്ക്കു പച്ചവിരിച്ച താഴ്വരകളാണ് മാറ്റുക്കൂട്ടുന്നത്. വഴിയരികിൽ ധാരാളം ചെറു നീരുറവകൾ കാണാൻ കഴിയും. അസഹനീയമായ തണുപ്പായതുകൊണ്ടു തന്നെ ആ ജലത്തിലൊന്നു കൈതൊടുകയെന്നതു പോലും അസഹനീയമാണ്. മനോഹരമായ വെള്ളച്ചാട്ടങ്ങൾ, തണുത്തുറഞ്ഞു നിൽക്കുന്ന മഞ്ഞുപാളികൾ, തുടങ്ങി ഇതുവരെയും കാണാത്തതും അനുഭവിക്കാത്തതുമായ നിരവധി കാഴ്ചകൾ സന്ദർശകർക്കു സമ്മാനിക്കും ഐസ്‌ലാൻഡ് എന്ന കുഞ്ഞൻ രാജ്യം.