കോട്ടയം റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് ബുക്കിങ് കൗണ്ടർ തുറന്നു
Mail This Article
62 ദിവസങ്ങൾക്കു ശേഷം കോട്ടയം റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് ബുക്കിങ് കൗണ്ടർ വീണ്ടും പ്രവർത്തനം തുടങ്ങി. 2.57 ലക്ഷം രൂപ റീഫണ്ട് ഇനത്തിൽ തിരികെ നൽകി. ലോക്ഡൗൺ കാരണം കാൻസൽ ചെയ്ത ട്രെയിനുകളുടെ ടിക്കറ്റ് ഇനത്തിലാണ് തുക തിരികെ നൽകിയത്. 114 ടിക്കറ്റുകളിലായി 281 യാത്രക്കാരാണ് ആദ്യ ദിനം കോട്ടയം സ്റ്റേഷനിലെ കൗണ്ടർ വഴി ടിക്കറ്റ് കാൻസൽ ചെയ്തത്.
ജൂൺ ഒന്നു മുതൽ ആരംഭിക്കുന്ന സ്പെഷൽ ട്രെയിനുകളുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാമെങ്കിലും ഇതിനായി എത്തുന്നവരുടെ എണ്ണം കുറവാണ്. സംസ്ഥാനങ്ങളിൽ കുടുങ്ങിയിരിക്കുന്നവർക്കായി റെയിൽവേ നടത്തുന്ന ശ്രമിക് സ്പെഷൽ ട്രെയിൻ സർവീസിന്റെ ടിക്കറ്റ് കൗണ്ടർ വഴി ബുക്ക് ചെയ്യാൻ സാധിക്കില്ലജില്ലയിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ മാത്രമാണ് ടിക്കറ്റ് ബുക്കിങ് സൗകര്യം ഇപ്പോൾ പുനരാരംഭിച്ചിട്ടുള്ളൂ. ഒരു ഷിഫ്റ്റിലായി രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ബുക്കിങ് കൗണ്ടറിന്റെ പ്രവർത്തനം.
ഉച്ചയ്ക്ക് ഒന്നു മുതൽ 2 വരെ ഇടവേള. ഞായറാഴ്ച കൗണ്ടർ പ്രവർത്തിക്കുമോ എന്നതിൽ റെയിൽവേ വ്യക്തത വരുത്തിയിട്ടില്ല.രാജ്യത്തെ ഏതു ടിക്കറ്റ് കൗണ്ടറുകളിൽ നിന്നും ബുക്ക് ചെയ്ത പേപ്പർ ടിക്കറ്റുകൾ കോട്ടയത്തെ കൗണ്ടർ വഴി കാൻസൽ ചെയ്യാൻ സാധിക്കും. അകലം പാലിച്ച് ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾക്ക് അനുസരിച്ചാണു കൗണ്ടർ പ്രവർത്തനം. കൗണ്ടറിൽ തിരക്കുണ്ടാകാതെ ശ്രദ്ധിക്കുമെന്നും അധികൃതർ പറഞ്ഞു.
ടിക്കറ്റ് കാൻസൽ ചെയ്യാനുള്ള ഷെഡ്യൂളും റെയിൽവേ പ്രസിദ്ധീകരിച്ചിട്ടുണ്ട്. (യാത്ര ചെയ്യേണ്ടിയിരുന്ന ദിവസം, കൗണ്ടർ വഴി റീഫണ്ട് ആരംഭിക്കുന്ന തീയതി എന്ന ക്രമത്തിൽ)
മാർച്ച് 22 മുതൽ 31 വരെ– ഇന്നലെ മുതൽ
ഏപ്രിൽ ഒന്നു മുതൽ 14 വരെ– ജൂൺ 3 മുതൽ
ഏപ്രിൽ 15 മുതൽ 30 വരെ– ജൂൺ 9 മുതൽ
മേയ് ഒന്നു മുതൽ 15 വരെ– ജൂൺ 16 മുതൽ
മേയ് 16 മുതൽ 31 വരെ– ജൂൺ 23 മുതൽ
ജൂൺ ഒന്നു മുതൽ 30 വരെ– ജൂൺ 28 മുതൽ.