ADVERTISEMENT

കൊറോണ വൈറസ് കാരണം വിനോദസഞ്ചാരമേഖലയ്ക്കേറ്റ ആഘാതം മൂലം കുളു-മണാലിയില്‍ ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ഗസ്റ്റ്ഹൗസുകള്‍ എന്നിവ പാട്ടത്തിന് എടുക്കാനും ആളില്ല. നിലവില്‍ കരാര്‍ ഉണ്ടായിരുന്നവര്‍ ഒന്നൊന്നായി പാതിവഴിയില്‍ ഉപേക്ഷിച്ച് പോയിക്കൊണ്ടിരിക്കുകയാണ്. മാര്‍ച്ചിനു ശേഷം പുതിയ പാട്ടക്കാര്‍ ഒന്നും വന്നിട്ടുമില്ല.

ജൂലൈ ആദ്യവാരം മുതല്‍ ഹോട്ടല്‍ വ്യവസായങ്ങള്‍ പുനരാരംഭിക്കാനായി ഹിമാചല്‍‌പ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. മണാലിയിൽ മാത്രം 1,200 ഹോട്ടലുകളും 800 കോട്ടേജുകളും ഹോംസ്റ്റേകളും ഗസ്റ്റ്ഹൗസുകളും ഉണ്ട്. എല്ലാ വര്‍ഷവും ഇതിൽ പകുതിയോളം ഉടമസ്ഥർ വിവിധ ദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് പാട്ടത്തിന് നൽകുകയാണ് പതിവ്. എന്നാൽ ഇത്തവണ കോവിഡ് വ്യാപനം മൂലം ഹോട്ടലുകൾ പാട്ടത്തിന് പോകാത്ത സാഹചര്യമാണ്. ഇതുമൂലം ടൂറിസം വ്യവസായത്തെ ആശ്രയിച്ചു കൊണ്ടുള്ള പ്രാദേശിക സമ്പദ്‌‌‌‌‌വ്യവസ്ഥ ആകെ താറുമാറായ അവസ്ഥയിലാണ്.

kulu-manali1

ടൂറിസത്തില്‍ നിന്നുള്ള ലാഭം പ്രതീക്ഷിച്ച്, വന്‍ തുക നല്‍കി മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തേക്ക് വരെ വസ്തുവകകള്‍ പാട്ടത്തിനെടുത്ത കരാറുകാര്‍ ആണ് ഇതില്‍ കൂടുതലും. അഡ്വാൻസ് മടക്കിക്കിട്ടുന്നതിനും പാട്ടക്കാലാവധി നീട്ടാൻ അനുവദിക്കുന്നതിനുമെല്ലാമായി ഉടമകളുമായി ചർച്ച നടത്തുകയാണ് പാട്ടക്കാര്‍. ഭവന നികുതി, ബാങ്ക് വായ്പ പലിശ എന്നിവയ്ക്ക് മൊറട്ടോറിയം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

അതേസമയം, കുളു-മണാലി, മണ്ഡി, ലാഹോള്‍-സ്പിറ്റി എന്നിവിടങ്ങളില്‍ അടുത്ത കാലത്തൊന്നും ടൂറിസം വ്യവസായം ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ മാസത്തോടു കൂടി കുളു-മണാലിയിലെ ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനായിരുന്നു ഉടമകളുടെ പ്ലാന്‍. എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത് നടക്കാന്‍ ഇടയില്ല.  

ലാഹോള്‍-സ്പിറ്റിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ചന്ദ്രതാല്‍ തടാകപ്രദേശവും പൂര്‍ണ്ണമായും വിജനമാണ്. ഇവിടെ ക്യാമ്പിംഗ് സൈറ്റ് ബിസിനസ് നടത്തിയിരുന്ന നാല്‍പ്പതോളം കുടുംബങ്ങളും ഒന്നൊന്നായി പിന്‍വാങ്ങി. ഇതോടെ നിരവധി കുടുംബങ്ങളുടെ ആകെയുള്ള ഉപജീവനമാര്‍ഗ്ഗവും നഷ്ടപ്പെട്ട അവസ്ഥയിലാണ്.

English Summary: Hotels, homestays go without takers in Kullu, Manali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com