കോവിഡ് പാശ്ചാത്തലത്തിൽ ഈ അപൂർവ സൗന്ദര്യം നുകരാൻ സഞ്ചാരികളില്ല
Mail This Article
നീലഗിരി നടുവട്ടത്തിനടുത്ത് മലമുകളിൽ നീലക്കുറിഞ്ഞി പൂത്തു. ഊട്ടി - മൈസൂർ ദേശീയ പാതയോരത്ത് ടിആർ ബസാറിനു സമീപത്തെ മല മുകളിലാണ് നീലക്കുറിഞ്ഞി പൂത്തത്. ഇളംവയലറ്റ് നിറത്തിലുള്ള കുറിഞ്ഞി പൂക്കൾ പൂത്തു കഴിഞ്ഞാൽ മാസങ്ങളോളം കൊഴിയാതെ നിൽക്കും.
മലനിരകളിൽ നീലക്കുറിഞ്ഞികൾ പൂത്തതോടെയാണ് നിലഗിരിക്ക് നീലഗിരിയെന്ന പേര് ലഭിച്ചത്. സംഘകാല കാവ്യം ചിലപ്പതികാരത്തിൽ നീലക്കുറിഞ്ഞിയും നീലഗിരിയും വിവരിക്കുന്നുണ്ട്. നീലക്കുറിഞ്ഞിയിനത്തിലെ സ്ട്രോബിലാന്തസ് കസ്പീഡിയാറ്റസ് വർഗമാണ് ഇവിടെ പൂത്തത്. ഇത് 7 വർഷത്തിലൊരിക്കലാണ് പൂക്കുന്നത്.
ചെടി പൂത്ത് കഴിഞ്ഞാൽ വിത്തുകൾ ഭൂമിയിൽ വർഷിച്ച് ചെടി ഉണങ്ങി പോകും. വിത്തുകൾ മണ്ണിൽ കിടന്നു 7 വർഷം കഴിഞ്ഞ് മുള പൊട്ടി ചെടിയായി പൂക്കും. നീലഗിരിയിൽ 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയാണ് അധികവും പൂക്കുന്നത്.
കല്ലട്ടി മലയടിവാരത്ത് 2018ൽ പൂത്തിരുന്നു. നടുവട്ടത്തിന് താഴെ രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന കുറിഞ്ഞിയും കണ്ടെത്തിയിരുന്നു. ജില്ലയിൽ നീലക്കുറിഞ്ഞിയുടെ 15 ഇനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പശ്ചിമഘട്ട മലനിരകളിൽ 47 തരം കുറിഞ്ഞികൾ ഉണ്ട്. കോവിഡ് പാശ്ചാത്തലത്തിൽ ഈ അപൂർവ സൗന്ദര്യം നുകരാൻ സഞ്ചാരികളില്ല.
English Summary: Neelakurinji blooms