40 വയസു വരെ സ്ത്രീകൾക്ക് വിദേശയാത്രക്ക് മാതാപിതാക്കളുടെ അനുമതി; പ്രതിഷേധവുമായി വനിതകള്‍
Mail This Article
നേപ്പാളില്‍ ആദ്യമായി വിദേശത്തു പോകുന്ന നാൽപതു വയസിൽ താഴെ പ്രായമുള്ള സ്ത്രീകൾ രക്ഷിതാക്കളുടെയും തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെയും അനുമതി പത്രം ഹാജരാക്കണമെന്ന് ഇമിഗ്രേഷൻ വിഭാഗം. ഇതിനായി നിയമനിര്‍മാണം നടത്താനും നീക്കമുണ്ട്. ഈ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധവുമായി വനിതാ സംഘടനകൾ രംഗത്തെത്തി. തികച്ചും സ്ത്രീവിരുദ്ധമായ ഈ നിയമം നടപ്പാക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് ഇമിഗ്രേഷൻ വകുപ്പിനു മുന്നിലേക്ക് സ്ത്രീകള്‍ മാർച്ച് നടത്തി.
സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് ഈ നീക്കമെന്നും നിയമം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവര്‍ മേധാവിത്വ ചിന്താഗതി പുലര്‍ത്തുന്നവരാണെന്നും നേപ്പാളിലെ പ്രമുഖ വനിതാ സംഘടനയായ വിമൻ ലീഡ് നേപ്പാളിന്‍റെ എക്സിക്യൂട്ടിവ് ഡയറക്ടർ ഹിമ ബിസ്ത പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ നടപടിയാണിതെന്നും നേപ്പാൾ മുൻ ഇലക്‌ഷൻ കമ്മിഷനർ ഇള ശർമ പറഞ്ഞു.
കഴിഞ്ഞ പന്ത്രണ്ടു മാസത്തിനിടെ പ്രായ പൂർത്തിയായ പതിനയ്യായിരത്തോളം യുവതികളെ മനുഷ്യക്കടത്തു സംഘം വിദേശത്തേക്കു കടത്തിയതായാണ് കണക്ക്. ഇത് കൂടാതെ, പ്രായപൂർത്തിയാകാത്ത മറ്റ് അയ്യായിരത്തോളം പെൺകുട്ടികളും ചതിയില്‍പ്പെട്ടു വിദേശങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ടൂറിസ്റ്റ് വീസയില്‍ കാഠ്മണ്ഡുവിൽ നിന്നു വിമാനം കയറിയ നിരവധി പെണ്‍കുട്ടികള്‍ ഗൾഫ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ലൈംഗിക അടിമകളാക്കപ്പെട്ടുവെന്നാണ് നേപ്പാൾ മനുഷ്യാവകാശ കമ്മീഷന്‍റെ റിപ്പോർട്ട്. ഈ മനുഷ്യക്കടത്ത് മാഫിയയെ ഇല്ലാതാക്കാൻ രാജ്യത്ത് പുതിയൊരു നിയമം പാസാക്കണമെന്നും നേപ്പാൾ ഇമിഗ്രേഷൻ വകുപ്പ് സർക്കാരിനു ശുപാർശ നൽകിയിട്ടുണ്ട്.
2017ൽ, യുവതികൾ ഗൾഫ് രാജ്യങ്ങളിൽ വീട്ടുജോലിക്കു പോകുന്നതു നിരോധിച്ചുകൊണ്ട് നേപ്പാൾ ഗവൺമെന്‍റ് ഉത്തരവ് ഇറക്കിയിരുന്നു. ഇങ്ങനെ കടുത്ത യാത്രാ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയാല്‍ രേഖകളില്ലാതെ വിദേശത്തു പോകുന്നവരുടെ എണ്ണം കൂടുമെന്നും അതിനാല്‍ റിക്രൂട്മെന്‍റ് ഏജൻസികളെ നിയന്ത്രിക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് സൗത്ത് ഏഷ്യ ഡയറക്ടർ മീനാക്ഷി ഗാംഗുലി പറഞ്ഞു.
English Summary: Nepal Tourism New Law for Women Travellers