കോടമഞ്ഞും കുളിർകാറ്റും : വരിക്കമുത്തൻ ഹിൽടോപിൽ സഞ്ചാരികളുടെ തിരക്കേറുന്നു
Mail This Article
ആലപ്പുഴ – മധുര സംസ്ഥാനപാതയോരത്തെ വരിക്കമുത്തൻ ഹിൽടോപ് സഞ്ചാരികളുടെ തിരക്കേറുന്നു. ചേലച്ചുവട് – വണ്ണപ്പുറം റോഡിലൂടെ പതിവായി സഞ്ചരിക്കുന്നവർ കുറച്ചു നേരമെങ്കിലും ഇവിടെ വാഹനം ഒതുക്കി വിശ്രമിക്കാതെ കടന്നു പോകാറില്ല. ദീർഘദൂരം ഓടിയെത്തുന്ന വാഹനങ്ങൾക്ക് അൽപം വിശ്രമം കിട്ടുന്നതിനൊപ്പം യാത്രക്കാർക്ക് ആവോളം ശുദ്ധവായു ശ്വസിക്കാനുള്ള സൗകര്യവും മലമുകളിലെ ഈ വഴിയോര കേന്ദ്രത്തിലുണ്ട്.
എപ്പോഴും വീശിയടിക്കുന്ന നേർത്ത കുളിർകാറ്റാണു വരിക്കമുത്തൽ ഹിൽടോപ്പിന്റെ പ്രധാന ആകർഷണം. വൈകുന്നേരങ്ങളിലെ കോടമഞ്ഞും ഇവിടത്തെ പ്രത്യേകതയാണ്. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന മലനിരകളുടെ വിസ്മയക്കാഴ്ചയും സഞ്ചാരികളുടെ മനസ്സിനു കുളിർമ നൽകും.
അടിസ്ഥാന സൗകര്യങ്ങൾ വേണ്ടത്ര ഇല്ലെങ്കിലും ദിവസവും ഒട്ടേറെ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. പ്രാഥമിക ആവശ്യങ്ങൾക്കു പോലും സൗകര്യമില്ല. കഞ്ഞിക്കുഴി പഞ്ചായത്ത് അടിസ്ഥാനസൗകര്യം ഒരുക്കുകയാണെങ്കിൽ ഹിൽടോപ് ഹൈറേഞ്ചിലേക്കുള്ള പ്രധാന ഇടത്താവളമാകുമെന്നു യാത്രക്കാർ പറയുന്നു.
English Summary: Varikkamuthan Hilltop Idukki