ഇടുക്കിയിലെ വണ്ണപ്പുറം, ഒറ്റ പഞ്ചായത്തിൽ അഞ്ച് ടൂറിസ്റ്റ് കേന്ദ്രങ്ങൾ
Mail This Article
ഇടുക്കി ലോ റേഞ്ചിലെ പ്രമുഖ പഞ്ചായത്ത് ആയ വണ്ണപ്പുറം ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സംഗമഭൂമിയാണ്. ആയിരക്കണക്കിനു ജനങ്ങൾ വസിക്കുന്ന ഇവിടം സഞ്ചാരികളെ ആകർഷിക്കുന്ന അഞ്ച് ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ട്. കരിമണ്ണൂർ വണ്ണപ്പുറം പഞ്ചായത്തുകളുടെ അതിർത്തിയായ തൊമ്മൻകുത്ത് ടൂറിസ്റ്റ് കേന്ദ്രമാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇതിനു അടുത്ത് തന്നെയുള്ള ആനയാടികുത്ത്, വണ്ണപ്പുറം ടൗണിനു സമീപം ഉള്ള കോട്ടപ്പാറ, പട്ടയക്കുടി ഭാഗത്തുള്ള മീനുളിയാൻപാറ, കാറ്റാടിക്കടവ് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങൾ എല്ലാം വണ്ണപ്പുറത്തിനു സ്വന്തം.
എന്നാൽ പല ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇനിയും വികസനം അകലെയാണ്. ഒട്ടേറെ സഞ്ചാരികൾ എത്തുന്ന അപകട സാധ്യത ഏറെയുള്ള കോട്ടപ്പാറ വ്യൂ പൊയന്റിൽ സുരക്ഷാ വേലികളോ മറ്റ് അപകട സാധ്യതാ മുന്നറിയിപ്പ് ബോർഡുകളോ ഇല്ല. കൂടുതലായി രാത്രി കാലങ്ങളിലും പുലർച്ചെയും സഞ്ചാരികൾ ഏറെ എത്തുന്ന ഇവിടെ സുരക്ഷാ വേലികൾ ഇല്ലാത്തത് അപകട സാധ്യത വർധിപ്പിക്കുന്നു.
ഇതേ അവസ്ഥ തന്നെയാണ് പഞ്ചായത്തിലെ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളായ കാറ്റാടിക്കടവ്, മീനുളിയാൻപാറ, ആനയാടികുത്ത് തുടങ്ങിയവയ്ക്ക് ഉള്ളത്. കാറ്റാടിക്കടവിലേക്കുള്ള റോഡു പോലും സഞ്ചാര യോഗ്യമല്ലാതെ മാറി. ഒരു സുരക്ഷാക്രമീകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് സാധിച്ചിട്ടില്ല. തൊമ്മൻകുത്ത് ഇക്കോ ടൂറിസ്റ്റ് കേന്ദ്രം മാത്രമാണ് അൽപമെങ്കിലും മെച്ചമായിട്ടുള്ളത്. ഇവിടെ നേരത്തെ സുരക്ഷാ വേലികൾ ഉണ്ടായിരുന്നെങ്കിലും ഇതും ഇപ്പോൾ നശിച്ചിരിക്കുകയാണ്.
English Summary:Vannappuram Tourist Places