വിനോദ സഞ്ചാരികള്‍ക്ക് 8 വാക്സിനുകള്‍ നിര്‍ദ്ദേശിച്ച് തായ്ലന്ഡ്
Mail This Article
യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി ഈ മാസം തായ്‌ലൻഡ് ക്വാറന്റീന്‍ കാലാവധിയില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിരിക്കുകയാണ്. ഫുക്കറ്റ് പോലെയുള്ള ദ്വീപുകള്‍ ജൂലൈ മുതൽ പ്രതിരോധ കുത്തിവയ്പ് എടുത്ത വിനോദസഞ്ചാരികൾക്ക് ക്വാറന്റീന്‍ പൂര്‍ണ്ണമായും ഒഴിവാക്കാനും ആലോചിക്കുന്നുണ്ട്. കോവിഡ് മൂലം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളിലെ ഏറ്റവും വലിയ സാമ്പത്തിക നഷ്ടമാണ് തായ്‌ലന്‍ഡിനുണ്ടായിരിക്കുന്നത്.
രാജ്യത്ത് എത്തിച്ചേരുമ്പോള്‍ പാലിക്കേണ്ട നിര്‍ബന്ധിത ക്വാറന്റീന്‍ സമയം ചുരുക്കാൻ ആഗ്രഹിക്കുന്ന വിദേശ സന്ദർശകർക്ക്, സിനോവാക് ബയോടെക് ലിമിറ്റഡ്, ഫൈസർ ഇങ്ക് എന്നിവയുൾപ്പെടെ എട്ട് കോവിഡ്-19 വാക്സിൻ നിർമാതാക്കളുടെ പട്ടികയും തായ്‌ലന്‍റഡ് അംഗീകരിച്ചിട്ടുണ്ട്.
ക്വാറന്റീന്‍ കാലാവധി ഏഴു ദിവസമായി കുറയ്ക്കുന്നതിനായി സന്ദർശകർ ഇവയില്‍ ഏതെങ്കിലും ഒരു വാക്സിന്‍ എടുത്തിരിക്കണം. ഇതിനായി, സഞ്ചാരികള്‍ രാജ്യത്തിന്‍റെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപ്‌ലോഡ് ചെയ്യണം. പ്രതിരോധ കുത്തിവയ്പ്പുകൾ ഇല്ലാത്തവർക്ക് 10 ദിവസത്തെ ക്വാറന്റീന്‍ വേണം. മാത്രമല്ല, രാജ്യത്തെത്തുന്ന ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ, രണ്ടാഴ്ചത്തെ ക്വാറന്റീന്‍ പാലിക്കണം.
അംഗീകൃത വാക്സിൻ നിർമാതാക്കളുടെ പട്ടികയില്‍ സിനോവാക്, അസ്ട്രസെനെക പിഎൽസി, എസ്‌കെ ബയോസയൻസ് കമ്പനി ലിമിറ്റഡ്, ഫൈസർ, ബയോടെക് എസ്ഇ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ജോൺസൺ ആന്‍ഡ് ജോൺസൺ, മോഡേണ ഇൻകോർട്ട്, സിനോഫാം ഗ്രൂപ്പ് കോ എന്നിവയാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
വിദേശകാര്യ മന്ത്രാലയത്തിന്‍റെ ചട്ടപ്രകാരം എന്‍ട്രി സർട്ടിഫിക്കറ്റ്, സാധുവായ വിസ, ആരോഗ്യ ഇൻഷുറൻസ് വിവരങ്ങള്‍, കോവിഡ് -19 പരിശോധനാ ഫലങ്ങൾ എന്നിവയും സഞ്ചാരികള്‍ വാക്‌സിൻ സർട്ടിഫിക്കറ്റിനൊപ്പം ഹാജരാക്കേണ്ടതുണ്ട്. ക്വാറന്റീന്‍ കാലാവധി ചുരുക്കാന്‍ ആഗ്രഹിക്കുന്നവർ യാത്രാ തീയതിയുടെ 14 ദിവസത്തിനു മുന്‍പെങ്കിലും ഷോട്ടുകൾ എടുത്തിരിക്കണം. 2019 ൽ 40 ദശലക്ഷം വിദേശ സന്ദർശകരിൽ നിന്ന് 60 ബില്യൺ ഡോളറിലധികമായിരുന്നു തായ്‌ലാന്‍റിന്‍റെ ടൂറിസം വരുമാനം. രോഗം നിയന്ത്രിക്കുന്നതില്‍ വിജയം കൈവരിക്കാനായെങ്കിലും ടൂറിസം മേഖല ഇപ്പോഴും തകര്‍ച്ചയില്‍ തന്നെയാണ്. മാത്രമല്ല, ഇടയ്ക്കിടെ ഉയരുന്ന അണുബാധ നിരക്കുകളും ടൂറിസത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
സെന്റർ ഫോർ കോവിഡ് -19 സിറ്റുവേഷന്‍ അഡ്മിനിസ്ട്രേഷന്‍റെ ഞായറാഴ്ചത്തെ കണക്കനുസരിച്ച് രാജ്യത്ത് ദിവസേനയുള്ള അണുബാധകൾ 967 ആയി ഉയർന്നിട്ടുണ്ട്. ഈയവസ്ഥയില്‍ രാജ്യം വീണ്ടും വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് എത്രത്തോളം പ്രായോഗികവും ഔചിത്യപൂര്‍ണ്ണവുമായിരിക്കും എന്നുള്ള സംശയവും നിലനില്‍ക്കുന്നുണ്ട്.
English Summary: Thailand approves 8 specific vaccines for foreign visitors