ADVERTISEMENT

കോവിഡ് കണക്കുകള്‍ പ്രതിദിനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് കൂടുതല്‍ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയേക്കും. ഇന്ത്യയിൽ നിന്നുള്ള ഓരോ വിമാനത്തിലും ശരാശരി നാല് രോഗബാധിതരുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. കോവിഡ് രോഗികൾ വർദ്ധിക്കുന്ന ഈയവസരത്തില്‍ ഇന്ത്യയുമായി രാജ്യാന്തര യാത്രകള്‍ക്ക് മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്.

ഈ നിയന്ത്രണങ്ങൾ ഇന്ത്യയിലെ വിമാനയാത്രാമേഖലയെ കഴിഞ്ഞ തവണത്തെക്കാള്‍ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊറോണയുടെ ആദ്യതരംഗത്തിനു ശേഷം പതിയെ പൂര്‍വസ്ഥിതിയിലേക്ക് വരികയായിരുന്നെങ്കിലും ഇപ്പോൾ വീണ്ടും പ്രക്ഷുബ്ധാവസ്ഥയിലാണ്. പല റൂട്ടുകളിലെയും ബുക്കിങ് പകുതിയിലധികം ഇടിഞ്ഞു. യാത്രികരുമായി ബന്ധപ്പെട്ട്, സർക്കാർ നിർദ്ദേശിച്ച പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് വിമാനക്കമ്പനികള്‍ ഉറപ്പുനൽകുന്നുണ്ട്.

ഇന്ത്യയിൽ നിന്നെത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

ഏപ്രിൽ 22 മുതൽ ഇന്ത്യയിൽ നിന്ന് അബുദാബിയിലേയ്ക്കു വരുന്നവർ യാത്രപുറപ്പെടുന്നതിന് 48 മണിക്കൂറിനകം എടുത്ത കോവിഡ്19 പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് അബുദാബി വിമാനത്താവളത്തിൽ‌ ഹാജരാക്കണമെന്ന് വിവിധ വിമാന കമ്പനി അധികൃതർ ട്വീറ്റ് ചെയ്തിട്ടുണ്ട്. ആളുകൾ വരുന്ന സ്ഥലത്തെ അംഗീകൃത ലാബിൽ നിന്നെടുത്ത സർടിഫിക്കറ്റ് മാത്രമേ സ്വീകരിക്കുകയുള്ളൂ. 

വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍

ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഒമാനിലേക്കു യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഏപ്രില്‍ 24 വൈകിട്ട് ആറു മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. ബുധനാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണു തീരുമാനം. സ്വദേശി പൗരന്‍മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്കു യാത്രാ വിലക്കില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്

യാത്രാ വിലക്കേര്‍പ്പെടുത്തി പാകിസ്താന്‍

ഏപ്രില്‍ 19 മുതല്‍ പാകിസ്താന്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രണ്ടാഴ്ച്ചത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. റോഡുമാര്‍ഗം വരുന്നവര്‍ക്കും ഈ വിലക്ക് ബാധകമാണ്. നാഷണൽ കമാൻഡ് ആൻഡ് ഓപ്പറേഷൻ സെന്റർ (എൻസിഒസി) പുറത്തിറക്കിയ പ്രസ്താവനയിൽ ആസൂത്രണ വികസന മന്ത്രി ആസാദ് ഉമറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം.

യുകെയിലേക്കുള്ള യാത്രാ സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

ഇന്ത്യയില്‍ നിന്നും യുകെയിലേക്കുള്ള യാത്രാ സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം ഇന്ത്യയില്‍ അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയുടെ നടപടി.  ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാനിരുന്നവര്‍ക്ക് റീഫണ്ട്, പുതിയ തീയതി തുടങ്ങിയ കാര്യങ്ങളില്‍ വേഗത്തില്‍ തന്നെ തീരുമാനമുണ്ടാകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

കൂടുതല്‍ രാജ്യങ്ങളിൽ യാത്രാവിലക്ക് 

ഏപ്രിൽ 19 ന് ന്യൂസിലാന്‍ഡ്, ഹോങ്കോംങ്, യുകെ എന്നിവിടങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ നിരോധിച്ചിരുന്നു. പ്രത്യേക അവസ്ഥ കണക്കിലെടുത്ത്, കഴിഞ്ഞ ദിവസം യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലേക്കുള്ള സന്ദർശനം റദ്ദാക്കിയിരുന്നു. പ്രധാനമന്ത്രി ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കിയതിന് മണിക്കൂറുകൾക്ക് ശേഷം ബ്രിട്ടൻ ഇന്ത്യയ്ക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. ഏപ്രിൽ 16 മുതല്‍ ഇന്ത്യയെ ബ്രിട്ടന്‍റെ "റെഡ് ലിസ്റ്റിൽ" ഉൾപ്പെടുത്തുന്നതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് അറിയിച്ചു. യുകെ, ഐറിഷ് പൗരന്മാർ ഒഴികെ ഇന്ത്യയിൽ നിന്നുള്ള എല്ലാ വരവുകളും നിരോധിച്ചിട്ടുണ്ട്. 

ഏപ്രിൽ 20 ന്, യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഇന്ത്യയിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ എല്ലാ പൗരന്മാർക്കും നിര്‍ദ്ദേശം നൽകിയിരുന്നു. ഇന്ത്യയിലെ നിലവിലെ സ്ഥിതി കാരണം പൂർണ്ണമായും വാക്സിനേഷൻ നൽകിയ യാത്രക്കാർ പോലും കോവിഡ് -19 പ്രചാരകരാകാനുള്ള സാധ്യതയുണ്ട്.  ഇന്ത്യയിലേക്കുള്ള യാത്ര അത്യാവശ്യമെങ്കിൽ യാത്രയ്ക്ക് മുമ്പ് പ്രതിരോധ കുത്തിവയ്പ് എടുക്കണം. എല്ലാ യാത്രക്കാരും മാസ്ക് ധരിക്കണം, മറ്റുള്ളവരിൽ നിന്ന് 6 അടി അകലെ നിൽക്കണം, ജനക്കൂട്ടം ഒഴിവാക്കണം, കൈ കഴുകണം. നിര്‍ദ്ദേശത്തില്‍ പറയുന്നു.

കാനഡയിലേക്ക് യാത്ര ചെയ്യുന്ന കോവിഡ് രോഗികളുടെ ഏറ്റവും വലിയ ഒറ്റ ഉറവിടം ഇന്ത്യയാണെന്ന് ഒരു കനേഡിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡ് 19 പോസിറ്റീവ് യാത്രക്കാരുള്ള രാജ്യാന്തര വിമാനങ്ങളിൽ മൂന്നിലൊന്ന് കാനഡയിലാണ് എത്തിച്ചേരുന്നത് എന്ന് ഇതില്‍ പറയുന്നു. യുകെ, വടക്കേ അമേരിക്കയിലെ നഗരങ്ങൾ എന്നിവയാണ് ഇന്ത്യക്കാർക്കിടയില്‍ ഏറ്റവും ജനപ്രിയമായ സ്ഥലങ്ങൾ. അതിനാൽ ഇന്ത്യൻ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന എയർ ബബിൾ ക്രമീകരണങ്ങളിൽ ഇവിടങ്ങളിലേക്ക് കൂടുതൽ വിമാനങ്ങളുണ്ട്. മൊത്തം 28 രാജ്യങ്ങളുമായാണ് നിലവില്‍ ഇന്ത്യക്ക് എയര്‍ ബബിള്‍ സംവിധാനം ഉള്ളത്.

English Summary: Several Countries put India on International Travel ban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com