സിനിമാ താരങ്ങളുടെ പറുദീസയിലേക്ക് യാത്രാവിലക്ക്
Mail This Article
പുതിയ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് മാലദ്വീപ് ഏര്‍പ്പെടുത്തിയ നിരോധനം ഇന്നു മുതല്‍ പ്രാബല്യത്തില്‍. ഏപ്രില്‍ 27 മുതല്‍ മാലദ്വീപിലെ ജനവാസമുള്ള ദ്വീപുകളിലുള്ള ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍, മറ്റു താമസകേന്ദ്രങ്ങള്‍ എന്നിവയില്‍ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ താമസിക്കരുത് എന്നുള്ള അറിയിപ്പ് കഴിഞ്ഞ ഞായറാഴ്ച മാലദ്വീപ് ടൂറിസം മന്ത്രാലയം പുറത്തു വിട്ടിരുന്നു. എന്നാല്‍ ജനവാസമില്ലാത്ത ടൂറിസ്റ്റ് ദ്വീപുകളില്‍ ഉള്ള റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഇത് ബാധകമല്ല, ഇവയില്‍ ബുക്കിങ്ങുകള്‍ തുടരാം. പബ്ലിക് ഹെൽത്ത് ഡയറക്ടർ ജനറൽ മൈമൂന അബൂബക്കർ ഒപ്പിട്ട ഉത്തരവ് പ്രകാരം 2021 ഏപ്രിൽ 27 മുതൽ നിയന്ത്രണങ്ങൾ കര്‍ശനമായി നടപ്പിലാക്കും.
ഈ ഉത്തരവ് പ്രകാരം, ഇന്ത്യയിൽ നിന്ന് മാലദ്വീപിലേക്കുള്ള യാത്രക്കാർ (യാത്രക്കിടെ ഇന്ത്യയിൽ 24 മണിക്കൂറിലധികം സമയം ചിലവഴിച്ചവര്‍ ഉൾപ്പെടെ) മാലദ്വീപിലേക്ക് പ്രവേശിക്കുമ്പോൾ 92 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് പിസിആർ പരിശോധനാ ഫലം ഹാജരാക്കേണ്ടതുണ്ട്. വാക്സിനേഷൻ എടുത്തവരും ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യയിൽ നിന്ന് മാലദ്വീപിലെത്തുന്ന മാലദ്വീപ് പൗരന്മാരും വർക്ക് പെർമിറ്റ് ഹോൾഡർമാരും (വാക്സിനേഷൻ എടുത്തിട്ടുള്ളവർ ഉൾപ്പെടെ) എത്തിച്ചേർന്ന് 24 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധന നടത്തുകയും 10 ദിവസത്തെ ക്വാറന്റൈീന് വിധേയരാവുകയും വേണം. ക്വാറന്റൈീന്‍ കാലാവധി പൂർത്തിയാകുമ്പോൾ കോവിഡ് പരിശോധന നടത്തണം ഫലം നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈന്‍ തുടരേണ്ടതില്ല. ഇതിൽ ഒരു വയസ്സിന് താഴെയുള്ള കുട്ടികൾ ഉൾപ്പെടുന്നില്ല.
ഏപ്രില്‍ 27ന് മുന്നേയുള്ള ദിനങ്ങളില്‍ താമസകേന്ദ്രങ്ങള്‍ ബുക്ക് ചെയ്തവര്‍ക്ക് കാലാവധി തീരും വരെ താമസിക്കാം. മാലദ്വീപില്‍ നിന്നും മടക്കയാത്ര ചെയ്യുന്ന ടൂറിസ്റ്റുകളും പിസിആര്‍ ടെസ്റ്റ് ചെയ്യേണ്ടതുണ്ട്.
മറ്റ് പല രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇന്ത്യയുമായുള്ള രാജ്യാന്തര വിമാന സർവീസുകൾ മാലദ്വീപ് നിർത്തിയിട്ടില്ല. 2020 ലെ ആദ്യത്തെ ലോക്ക്ഡൗണ്‍ കഴിഞ്ഞ് വിനോദ സഞ്ചാരികൾക്കായി വാതിൽ തുറന്ന ആദ്യത്തെ രാജ്യമാണ് മാലദ്വീപ്. കഴിഞ്ഞ വര്‍ഷം മാലദ്വീപ് ടൂറിസത്തിന്‍റെ വളര്‍ച്ചയില്‍ ഏറ്റവും വലിയ പങ്കു വഹിച്ച രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ നിന്നുള്ള നിരവധി സെലിബ്രിറ്റികളുടെ ലക്ഷ്വറി വെക്കേഷന്‍ സ്പോട്ടായിരുന്നു ഇവിടം. കോവിഡ് വീണ്ടും പിടി മുറുക്കും വരെ ഈ വര്‍ഷവും ഇത് തുടരുകയായിരുന്നു.
മാലദ്വീപ് മാത്രമല്ല, നെതര്‍ലന്‍ഡ്, ജര്‍മനി, ഇറ്റലി, ബംഗ്ലാദേശ്, യു.കെ മുതലായ രാജ്യങ്ങളും ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
English Summary: Maldives Bans Indian Tourists from April 27