ദയവു ചെയ്ത് ഇപ്പോൾ ആരും ഇങ്ങോട്ട് വരരുത്, സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി നൈനിറ്റാൾ
Mail This Article
ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളും സഞ്ചാരികൾക്കായി തുറന്നു. വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് യാത്രക്കാരുടെ ഒഴുക്കും വർദ്ധിച്ചു. കോവിഡ് പ്രോട്ടോക്കോൾ പോലും പാലിക്കാതെയുള്ള സഞ്ചാരികളുടെ ഈ യാത്രയിൽ രാജ്യം ആശങ്കയിലാണ്. ഇൗ സാഹചര്യത്തിൽ സഞ്ചാരികൾ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. സന്ദർശകരുടെ എണ്ണം കൂടിയതോടെ നൈനിറ്റാളിലേക്കെത്തുന്നവർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് പ്രാദേശിക ഭരണകൂടം.
ടൂറിസ്റ്റുകളിൽ മിക്കവരും നെഗറ്റീവ് ആർ ടി പിസി ആര്‍ സർട്ടിഫിക്കേറ്റ് നൽകാൻ തയാറാകുന്നില്ലെന്ന് നൈനിറ്റാളിലെ അധികൃതർ പറയുന്നു. കൂടാതെ സഞ്ചാരികളുടെ എണ്ണം കൂടിയതോടെ ഹിൽ സ്റ്റേഷനുകളിൽ പാർക്കിങ് സ്ഥലവുമില്ല. അയ്യായിരത്തോളം സന്ദർശകര്‍ എത്തുന്ന ഹിൽസ്റ്റേഷനില്‍ നൈനിറ്റാൾ ഭരണകൂടം ഇപ്പോൾ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. തിരക്ക് കൂടിയതോടെ നൈനിറ്റാളിലേക്ക് പ്രവേശിക്കണമെങ്കിൽ സ്മാർട്ട് സിറ്റി പോർട്ടലിൽ റജിസ്റ്റർ ചെയ്യേണമെന്നും എത്തുന്നതിനും മുമ്പ് 72 മണിക്കൂറിൽ കുറയാത്ത ആർടി-പിസിആർ പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ട് കൈവശം കരുതണമെന്നും നൈനിറ്റാൽ ജില്ലാ മജിസ്‌ട്രേറ്റ് ധീരജ് സിംഗ് ഗാർബാൽ വ്യക്തമാക്കി.
ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും നൈനിറ്റാൾ തടാകത്തിനരികിലേക്കുള്ള യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിനുമായി വാരാന്ത്യങ്ങളിൽ നൈനിറ്റാളിലേക്ക് ഇരുചക്രവാഹനങ്ങൾ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുകയാണ്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള യാത്ര
സഞ്ചാരികളുടെ പറുദീസയായ മണാലിയിലും ഇക്കഴിഞ്ഞ ദിവസങ്ങളിൽ ടൂറിസ്റ്റുക്കളുടെ തിരക്കായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടുംകൂടി മാസ്കും പോലും ധരിക്കാതെയാണ് സന്ദർശകര്‍ എത്തിയത്. മാസ്‌ക് ധരിക്കാതെ കുളുവിലും മണാലിയിലും കറങ്ങുന്ന സഞ്ചാരികള്‍ക്ക് പൊലീസ് പിഴ ഈടാക്കിയിരുന്നു. മാസ്‌ക് ധരിക്കാത്തവര്‍ക്ക് 5000 രൂപ പിഴയോ എട്ടുദിവസത്തെ ജയില്‍വാസമോ ശിക്ഷയായി വിധിച്ചിട്ടുണ്ടെന്ന് കുളു പൊലീസ് മേധാവി വ്യക്തമാക്കിട്ടുണ്ട്.
നൈനിറ്റാൾ, മസ്സൂറി, ഹിമാചലിലെ മണാലി എന്നിവയുൾപ്പെടെ സ്ഥലങ്ങളിൽ തിരക്ക് വർധിച്ചതോടെ ഇവിടെയുള്ള ഹോട്ടലുകളും സന്ദർശകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കോവിഡ് പടർന്നു പിടിക്കുന്ന ഇൗ സാഹചര്യത്തിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ തിരക്ക് കൂടുന്നത് ആശങ്കാജനകമാണ്.
English Summary: Nainital asks thousands of tourists to go back amid Covid 19 Fears