ഇതെന്തു മായാജാലം; കടുവാസങ്കേതത്തിൽ നീലക്കുറിഞ്ഞി പൂത്തു
Mail This Article
ബിലിഗിരി രംഗനാഥസ്വാമിക്ഷേത്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ നീലക്കുറിഞ്ഞി പൂത്തു. കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. നിർഭാഗ്യം, നീലക്കുറിഞ്ഞിയുടെ കാഴ്ച ആസ്വദിക്കുവാന്‍ സാധിക്കില്ല. കടുവ സംരക്ഷണകേന്ദ്രമായതിനാൽ പൊതുജനങ്ങൾക്ക് ഇവിടേക്ക് പ്രവേശനമില്ല. മൂന്നാറിലും രാജമലയിലും മറ്റുമായി പൂവിടുന്ന നീലവസന്തം കടുവാ സങ്കേതത്തിൽ വിരിഞ്ഞത് അധികൃതർക്കടക്കം അതിശയമായിരിക്കുകയാണ്. ബി.ആർ.ടി. വനംവകുപ്പ് അധികൃതർ ട്വിറ്ററിലൂടെ നീലക്കുറിഞ്ഞിയുടെ ചിത്രം പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.
അടുത്തിടെ കുടകിലെ മണ്ഡൽപെട്ടിയിലും കോട്ടബെട്ടയിലും നീലക്കുറിഞ്ഞി പൂത്തിരുന്നു. ആദ്യമായാണ് ബിലിഗിരി രംഗനാഥസ്വാമിക്ഷേത്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ നീലക്കുറിഞ്ഞി പൂത്തിരിക്കുന്നതെന്നും മുമ്പ് ഇവിടെ നീലക്കുറിഞ്ഞി വിരിഞ്ഞിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നും ബി.ആർ.ടി. റേഞ്ച് ഡെപ്യൂട്ടി കൺസർവേറ്റർ സന്തോഷ് കുമാർ പറഞ്ഞു.
ബിആർ ഹിൽസ്
ബിആർ ഹിൽസ് 2011 ലാണ് കടുവാസങ്കേതമായി പ്രഖ്യാപിച്ചത്. 539.52 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കാടാണിത്. സത്യമംഗലം കാടുമായി അതിർത്തി പങ്കിടുന്നുണ്ട്. പശ്ചിമഘട്ടവും പൂർവഘട്ടവും യോജിക്കുന്ന ഇടമാണ് ബിആർ ഹിൽസ്. ബിലിഗിരി രംഗനാഥ സ്വാമി ഹിൽസ് എന്നാണു ബിആർ ഹിൽസിന്റെ യഥാർഥ പേര്. ബിആർ കടുവ സങ്കേതത്തിന്റെ വിശാലതയും പച്ചപ്പും ആസ്വദിക്കേണ്ടതാണ്.
English Summary: In a rare sight, BRT Tiger Reserve covered in blue flowers