62 കാരി സിമ്പിളായി കീഴടക്കിയത് അഗസ്ത്യാർകൂടം
Mail This Article
വയസ്സ് വെറും നമ്പർ മാത്രമാണ്, ആത്മവിശ്വാസം ഉണ്ടെങ്കിലും ഏത് ആഗ്രഹവും നിറവേറ്റാം, എന്ന് തെളിയിച്ചിരിക്കുകയാണ് ബെംഗളൂരു സ്വദേശി നാഗരത്നമ്മ. ഇൗ പ്രായത്തിലും ചുറുചുറുക്കോടെ അഗസ്ത്യാർകൂടം കീഴടക്കിയ സന്തോഷത്തിലാണ് ഇൗ 62 കാരി. ആഗ്രഹങ്ങൾ മനസ്സിൽ വയ്ക്കാനുള്ളതല്ല ഏത് പ്രതിസന്ധിയെയും മറികടന്ന് ആ സ്വപ്നം സാക്ഷാത്കരിക്കണം.
ഇക്കഴിഞ്ഞ ഫെബ്രുവരി 16 നാണ് നാഗരത്നമ്മ ട്രെക്കിങ് ടീമിനൊപ്പം അഗസ്ത്യാർകൂടം കീഴടക്കിയത്. വയസ്സ് വെറും നമ്പറാണെന്ന് തെളിയിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മകനും സുഹൃത്തുക്കൾക്കുമൊപ്പമാണ് നാഗരത്നമ്മ കേരളത്തിലെത്തിയത്. സാരിയുടുത്ത് കയറിൽ പിടിച്ച് തൂങ്ങിയാണ് 1,868 മീറ്റർ ഉയരമുള്ള അഗസ്ത്യമല കയറിയത്.
ട്രെക്കിങ്ങും യാത്രയും ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് നാഗരത്നമ്മ. തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറി നിൽക്കാനാവാത്തതിനാലാണ് ഇത്രക്കാലം ഈ സ്വപ്നത്തിന് പിറകെ പോകാൻ കഴിയാതിരുന്നതെന്ന് ഇൻസ്റ്റഗ്രാം കുറിപ്പിൽ പറയുന്നുണ്ട്.
കഠിനമായ ട്രെക്കിങ് റൂട്ടുകളില്‍ ഒന്ന്
കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ് റൂട്ടുകളില്‍ ഒന്നാണ് അഗസ്ത്യാർകൂടം. പ്രകൃതിസൗന്ദര്യവും ജൈവവൈവിധ്യവും കൊണ്ട് സമ്പന്നമാണിവിടം. ഹിന്ദുപുരാണത്തിലെ സപ്തർഷികളിൽ ഒരാളായ അഗസ്ത്യമുനിയെയാണ് ഇവിടെ ആരാധിക്കുന്നത്. അഗസ്ത്യമലയുടെ മുകളിൽ അഗസ്ത്യമുനിയുടെ പൂർണകായ പ്രതിമയുണ്ട്. അഗസ്ത്യമല ട്രെക്കിങ്ങിന് വനംവകുപ്പിന്റെ അനുമതി ആവശ്യമുണ്ട്.
അപൂര്‍വമായ സസ്യങ്ങളും ജീവജാലങ്ങളും ഉള്ള പ്രദേശമായതിനാല്‍ ഇവിടേക്ക് സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ ഒരു മാസം കര്‍ശന നിയന്ത്രണങ്ങളോടെ ഇവിടേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാറുണ്ട്. വന്യമൃഗങ്ങളും അട്ടകളും വിഹരിക്കുന്ന കൊടുംവനത്തിനുള്ളിലൂടെ 27 കിലോമീറ്റർ നടന്നാണ് ഏറ്റവും മുകളിലെത്തുന്നത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 6200 അടി ഉയരത്തിലാണ് അഗസ്ത്യാർകൂടം.
English Summary: 62-year-old Woman Treks Agasthyarkoodam Peak