ADVERTISEMENT

ന്യൂസിലന്‍ഡിലെ ഓക്‌ലാന്‍ഡ് നഗരത്തിലെ കാഴ്ചകള്‍ കാണണമെങ്കില്‍ ഈ റെസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയാല്‍ മതി. രുചികരമായ വിഭവങ്ങള്‍ക്കൊപ്പം 360 ഡിഗ്രി നഗര കാഴ്ചകളും സന്ദര്‍ശകര്‍ക്ക് ഒരുമിച്ച് നല്‍കും ഓര്‍ബിറ്റ് 360 ഡൈനിങ് റെസ്റ്ററന്റ്. സ്‌കൈ ടവറിന്റെ ഏറ്റവും മുകള്‍ നിലയിലാണ് ഈ വ്യത്യസ്തമായ ഭക്ഷണശാലയുള്ളത്. 

തറനിരപ്പില്‍ നിന്നും ഏതാണ്ട് 190 മീറ്റര്‍ ഉയരത്തിലാണ് ഓര്‍ബിറ്റ് 360 ഡൈനിങ്. അതുകൊണ്ടുതന്നെ വിശാലമായ കാഴ്ചകള്‍ ആസ്വദിക്കാം. ഓരോ മണിക്കൂറിലും പൂര്‍ണമായും കറങ്ങുന്ന രീതിയിലാണ് ഈ റെസ്റ്ററന്റ് നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണം കഴിച്ച് തീരുമ്പോഴേക്കും നിങ്ങള്‍ക്ക് ഓക്‌ലാന്‍ഡ് നഗരത്തിന്റെ വ്യത്യസ്തമായ ആകാശ കാഴ്ചകള്‍ കാണാനുള്ള അവസരവും ലഭിക്കും. കസേരയില്‍ നിന്ന് ഒന്നെണീക്കുക പോലും ചെയ്യാതെ ഈ വ്യത്യസ്ത നഗരഭാവങ്ങള്‍ ആസ്വദിക്കാനാവും. 

ആധുനികതയും ഓക്‌ലാന്‍ഡിന്റെ പാരമ്പര്യവും ഒത്തു ചേര്‍ന്നതാണ് ഓര്‍ബിറ്റ് 360 ഡൈനിങിന്റെ അകത്തളം. പ്രധാനമായും രാത്രിയാണ് സജീവമാകുന്നതെങ്കിലും വാരാന്ത്യങ്ങളില്‍ ഉച്ചഭക്ഷണവും ഓര്‍ബിറ്റ് 360 ഡൈനിങ് ഒരുക്കാറുണ്ട്. ഇത് ഓക്‌ലാന്‍ഡ് നഗരത്തിന്റെ പകല്‍-രാത്രി കാഴ്ചകളെ കാണാനുള്ള അവസരം നല്‍കുന്നു. 

വൈകി എഴുന്നേല്‍ക്കുന്ന ശീലമുള്ളവര്‍ക്ക് ഇത്തരം അവധി ദിവസങ്ങളില്‍ പ്രത്യേകം ബ്രഞ്ചും ഇവിടെയുണ്ടാവും. പ്രധാന ഭക്ഷണങ്ങള്‍ക്കൊപ്പം വ്യത്യസ്തമായ സലാഡുകളും ഉച്ചഭക്ഷണത്തിലുണ്ടാവും. നാവിന് കൂടുതല്‍ മധുരം പകരാന്‍ ഡെസര്‍ട്ടുകളും മെനുവിലുണ്ട്. വ്യത്യസ്തങ്ങളായ ന്യൂസിലന്റ് വൈനുകളും ഉച്ചഭക്ഷണത്തിന് രുചി കൂട്ടും. പ്രാദേശിക ഭക്ഷണ വൈവിധ്യമാണ് അത്താഴത്തിന്റെ മെനുവിലെ പ്രധാന പ്രത്യേകത. 

കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം മെനുവും ഓര്‍ബിറ്റ് 360 ഡൈനിങ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതില്‍ പ്രധാന ഭക്ഷണത്തിന് പുറമേ ഒരു മധുരവിഭവവും സോഫ്റ്റ് ഡ്രിങ്കുമാണ് ഉള്‍പ്പെടുന്നത്. വൈകുന്നേരങ്ങളില്‍ ചായയും കുടിച്ച് സാന്റ് വിച്ചും കഴിച്ച് കാഴ്ചകള്‍ കണ്ടിരിക്കാനുള്ള അവസരവും ഇവിടെയുണ്ട്. നേരത്തെ ബുക്ക് ചെയ്തുകൊണ്ട് മാത്രം ഓര്‍ബിറ്റ് 360 ഡൈനിങ്ങിലേക്ക് പോകുന്നതാണ് ഉചിതം. ബുക്കിങിനായി skycityauckland.co.nz വെബ് സൈറ്റ് ഉപയോഗിക്കാം.  

Engish Summary: Sky Tower Orbit 360°Auckland With Dining Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com