രണ്ടു വർഷത്തേക്ക് ശ്രദ്ധ ആഭ്യന്തര സഞ്ചാരികളിൽ
Mail This Article
തിരുവനന്തപുരം∙ കോവിഡ് പ്രതിസന്ധിക്കു ശേഷം ആദ്യമായി സംഘടിപ്പിച്ച കേരള ട്രാവൽ മാർട്ടിൽ ഉരുത്തിരിഞ്ഞത് അടുത്ത 2 വർഷം ആഭ്യന്തര സഞ്ചാരികളെ മുൻനിർത്തി കേരള ടൂറിസത്തെ ചലിപ്പിക്കാനുള്ള നിർദേശങ്ങൾ. കോവിഡിനെ മറികടന്നു പൂർണമായും സുരക്ഷിതവും സജ്ജവുമാണു കേരള ടൂറിസമെന്നു ടൂർ–ട്രാവൽ ഏജന്റുമാരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്നു ടൂറിസം വകുപ്പും കെടിഎം ഭാരവാഹികളും വ്യക്തമാക്കി.
മൂന്നു ദിവസത്തെ കെടിഎമ്മിൽ 55,000 വാണിജ്യ കൂടിക്കാഴ്ചകൾ നടന്നുവെന്നും 2018ൽ ഇതു 30,000 മാത്രമായിരുന്നെന്നും ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസ്, ഡയറക്ടർ വി.ആർ.കൃഷ്ണതേജ, കെടിഎം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു എന്നിവർ പറഞ്ഞു. മലബാർ ടൂറിസത്തിനാണ് ഇത്തവണ ഊന്നൽ നൽകിയത്. അഞ്ഞൂറോളം പേരെ ഉൾപ്പെടുത്തി കേരളത്തിന്റെ മൂന്നു മേഖലകളിലേക്കും ടൂർ പരിപാടിയും നടത്തി. കൊച്ചിയിൽ നിന്നു കണ്ണൂരിലേക്കു പ്രത്യേക വിമാനം ഇതിനായി ഉപയോഗിച്ചു.
ഇത്തവണ മൺസൂൺ ടൂറിസത്തിനു വലിയ പ്രാധാന്യം നൽകി പ്രചാരണം നടത്തുമെന്നു ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞു. കേരളത്തിന്റെ തനത് ഉൽപന്നങ്ങൾ വിനോദ സഞ്ചാരികൾക്കിടയിൽ വിപണനം ചെയ്യാനായി കോവളത്തെ ക്രാഫ്റ്റ് വില്ലേജ് മാതൃകയിലുള്ള സംവിധാനം മറ്റിടങ്ങളിലും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം വളർച്ച: ഇന്ത്യയുടെ റാങ്ക് കുറഞ്ഞു
ദാവോസ്∙ വിനോദസഞ്ചാര രംഗത്തെ വളർച്ചയിൽ 54ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ. 2019ൽ 46ാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്. ലോക ടൂറിസം രംഗം തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും, അതിനു സ്ഥിരതയില്ലെന്നും വെല്ലുവിളി നേരിടുന്നുണ്ടെന്നും ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
ക്ഷിണേഷ്യൻ രാജ്യങ്ങളിൽ ടൂറിസം രംഗത്ത് ഇന്ത്യ തന്നെയാണ് മുൻപിൽ. ടൂറിസം വളർച്ചയിൽ ലോകത്ത് ജപ്പാനാണ് ഒന്നാമത്. യുഎസ്, സ്പെയിൻ, ഫ്രാൻസ്, ജർമനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ, യുകെ, സിംഗപ്പൂർ, ഇറ്റലി എന്നിവയാണ് ആദ്യ പത്തു സ്ഥാനങ്ങളിൽ. ടൂറിസം, ബിസിനസ് യാത്രകൾ കോവിഡിന് മുൻപത്തെ നിലയിലേക്ക് എത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
English Summary: Domestic Tourists India