ADVERTISEMENT

പാരാഗ്ലൈഡിങ്, ബൻജി ജംപിങ്, സ്‌കൂബ ഡൈവിങ് എന്നിങ്ങനെയുള്ള സാഹസിക വിനോദങ്ങൾ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. സ്‌കൂബ ഡൈവിങ് ഏറെ വ്യത്യസ്തമാണ്. വെള്ളത്തിനടിയിൽ സ്വയം ശ്വസിക്കാനുള്ള ഉപകരണങ്ങൾ ഒക്കെയായി യാത്ര പോകാം. കേൾക്കുമ്പോൾ സംഭവം രസകരമാണ്. കടലിനടിയിലെ എത്രമാത്രം കാഴ്ചകൾ സ്‌കൂബ ഡൈവിങ്ങിലൂടെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാകുന്നു. ഇത് വിദേശികൾക്ക് മാത്രമേ ചെയ്യാനാകൂ എന്ന് വിചാരിച്ചു വിഷമിക്കണ്ട, കേരളത്തിലും ഉണ്ട് സ്‌കൂബ ഡൈവിങ്ങിനുള്ള ഇടങ്ങൾ.

diving1

കോവളത്തെത്തുന്ന സഞ്ചാരികള്‍ക്ക് സ്‌കൂബ ഡൈവിങ്ങിനും കടലിലെ സാഹസിക വിനോദങ്ങള്‍ക്കും അവസരമൊരുക്കുകയാണ് ഓഷ്യനട്ട് അഡ്വഞ്ചേഴ്‌സ്. സ്‌കൂബ ഡൈവിങ്ങിന് പുറമേ സ്‌നോര്‍ക്കലിങ്, ഫ്രീ ഡൈവിങ് തുടങ്ങിയവക്കും ഇവിടെ അവസരമുണ്ട്. യുവസംരംഭകരായ സജു യോഹന്നാന്‍, സുമേഷ് എസ് ലാല്‍, ആകാശ് പി രത്‌നം എന്നിവര്‍ ചേര്‍ന്നാണ് ഓഷ്യനട്ട് അഡ്വഞ്ചേഴ്‌സ് ആരംഭിച്ചിരിക്കുന്നത്. 

ഡൈവിങ് എക്‌സ്‌പ്ലൊറേഷന്‍

മാലദ്വീപ്, മൗറീഷ്യസ്, ശ്രീലങ്ക, ആന്‍ഡമാന്‍, ലക്ഷദ്വീപ്, പോണ്ടിച്ചേരി, ഗോവ തുടങ്ങി പല രാജ്യങ്ങളിലേയും ഡൈവ് സെന്ററുകളുമായി ഓഷ്യനട്ട് അഡ്വഞ്ചേഴ്‌സിന് ബന്ധമുണ്ടെന്ന് മാനേജര്‍ സോനു പറയുന്നു. ഓരോ പ്രദേശത്തേയും കടലും കടലിലെ കാഴ്ചകളും വ്യത്യസ്തമായിരിക്കും. പല സ്ഥലങ്ങളിലും ഡൈവിങ് എക്‌സ്‌പ്ലൊറേഷന്‍ ചെയ്യാന്‍ ഡൈവര്‍മാര്‍ക്ക് താല്‍പര്യമുണ്ടാകും. ഇതു കണ്ടുകൊണ്ട് ഡൈവര്‍മാര്‍ക്കുവേണ്ടി ഡൈവ് ടൂറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. പാക്കേജ് പോലെ ഡൈവിങ് താല്‍പര്യമുള്ളവര്‍ക്ക് വേണ്ടി വ്യത്യസ്ത സ്ഥലങ്ങളില്‍ ഡൈവിങിനുള്ള അവസരമാണ് ഒരുക്കുന്നത്. 

diving3

ആര്‍ക്കു പറ്റും

പത്ത് വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് കടലില്‍ ഡൈവിങ് ചെയ്യാനാകും. നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പരിശീലകരുടെ സാന്നിധ്യത്തില്‍ മാത്രമേ സ്കൂബ ഡൈവിങ് ചെയ്യാനാകൂ. അതുപോലെ നീന്തലറിയില്ല എന്നതുകൊണ്ട് ഡൈവിങ് സാധ്യമാവില്ലെന്നും കരുതരുത്. കടലിനടിയിലെ കാഴ്ചകള്‍ കാണാനായി നീന്തല്‍ അറിയേണ്ടതില്ല. 

പരമാവധി 12 മീറ്റര്‍ ആഴത്തില്‍ വരെയാണ് ഡൈവിങ്ങിനിടെ കൊണ്ടുപോവുക. ഈ സമയമെല്ലാം ഇന്‍സ്ട്രക്ടറുടെ നിയന്ത്രണത്തിലായിരിക്കും നിങ്ങള്‍. ഓരോ ഡൈവും പരമാവധി 30 മിനുറ്റ് വരെ ദൈര്‍ഘ്യമുള്ളതായിരിക്കും. ശ്വാസമെടുക്കാനും കടലിനടിയിലേക്ക് പോകാനും സഹായിക്കുന്ന ഉപകരണങ്ങള്‍ ഇന്‍സ്ട്രക്ടറുടെ സഹായത്തില്‍ ശരിയായി ഉപയോഗിച്ചാല്‍ ശാരീരിക പരിമിതികള്‍ ഉള്ളവര്‍ക്ക് പോലും സ്‌കൂബ ഡൈവിങ് സാധ്യമാണ്.

diving5

ആര്‍ക്കു പറ്റില്ല

ഗര്‍ഭിണികള്‍ക്കും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും സ്‌കൂബ ഡൈവിങ് യോജിച്ചതല്ല. സാധാരണ നിലയില്‍ ഇവരെ മാത്രമാണ് ഒഴിവാക്കാറ്. വെള്ളത്തിനടിയിലെ മര്‍ദവും മുകളിലെ മര്‍ദവും വ്യത്യസ്തമാണ്. ഇതിനൊപ്പം കൃത്രിമമായി ശ്വാസമെടുക്കുമ്പോള്‍ പലപ്പോഴും ശ്വാസം തികയാതെ വരുന്ന സാഹചര്യവും സംഭവിച്ചേക്കാം. ഈ രണ്ട് സാഹചര്യങ്ങളും ഗര്‍ഭിണികള്‍ക്കും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം എന്നതിനാലാണ് മുന്‍കരുതലായി ഇവരെ ഒഴിവാക്കുന്നത്. 

മറ്റൊരു പ്രധാന കാര്യം ഡൈവ് ചെയ്തതിന് ശേഷം വിമാനത്തില്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണമെന്നതാണ്. ഇവിടെയും വെള്ളത്തിനടിയിലെ മര്‍ദവും ആകാശത്തെ മര്‍ദവും തമ്മിലുള്ള വ്യത്യാസമാണ് വില്ലനാവുന്നത്. ഏത് തരം ഡൈവാണെങ്കിലും കുറഞ്ഞത് 12 മണിക്കൂര്‍ കഴിഞ്ഞ് മാത്രമേ വിമാനയാത്ര പാടുള്ളൂ. ഇക്കാര്യം മനസില്‍ വച്ചുവേണം ഡൈവിങ് പ്ലാന്‍ ചെയ്യാന്‍. 

ഓഷ്യനട്ട് അഡ്വഞ്ചേഴ്‌സ്

വിദേശികള്‍ക്ക് പുറമേ സ്വദേശികളും ഡൈവിങ് ആസ്വദിക്കാനായി കോവളത്ത് എത്താറുണ്ട്. വെള്ളത്തിനടിയിലെ ആക്ടിവിറ്റീസിന് പുറമേ വാട്ടര്‍സ്‌പോര്‍ട് ആക്ടിവിറ്റീസും ഇവിടെ ഒരുക്കുന്നുണ്ട്. പാരസെയ്‌ലിങ്ങും ജറ്റ് സ്‌കൈയിങ്ങും അടുത്ത സീസണ്‍ മുതല്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാകും. ഓഷ്യനട്ട് അഡ്വഞ്ചേഴ്‌സ് വെബ് സൈറ്റില്‍ ഇതിന്റെ വിശദവിവരങ്ങള്‍ ലഭ്യമാണ്. വിവിധ ഡൈവിങ് സര്‍ട്ടിഫൈയ്ഡ് കോഴ്‌സുകളും ഇവര്‍ നടത്തുന്നുണ്ട്. 

മണ്‍സൂണിലെ നാല് മാസക്കാലം കടലില്‍ യാതൊരു സാഹസിക വിനോദങ്ങള്‍ക്കും അനുമതിയില്ല. അതുകൊണ്ട് മണ്‍സൂണ്‍ കഴിഞ്ഞായിരിക്കും ഓഷ്യനട്ട് അഡ്വഞ്ചേഴ്‌സിലും കടല്‍ സാഹസിക വിനോദങ്ങള്‍ ആരംഭിക്കുക. 

കോഴ്‌സുകള്‍

കടലിലെ വിനോദങ്ങള്‍ക്കൊപ്പം താല്‍പര്യമുള്ളവര്‍ക്ക് വേണ്ടി ഡൈവിങ് പരിശീലത്തിനായുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഓഷ്യനട്ട് അഡ്വഞ്ചേഴ്‌സ് നടത്തുന്നുണ്ട്. PADI( Professional Association of Diving Instructors) അംഗീകൃത സര്‍ട്ടിഫിക്കറ്റുകളാണ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഭിക്കുക. ഈ മേഖലയില്‍ പുതിയൊരു തൊഴില്‍ സാധ്യതകൂടിയാണ് ഇതുവഴി ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. ഓപ്പണ്‍ വാട്ടര്‍ മുതല്‍ ഡൈവ് മാസ്റ്റര്‍ വരെയുള്ള ഡൈവിങ് കോഴ്‌സുകള്‍ ഇവിടെയുണ്ട്. ഇതില്‍ ഡൈവ് മാസ്റ്ററാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കോഴ്‌സ്. ഇത് നേടിയവര്‍ക്ക് ഡൈവിങ്ങിന്റെ വ്യത്യസ്ത മേഖലകളില്‍ സ്‌പെഷലൈസേഷന്‍ ചെയ്യാനാകുമെന്നും സോനു പറഞ്ഞു.

English Summary: Scuba Diving in Kovalam

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com