'പട്ടല്ല' തായ് എയർവേയ്സ്; ദുരനുഭവം നസ്രിയയ്ക്ക് മാത്രവുമല്ല
Mail This Article
‘പട്ടു പോലെ മൃദുലം’ എന്നാണ് തായ് എയര്‍വേയ്‌സിന്റെ ആപ്തവാക്യം. എന്നാല്‍ ആ വാക്കുകളോട് ചേര്‍ന്നു പോകുന്ന യാത്രാ അനുഭവങ്ങളല്ല പല യാത്രികര്‍ക്കും തായ് എയര്‍വേയ്‌സില്‍നിന്നു ലഭിക്കുന്നതെന്നാണ് പരാതിയുയരുന്നത്. മലയാളികളുടെ പ്രിയതാരം നസ്രിയ നസിം അടക്കം പലരും തായ് എയര്‍വേയ്‌സില്‍ നിന്നുള്ള മോശം അനുഭവങ്ങള്‍ പങ്കുവച്ചു കഴിഞ്ഞു. ഇന്ത്യക്കാരാണെങ്കില്‍ 1,000 ഡോളര്‍ പണമായി കൈവശമുണ്ടോ എന്നു പരിശോധിക്കുക, വെജിറ്റേറിയൻ കഴിക്കുന്നവർക്ക് നോണ്‍ വെജ് ഭക്ഷണം നൽകുക, ടിക്കറ്റ് റദ്ദാക്കിയാല്‍ പണം നല്‍കാതിരിക്കുക, ബാഗ് നഷ്ടമാവുക തുടങ്ങി തായ് എയര്‍വേയ്‌സിനെതിരെ പരാതികള്‍ നിരവധിയാണ്.
തായ് എയര്‍വേയ്‌സ്
തായ്‌ലൻഡിലെ ഔദ്യോഗിക വ്യോമയാന കമ്പനിയായ തായ് എയര്‍വേയ്‌സ് 1960 ലാണ് സ്ഥാപിതമായത്. 4 സ്റ്റാര്‍ സൗകര്യങ്ങള്‍ യാത്രികര്‍ക്ക് നല്‍കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2013 മുതല്‍ തന്നെ തായ് എയര്‍വേയ്‌സ് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. ഇതിനിടെയുണ്ടായ കോവിഡ് കമ്പനിയുടെ പ്രശ്‌നങ്ങള്‍ അതിരൂക്ഷമാക്കി. കമ്പനിക്ക് ഏതാണ്ട് 220 കോടി ഡോളറിന്റെ ബാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.
ഒടുവില്‍ കടക്കെണിയില്‍നിന്നു കമ്പനിയെ രക്ഷിക്കാന്‍ സാമ്പത്തിക സഹായവുമായി തായ്‌ലൻഡ് സര്‍ക്കാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 2025 ആകുമ്പോഴേക്കും തായ് എയര്‍വേയ്‌സിനെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു രക്ഷിക്കാനാണ് ശ്രമം. കോവിഡിന് ശേഷം വ്യോമയാന മേഖലയ്ക്കുണ്ടായ പുത്തനുണര്‍വ് തായ് എയര്‍വേയ്‌സിനും പ്രതീക്ഷയായിട്ടുണ്ട്. ഇതുവഴി കൂടുതല്‍ പണം കടമായി ലഭിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
നസ്രിയയുടെ ദുരനുഭവം
താന്‍ ഇനിയൊരിക്കലും തായ് എയര്‍വേയ്‌സിൽ യാത്ര ചെയ്യില്ലെന്നാണ് സമൂഹമാധ്യമത്തിലെ പോസ്റ്റിൽ നസ്രിയ നസീം അറിയിച്ചിരിക്കുന്നത്. യാത്രയ്ക്കിടെ ബാഗ് കാണാതായപ്പോൾ പരാതിപ്പെട്ടെങ്കിലും എയര്‍വേയ്‌സ് അധികൃതരുടെ ഭാഗത്തുനിന്നു വളരെ മോശം അനുഭവമാണുണ്ടായത്. ഇതാണ് ഇനി തായ് എയര്‍വേയ്‌സിലേക്കില്ലെന്ന് എയര്‍വേയ്‌സിനെ ടാഗ് ചെയ്ത് താരം ഇന്‍സ്റ്റഗ്രാമിൽ കുറിച്ചത്.
ഭക്ഷണം മാറി
2018 സെപ്റ്റംബറിലാണ് ഇന്ത്യക്കാരനായ അശോക് കുമാര്‍ തായ് എയര്‍വേയ്‌സ് വിമാനത്തില്‍ ഡല്‍ഹിയില്‍നിന്ന് മെല്‍ബണിലേക്ക് പുറപ്പെട്ടത്. വെജിറ്റേറിയനായ അശോകിന് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം നല്‍കിയാണ് തായ് എയര്‍വേയ്‌സ് കുഴപ്പത്തില്‍ ചാടിയത്. അശോക് നല്‍കിയ പരാതിയില്‍ പിന്നീട് 17,000 രൂപ നഷ്ടപരിഹാരം നല്‍കിയാണ് കമ്പനി പ്രശ്‌നം പരിഹരിച്ചത്.
ഇന്ത്യക്കാര്‍ 1,000 ഡോളര്‍ കാണിക്കണം
നിരവധി ഇന്ത്യക്കാരാണ് തായ് എയര്‍വേയ്‌സ് വിചിത്രമായ നിബന്ധനകള്‍ യാത്രയ്ക്കിടെ വച്ചുവെന്ന് പരാതിപ്പെട്ടത്. ബോര്‍ഡിങ് പാസ് അനുവദിക്കുന്നതിന് മുമ്പ് 1000 ഡോളര്‍ പണമായി കൈവശമുണ്ടെന്ന് കാണിക്കാനായിരുന്നു ഇന്ത്യക്കാരോട് തായ് എയര്‍വേയ്‌സ് അധികൃതര്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ മേയ് മാസത്തിലായിരുന്നു ഈ സംഭവം. കംബോഡിയന്‍ തലസ്ഥാനമായ നോംപെന്നിലേക്ക് യാത്ര തിരിച്ച ഇന്ത്യക്കാര്‍ക്കാണ് ദുരനുഭവമുണ്ടായത്. അക്കൗണ്ടില്‍ പണമുള്ള കാര്യം തെളിവു സഹിതം വ്യക്തമാക്കിയിട്ടും പണം തന്നെ നല്‍കണമെന്ന് അധികൃതര്‍ വാശിപിടിക്കുകയും ചെയ്തു.
അനന്തമായി നീളുന്ന റീഫണ്ട്
ഒരിക്കല്‍ തായ് എയര്‍വേയ്‌സില്‍ യാത്രയ്ക്കായി പണം മുടക്കിയാല്‍ ടിക്കറ്റ് റദ്ദാക്കിയാലും എളുപ്പം പണം തിരിച്ചു കിട്ടില്ല. ഈ പരാതി നിരവധി പേരാണ് തായ് എയര്‍വേയ്‌സിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഉന്നയിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ വ്യക്തികള്‍ക്ക് പണം തിരിച്ചു നല്‍കുന്നത് വൈകുമെന്ന് കമ്പനിയും അറിയിച്ചിട്ടുണ്ട്. കോവിഡിന്റെ സമയത്ത് ടിക്കറ്റ് റദ്ദാക്കിയ ആയിരക്കണക്കിന് യാത്രക്കാരാണ് വെട്ടിലായത്. ഇക്കൂട്ടത്തില്‍ പണം തിരിച്ചു കിട്ടാനായി ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നവര്‍ വരെയുണ്ട്.
English Summary: Complaints Against Thai Airways Increasing