യാസ് ദ്വീപിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
Mail This Article
അബുദബിയിലെ പ്രധാന വിനോദസഞ്ചാര പദ്ധതിയായ യാസ് ദ്വീപിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. യാസ് വാട്ടര്‍ വേള്‍ഡ്, വാര്‍ണര്‍ ബ്രോസ് വേള്‍ഡ് അബുദബി, സീ വേള്‍ഡ് അബുദബി, ക്ലെയ്മ്പ് അബുദബി, യാസ് മരീന സര്‍ക്യൂട്ട്, ഫെരാരി വേള്‍ഡ്, യാസ് ലിങ്ക്സ്, യാസ് ബീച്ച്, യാസ് മാള്‍ എന്നിങ്ങനെ നിരവധി വിനോദ-വിശ്രമ-ഷോപ്പിങ് സൗകര്യങ്ങളാണ് ഈ അദ്ഭുതദ്വീപിൽ ഒളിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ വേനല്‍ സീസണില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത് കോവിഡിന് ശേഷം വിനോദ സഞ്ചാര മേഖലയ്ക്ക് തന്നെ പുത്തനുണര്‍വാണ് യാസ് ഐലന്‍ഡ്.
അബുദബിയില്‍ നിന്നും 20 മിനുറ്റുകൊണ്ടും ദുബായില്‍ നിന്നും 50 മിനുറ്റുകൊണ്ടും ഡ്രൈവ് ചെയ്ത് എത്താവുന്ന യാസ് ദ്വീപ് അബുദബിയുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. 2006ലാണ് യാസ് ദ്വീപിലെ വികസന പ്രവൃത്തികള്‍ ആരംഭിച്ചത്. ആകെ 25 കിലോമീറ്ററാണ് യാസ് ദ്വീപിന്റെ വിസ്തൃതി. 2009 മുതല്‍ ഫോര്‍മുല വണ്‍ അബുദബി ഗ്രാന്റ് പ്രീ നടക്കുന്നത് യാസ് ദ്വീപിലെ യാസ് മറീന സര്‍ക്യൂട്ടിലാണ്.
അവധിക്കാലത്ത് യാസ് ദ്വീപിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കൂട്ടുന്നതിനായി പല ഓഫറുകളും പ്രഖ്യാപിച്ചിരുന്നു. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികള്‍ക്ക് കളിക്കാനും ഭക്ഷണം കഴിക്കാനും കാര്‍ട്ട് ചെയ്യാനുമൊക്കെ അവസരം നല്‍കുന്ന 'കിഡ്സ് ഗോ ഫ്രീ' പാക്കേജുണ്ട്. യാസ് പ്ലാസ ഹോട്ടല്‍സ്, ഡബ്ല്യു അബുദബി, ഹില്‍ട്ടണ്‍ അബുദബി യാസ് ഐലന്‍ഡ്, ദ ഡബ്ല്യുബി അബുദബി, ലോകത്തിലെ ആദ്യത്തെ വാര്‍ണര്‍ ബ്രദേഴ്സ് തീം ഹോട്ടല്‍, ഡബിള്‍ ട്രീ എന്നിങ്ങനെ നിരവധിയായ ഹോട്ടലുകള്‍ക്കും ഈ സീസണില്‍ കുതിപ്പുണ്ടായി. ഹോട്ടല്‍ മുറികളില്‍ ഏതാണ്ട് 90 ശതമാനത്തിലേറെയും സീസണില്‍ നിറഞ്ഞിരുന്നുവെന്നു അധികൃതര്‍ പറയുന്നുണ്ട്.
'ലോകത്തെ തന്നെ പ്രധാന വിനോദ വിശ്രമ കേന്ദ്രമായി യാസ് ദ്വീപിനെ മാറ്റാനായതില്‍ അഭിമാനമുണ്ട്. ഇടവേളക്കു ശേഷം യാസ് ദ്വീപിലേക്ക് സഞ്ചാരികള്‍ എത്തി തുടങ്ങിയത് സന്തോഷമുള്ള കാര്യമാണ്. വര്‍ഷം മുഴുവന്‍ ലോകമെങ്ങുമുള്ള സഞ്ചാരികളെ സ്വാഗതം ചെയ്യാനായി വൈവിധ്യമാര്‍ന്ന പരിപാടികളുമായി യാസ് ദ്വീപ് സുസജ്ജമായിരിക്കും' എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഓഫ് ഗ്രൂപ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഡെസ്റ്റിനേഷന്‍ മാര്‍ക്കറ്റിങ് തഹ്രിദ് അല്‍സയ്ദ് പറയുന്നു.
യാസ് മാളില്‍ സംഘടിപ്പിച്ച യാസ് ഗെയിമിങ് ഫെസ്റ്റിവെല്‍ വന്‍ വിജയമായിരുന്നു. ഏതാണ്ട് 82,000 ഗെയ്മര്‍മാരും 11 ദിവസം നടന്ന യാസ് ഗെയിമിങ് ഫെസ്റ്റിവെലില്‍ പങ്കെടുത്തു. ആഗസ്ത് മാസത്തില്‍ യാസ് മാളില്‍ സംഘടിപ്പിച്ച ഇന്‍ഡോര്‍ റണ്ണില്‍ 600ലേറെ പേരാണ് ഓടാനായി എത്തിയത്. യാസ് ബേയില്‍ അന്താരാഷ്ട്ര സംഗീത ദിനത്തില്‍ സൗദി ഗായകന്‍ മുഹമ്മദ് അബ്ദോയുടെ സംഗീത വിരുന്നും കരിമരുന്ന് പ്രയോഗവുമെല്ലാം വലിയ തോതില്‍ ആള്‍ക്കൂട്ടത്തെ സൃഷ്ടിച്ചു.
English Summary:Yas Island Tourism