ത്രിവേണി സംഗമവും തൂക്കുപാലവും; സഞ്ചാരികളുടെ തിരക്ക്
Mail This Article
സഞ്ചാരികളുടെ പ്രിയകേന്ദ്രമായ മൂലമറ്റത്ത് അധികമാരും അറിയാത്ത മനോഹര സ്ഥലമാണ് ത്രിവേണി സംഗമം. മൂലമറ്റം വൈദ്യുതി നിലയത്തിൽ നിന്നു വൈദ്യുതി ഉൽപാദനത്തിനു ശേഷം പുറത്തേക്കെത്തുന്ന നാച്ചാറും, വലിയാറും കൂടി ചേർന്നു രൂപപ്പെടുന്ന മനോഹരമായ സ്ഥലമാണ് ഇത്. തൊടുപുഴയാറിന്റെ ഉദ്ഭവസ്ഥാനവും മലങ്കര ജലാശയത്തിലെ നീരൊഴുക്കും അപകടമില്ലാതെ വെള്ളത്തിലിറങ്ങാൻ സാധിക്കുന്ന സ്ഥലവുമാണ് ത്രിവേണി സംഗമം. ഇൗ മനോഹരയിടത്തേക്ക് സഞ്ചാരികളുടെ തിരക്കാണ്.
മെയിൻ റോഡിൽ നിന്നു 500 മീറ്റർ മാത്രം മാറിയാൽ ഇവിടെയെത്താം. ത്രിവേണി സംഗമത്തിൽ എത്തുന്നവരെ ഏറെ ആകർഷിക്കുന്നത് ഇവിടെയുള്ള തൂക്കുപാലമാണ്. ഇതിനു മുകളിലൂടെ നടക്കാൻ ഒട്ടേറെ ആളുകൾ ഇവിടെയെത്താറുണ്ട്. തെളിഞ്ഞ കാലാവസ്ഥയിൽ നാടുകാണി മലനിരകളും പവിലിയനും ഇവിടെ നിന്നും കാണുവാൻ സാധിക്കും.
ത്രിവേണി സംഗമത്തിൽ എത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. ഇവിടെ എത്തുന്നവർക്ക് വിശ്രമിക്കുന്നതിനുള്ള സംവിധാനവും ശുചിമുറിയും ഒരുക്കണം. നിലവിൽ ഒരു ശുചിമുറിയുണ്ടെങ്കിലും ഇത് ഉപയോഗയോഗ്യമല്ല. ശുചിമുറി ഒരുക്കുകയും ഇവിടെ എത്തുന്നവർക്ക് വിശ്രമിക്കാൻ സംവിധാനവും ഒരുക്കിയാൽ ഒട്ടേറെ സഞ്ചാരികൾ ഇവിടെ എത്തും. വൈദ്യുതി ഉൽപാദനം കഴിഞ്ഞു പുറംതള്ളുന്ന വെള്ളവും നച്ചാറും വലിയയാറും സംഗമിക്കുന്നതാണ് ത്രിവേണി.വേനൽക്കാലത്തു മൂലമറ്റം വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉൽപാദനം കൂട്ടുന്നതിനാൽ ത്രിവേണി സംഗമം എന്നും ജലസമൃദ്ധമാണ്. പ്രദേശത്തെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
English Summary: Explore Triveni Sangamam and Hanging Bridge Moolamattom