തുര്‍ക്കി യാത്രയുടെ ഓര്‍മച്ചിത്രവുമായി കനിഹ
Mail This Article
തുര്‍ക്കി യാത്രയുടെ ഓര്‍മകള്‍ ആരാധകര്‍ക്കായി പങ്കുവച്ച് കനിഹ. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടത്തിയ തുര്‍ക്കി യാത്രയുടെ ചിത്രമാണ് ഇപ്പോള്‍ കനിഹ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇസ്തംബൂള്‍ നഗരത്തിലുള്ള ഇസ്തിക്ലാൽ അവന്യൂവില്‍ നില്‍ക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ കനിഹ പങ്കിട്ടിരിക്കുന്നത്. തിരക്കേറിയ തെരുവില്‍, നീലയും പിങ്കും നിറത്തിലുള്ള ഫ്രോക്കണിഞ്ഞു ചിരിച്ചുകൊണ്ട് നില്‍ക്കുന്ന കനിഹയെ ചിത്രത്തില്‍ കാണാം.
കുറച്ച് മാസങ്ങൾക്ക് മുമ്പ് തുർക്കിയിൽ...സന്തോഷവതിയായ വിനോദസഞ്ചാരി! എന്നും പങ്കുവച്ച ചിത്രത്തിനൊപ്പം കനിഹ കുറിച്ചിട്ടുണ്ട്. യാത്രപോകുന്നിടത്തെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാനും താരം മറക്കാറില്ല. ബീച്ച് ആയാലും ഹിൽസ്റ്റേഷനായാലും യാത്രയെന്നും പ്രിയമാണ് കനിഹയ്ക്ക്.
തുര്‍ക്കിയിലെ ഇസ്തംബൂളിലെ ബെയോഗ്‌ലു ജില്ലയില്‍ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ ഒരു തെരുവാണ് ഇസ്തിക്ലാൽ അവന്യൂ. 1923- ല്‍ സ്വാതന്ത്ര്യ സമരത്തിൽ തുർക്കി നേടിയ വിജയത്തിന്‍റെ സൂചകമായാണ്, തുര്‍ക്കിഷ് ഭാഷയില്‍ സ്വാതന്ത്ര്യം എന്നര്‍ത്ഥം വരുന്ന ‘ഇസ്തിക്ലാൽ’ എന്ന പേര് ഈ തെരുവിന് നല്‍കിയത്. ഒട്ടേറെ കെട്ടിടങ്ങളും ഷോപ്പുകളും ഉള്ള ഇവിടം ഇസ്തംബൂളിലെ ഏറ്റവും തിരക്കേറിയ തെരുവാണ്.
ട്യൂണൽ സ്ക്വയറിൽ നിന്ന് ആരംഭിച്ച് തക്സിം സ്ക്വയർ വരെ 1.4 കിലോമീറ്റർ ദൂരത്തിലാണ് ഈ തെരുവ് നീണ്ടുകിടക്കുന്നത്. ഓട്ടോമന്‍ കാലഘട്ടത്തില്‍ നിര്‍മിച്ച കെട്ടിടങ്ങളും കുറച്ച് ആർട്ട് ഡെക്കോ ശൈലിയിലുള്ള കെട്ടിടങ്ങളുമാണ് ഇവിടെ കൂടുതലും ഉള്ളത്. ബോട്ടിക്കുകൾ, മ്യൂസിക് സ്റ്റോറുകൾ, ആർട്ട് ഗാലറികൾ, സിനിമാശാലകൾ, തിയേറ്ററുകൾ, ലൈബ്രറികൾ, കഫേകൾ, പബ്ബുകൾ, നിശാക്ലബ്ബുകൾ, ഹോട്ടലുകൾ, ചോക്കലേറ്ററികൾ , റെസ്റ്റോറന്റുകൾ, മാഡം തുസാഡ്സിന്‍റെ ഒരു ശാഖ എന്നിങ്ങനെ ഒട്ടേറെ സ്ഥാപനങ്ങളും ഇവയില്‍ പ്രവര്‍ത്തിക്കുന്നു.
സെന്‍റ് അന്റോണിയോ ഡി പഡോവ ചർച്ച്, ഹാഗിയ ട്രയാഡ ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച്, സാന്താ മരിയ ഡ്രാപെരിസ് ചർച്ച്, ഹുസൈൻ ആഗ മസ്ജിദ് എന്നിവയാണ് ഇവിടുത്തെ ചില പ്രധാനകാഴ്ചകള്‍. ഒരു ദിവസം മുഴുവന്‍ നടന്നുകാണാനുള്ള കാഴ്ചകള്‍ ഇവിടെയുണ്ട്.
അവന്യൂവിന്‍റെ തെക്കേ അറ്റത്ത്, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ സബ്‌വേയായ ദി ടണലില്‍ യാത്ര ചെയ്യാം. ഓരോ 15 മിനിറ്റിലും ടണലിൽ നിന്ന് ടാക്സിം സ്ക്വയറിലേക്ക് ട്രാം ഓടുന്നുണ്ട്.
English Summary: Kaniha Shares Throwback Picture from Turkey