ആസ്വദിക്കണം ഇൗ ദീപാലങ്കാരം; കനകക്കുന്നിലെ വിസ്മയകാഴ്ച
Mail This Article
ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിലും പരിസരത്തുമായി വിനോദ സഞ്ചാരവകുപ്പ് ഒരുക്കുന്ന ദീപാലങ്കാരം അതിഗംഭീരമാണ്. പതിവുരീതികളില്‍ നിന്ന് വ്യത്യസ്തമായി തീം അധിഷ്ഠിത വെളിച്ചവിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. ജനുവരി ഒന്നുവരെ എല്ലാദിവസവും രാത്രി ഒരുമണി വരെ ഇൗ കാഴ്ച ആസ്വദിക്കാനാകും.
കനകക്കുന്ന് കൊട്ടാരവളപ്പിലെ ഇടതു ഗേറ്റുമുതല്‍ അകത്തേക്കുള്ള പുല്‍ത്തകിടികളും നടപ്പാതകളും സസ്യലതാദികളും വെളിച്ചത്തില്‍ മനോഹരമാക്കും. മ്യൂസിയം പോലീസ് സ്റ്റേഷന്‍ മുതല്‍ ജവഹര്‍ ബാലഭവന്‍ വരെയുള്ള വഴിയോരങ്ങളിലും ദീപവിതാനം മായക്കാഴ്ചയൊരുക്കും. വെളിച്ചത്തിന്റെ ദൃശ്യാരാമത്തിലേക്ക് പ്രവേശനമോതുന്ന കവാടത്തില്‍ 40 അടി നീളവും എട്ട് അടി ഉയരവുമുള്ള റെയിന്‍ ഡിയറും രഥവുമാണ് കാഴ്ചക്കാരെ സ്വാഗതം ചെയ്യുക. പുതുവത്സരത്തെ വരവേൽക്കുന്ന ദീപവിതാനവും സജ്ജമാണ്.
നൂറുവീതം റെയിന്‍ ഡിയറുകളും ക്രിസ്മസ് ബെല്ലുകളും ക്രിസ്മസ് മരങ്ങളും വലിയ നക്ഷത്രങ്ങളും കനകക്കുന്നില്‍ തെളിയും. അന്‍പതിടങ്ങളില്‍ ഷുഗര്‍ കാന്‍ഡി സ്റ്റിക്കുകളും സ്ഥാപിക്കും. മരങ്ങള്‍ എല്‍ഇഡി ലൈറ്റുകള്‍കൊണ്ട് പൂര്‍ണമായും പൊതിയും. നിയോണ്‍ വെളിച്ചത്തില്‍ മുങ്ങുന്ന മരങ്ങളുമുണ്ടാകും. ട്രീ റാപ്പിങ് വെളിച്ചവിന്യാസം ആദ്യമായാണ് കനകക്കുന്നിലും പരിസരത്തും സജ്ജമാക്കുന്നത്. പ്രത്യേക ഇടങ്ങളില്‍ വര്‍ണാഭമായ ഫോട്ടോ പോയിന്റുകളും ഒരുക്കുന്നുണ്ട്
English Summary: Kanakakunnu Palace illuminated with lights