കോവളത്ത് പാരാസെയ്‌ലിങ്ങിനിടെ സഞ്ചാരി കടലിൽ വീണു; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
Mail This Article
1960കളില്‍ മിലിട്ടറി പൈലറ്റുമാര്‍ക്ക് പാരച്യൂട്ട് ഉപയോഗിക്കുന്നതിന്റെ പരിശീലനം നല്‍കുന്നതിനായാണ് പാരാസെയ്‌ലിങ് ആദ്യമായി ആരംഭിക്കുന്നത്. പിന്നീട് ഇത് ജനപ്രിയ വിനോദമായി ലോകത്താകെ പ്രചരിക്കുകയായിരുന്നു. ഇന്ന് നമ്മുടെ കേരളത്തിലും പലയിടത്തും പാരാസെയ്‌ലിങ് നടത്താന്‍ അവസരമുണ്ട്. കോവളത്തെ ഹവ്വാ ബീച്ചില്‍ പാരാസെയ്‌ലിങ്ങിനിടെ ഒരാള്‍ കടലില്‍ വീണ് അപകടമുണ്ടായിരുന്നു. ഏതൊരു കായിക ഇനത്തേയും പോലെ പലതരത്തിലുള്ള അപകടസാധ്യതകള്‍ പാരാസെയ്‌ലിങ്ങിലുമുണ്ട്.
മോശം കാലാവസ്ഥയും സാങ്കേതിക പിഴവുകളുമെല്ലാം പാരാസെയ്‌ലിങ്ങിനിടെയുണ്ടാവുന്ന അപകടങ്ങള്‍ക്ക് കാരണമാവാറുണ്ട്. കോവളത്തുണ്ടായ അപകടത്തില്‍ സഞ്ചാരി കടലില്‍ പതിക്കുകയായിരുന്നു. കാറ്റിന്റെ ശക്തി കുറഞ്ഞതോ സഞ്ചാരി കാലു നനക്കാന്‍ ശ്രമിച്ചപ്പോള്‍ കടലില്‍ വീണതോ ആകാമെന്നാണ് കരുതപ്പെടുന്നത്. കടലില്‍ വീണയാള്‍ക്ക് നീന്തല്‍ വശമുണ്ടായിരുന്നതിനാലും പാരാസെയ്‌ലിങ് ജീവനക്കാരിലൊരാള്‍ വേഗം തന്നെ ഇയാള്‍ക്കരികിലേക്ക് നീന്തി എത്തിയതിനാലും ദുരന്തം ഒഴിവാക്കാന്‍ സാധിച്ചു.
ഓരോ സഞ്ചാരികളും പാരാസെയ്‌ലിങ്ങിന്റെ മുന്നോടിയായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായി നോക്കാം.
കാറ്റ് - വേഗത്തില്‍ വീശുന്ന കാറ്റ് പലപ്പോഴും പാരാസെയ്‌ലിങിന് വെല്ലുവിളിയാവാറുണ്ട്. പാരാസെയ്‌ലിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെടാനും കടലില്‍ പതിക്കാനുമൊക്കെയുള്ള സാധ്യതകള്‍ നിരവധിയാണ്. അതുകൊണ്ട് പാരാസെയ്‌ലിങ് തീരുമാനിക്കും മുൻപേ പ്രദേശത്ത കാലാവസ്ഥാ റിപ്പോര്‍ട്ട് നോക്കുക.
അടിയന്തരമായി വെള്ളത്തില്‍ ഇറങ്ങേണ്ടി വന്നാല്‍ - അതെ അങ്ങനെയും സംഭവിക്കാം. അപൂര്‍വം അവസരങ്ങളിലെങ്കിലും പാരാസെയ്‌ലിങ് നടത്തുന്നവരെ പല കാരണങ്ങളെ കൊണ്ട് കടലില്‍ ഇറക്കേണ്ടി വരാറുണ്ട്. വെള്ളത്തിലേക്ക് അമിത വേഗതയില്‍ ഇറങ്ങിയാല്‍ പരുക്കേല്‍ക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
പാരച്യൂട്ടിന്റെ പ്രശ്‌നം - പാരസെയ്‌ലിങ് ചെയ്യുന്നവരെ വായുവില്‍ നിര്‍ത്തുന്നത് പാരച്യൂട്ടാണ്. ഈ പാരച്യൂട്ടിനുണ്ടാവുന്ന ചെറിയ പ്രശ്‌നങ്ങളോ തുളകളോ പോലും നിയന്ത്രണം നഷ്ടപ്പെടുത്താറുണ്ട്. ഇത്തരം സാഹചര്യത്തിലും എമര്‍ജന്‍സി ലാന്റിങ് നടത്തേണ്ടി വരും.
ചരടിന്റെ പ്രശ്‌നം - പാരാസെയ്‌ലിങില്‍ ജീവനാഡിയാണ് പാരച്യൂട്ടും ബോട്ടോ മറ്റു വാഹനമോ ആയി ബന്ധിപ്പിക്കുന്ന ചരട്. ഇതിന് സംഭവിക്കുന്ന പ്രശ്‌നങ്ങളാണ് പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാവാറ്. തുടര്‍ച്ചയായി ഉപയോഗിക്കുന്നുവെന്നതിനാല്‍ തന്നെ ഈ ചരടിന് ബലക്കുറവുണ്ടാവാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് പറക്കും മുൻപ് ചരടിന്റെ ബലം പരിശോധിക്കുന്നത് നന്നായിരിക്കും.
സ്‌പോര്‍ട്‌സ്‌കാസ്റ്റിങ് ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ ഏറ്റവും അപകടസാധ്യതയുള്ള 15 കായിക ഇനങ്ങളില്‍ പാരാസെയ്‌ലിങ് വരുന്നില്ല. എങ്കില്‍ പോലും പാരാസെയ്‌ലിങ്ങിലും അപകടസാധ്യതകളുണ്ട്. അത്യാവശ്യം മുന്‍കരുതലുകളോടെ ഇറങ്ങിയാല്‍ നിങ്ങള്‍ക്കും സുരക്ഷിതമായി പാരാസെയ്‌ലിങ് ആസ്വദിക്കാനാവും.
English Summary: Parasailing Accidents: What You Need to Know