ടൈറ്റാനിക്കിനേക്കാള്‍ അഞ്ചിരട്ടി ഭാരം, ആദ്യ യാത്രയ്ക്കൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് കപ്പൽ
Mail This Article
സൗകര്യങ്ങളും സവിശേഷതകളും സൗന്ദര്യവും കൊണ്ട് ആരെയും അമ്പരപ്പിക്കും ഐക്കണ്‍ ഓഫ് ദ സീ. 5,610 യാത്രികര്‍, ടൈറ്റാനിക്കിനേക്കാള്‍ അഞ്ചിരട്ടി ഭാരം, 20 നിലകള്‍, 40ലേറെ ബാറുകളും ഭക്ഷണശാലകളും... അങ്ങനെയങ്ങനെ നിരവധി സവിശേഷതകളുള്ള കടലിലൂടെ ഒഴുകി നടക്കുന്ന കൊട്ടാരമാണ് ഈ കപ്പല്‍. ഐക്കണ്‍ ഓഫ് ദ സീസ് ജനുവരിയില്‍ ആദ്യ യാത്ര നടത്തും. മുന്‍നിര ക്രൂസ് കപ്പല്‍ കമ്പനിയായ റോയല്‍ കരീബിയനാണ് ഐക്കണ്‍ ഓഫ് ദ സീയുടെ ഉടമസ്ഥര്‍. മിയാമി ആസ്ഥാനമായുള്ള റോയല്‍ കരീബിയന്‍ നേരത്തെയും ലോകത്തെ ഏറ്റവും വലിയ കപ്പലുകളെ പുറത്തിറക്കിയിട്ടുണ്ട്. അതിലൊന്നായിരുന്നു 2009ല്‍ റോയല്‍ കരീബിയന്‍ നീറ്റിലിറക്കിയ ഒയാസിസ് ഓഫ് ദ സീസ്.
യൂറോപ്പിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ ശാലകളിലൊന്നായ ഫിന്‍ലാന്‍ഡിലെ മെയര്‍ ടുര്‍ക്കുവിലാണ് ഐക്കണ്‍ ഓഫ് ദ സീസ് നിര്‍മിച്ചത്. ജൂണില്‍ ഈ ക്രൂസ് കപ്പലിന്റെ ആദ്യ പരീക്ഷണ യാത്ര പൂര്‍ത്തിയായി. ഒക്ടോബറോടെ കപ്പല്‍ റോയല്‍ കരീബിയനു കൈമാറും. ഐക്കണ്‍ ഓഫ് ദ സീയുടെ അമ്പരപ്പിക്കുന്ന ഏഴു സവിശേഷതകള്‍ അറിയാം.
1. 5,610 യാത്രികര്‍, 2,350 ജീവനക്കാര്‍
കടലില്‍ പൊങ്ങിക്കിടക്കുന്ന ഒരു ചെറു നഗരം തന്നെയാണ് ഐക്കണ്‍ ഓഫ് ദ സീസ്. 5,610 യാത്രികരും 2,350 ജീവനക്കാരും അടക്കം 7,600 ഓളം പേരാണ് ഈ കപ്പലിലുണ്ടാവുക. 2009 ല്‍ അന്നത്തെ ഏറ്റവും വലിയ കപ്പലായിരുന്ന ഒയാസിസ് ഓഫ് ദ സീ പുറത്തിറക്കിയപ്പോള്‍ അതിന് 5,400 പേരെ വഹിക്കാനുള്ള ശേഷിയായിരുന്നു ഉണ്ടായിരുന്നത്. ക്രൂസ് ലൈന്‍സ് ഇന്റര്‍നാഷണല്‍ അസോസിയേഷന്റെ കണക്കു പ്രകാരം ഈ വര്‍ഷം മുതല്‍ 2028 വരെ പുറത്തിറങ്ങുന്ന യാത്രാ കപ്പലുകളുടെ ശരാശരി യാത്രികരുടെ എണ്ണം 2,749 ആണ്.
2. നീളം 1,200 അടി
നിലവിലെ ഏറ്റവും വലിയ കപ്പലിന് 1,198 അടിയാണ് നീളം. ഇതിനേക്കാള്‍ പത്ത് അടി കൂടുതലാണ് ഐക്കണ്‍ ഓഫ് ദ സീസിന്. മൂന്നു ഫുട്‌ബോള്‍ മൈതാനത്തേക്കാള്‍ വലിപ്പമുണ്ടിത്. എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങിനേക്കാള്‍ 52 അടിയുടെ കുറവു മാത്രമാണ് ഈ പടുകൂറ്റന്‍ ക്രൂസ് കപ്പലിന്.
3. ടൈറ്റാനിക്കിന്റെ അഞ്ചിരട്ടി ഭാരം
ഭാരത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഐക്കണ്‍ ഓഫ് ദ സീസ്. 2,50,800 ടണ്ണാണ് ഈ കപ്പലിന്റെ ഭാരം. രണ്ടാം സ്ഥാനത്തുള്ള റോയല്‍ കരീബിയന്റെ വണ്ടര്‍ ഓഫ് ദ സീസിന് 2,35,600 ടണ്‍ ഭാരമുണ്ട്. ടൈറ്റാനിക്കിന് 46,329 ടണ്ണായിരുന്നു ഭാരം.
4. 20 നില!
ഇരുപതു നിലകളുണ്ട് കടലിലെ ഈ ഒഴുകും കൊട്ടാരത്തിന്. ഇതില്‍ പതിനെട്ടും അതിഥികള്‍ക്കുള്ളതാണ്. രണ്ടെണ്ണമാണ് ജീവനക്കാര്‍ക്കുവേണ്ടി മാറ്റിവച്ചിട്ടുള്ളത്. ഒരു സെന്‍ട്രല്‍ പാര്‍ക്കും പൂന്തോട്ടങ്ങളും പടുകൂറ്റന്‍ വാട്ടര്‍ പാര്‍ക്കും മൂന്നു നിലകളിലായുള്ള നീന്തല്‍ കുളങ്ങളും എന്തിനേറെ ഒരു വെള്ളച്ചാട്ടം വരെ ഈ കപ്പലിലുണ്ട്. വിവിധ കലാ പ്രകടനങ്ങള്‍ക്കുള്ള സവിശേഷ വേദികളും കുട്ടികള്‍ക്കു പ്രത്യേകം കളിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സ്ഥലങ്ങളും ഈ കപ്പലിലുണ്ട്.
5. ഏഴു കുളങ്ങള്‍
തങ്ങളുടെ ആഢംബര കപ്പലിനെ കടലിലെ ഏറ്റവും വലിയ നീന്തല്‍കുളമെന്നു വരെ റോയല്‍ കരീബിയന്‍ വിശേഷിപ്പിക്കുന്നുണ്ട്. ഏഴു നീന്തല്‍ കുളങ്ങളാണ് ഐക്കണ്‍ ഓഫ് ദ സീസിലുളളത്. 1999 ല്‍ പുറത്തിറങ്ങുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ കപ്പലായിരുന്ന വോയേജര്‍ ഓഫ് ദ സീസില്‍ മൂന്നു നീന്തല്‍ കുളങ്ങളായിരുന്നു ഉണ്ടായിരുന്നത്.
6. വാട്ടർ പാർക്ക്
ഐക്കണ്‍ ഓഫ് ദ സീസിന്റെ ആരെയും അതിശയിപ്പിക്കുന്ന മറ്റൊരു സവിശേഷതയാണ് വലിയ വാട്ടര്‍ പാര്‍ക്ക്. കാറ്റഗറി 6 എന്നാണ് വാട്ടര്‍പാര്‍ക്കിനു പേരിട്ടിരിക്കുന്നത്. കൊടുങ്കാറ്റിന്റെ ശക്തി പരമാവധി കാറ്റഗറി 5 വരെയാണ് കണക്കാക്കുന്നതെങ്കില്‍ അതിലും വലുതാണ് ഈ വാട്ടര്‍പാര്‍ക്കെന്നു പേരു സൂചിപ്പിക്കുന്നു. മാത്രമല്ല ആറു സ്ലൈഡുകളും ഈ വാട്ടര്‍ പാര്‍ക്കിലുണ്ട്. ഫ്രീ ഫാള്‍ സ്ലൈഡ്, 46 അടി ഡ്രോപ് സ്ലൈഡ്, ഫാമില റാഫ്റ്റ് സ്ലൈഡ്, രണ്ട് മാറ്റ് റൈസിങ് സ്ലൈഡുകള്‍ എന്നിവയാണവ.
7. കഴിക്കാന്‍ 40 ഇടങ്ങള്‍
കുടിക്കാനും കഴിക്കാനും 40 ഇടങ്ങളാണ് ഈ ക്രൂസ് ഷിപ്പിലുള്ളത്. ഇതില്‍ 15 എണ്ണം മദ്യം വിളമ്പുന്ന നൈറ്റ് ലൈഫ് ആസ്വദിക്കാവുന്ന ബാറുകളാണ്. ഇരുപതിലേറെ ഡൈനിങ് ഓപ്ഷനുകളും ക്രൂസ് കപ്പലിലെത്തുന്ന അതിഥികള്‍ക്കുണ്ടാവും. സുഷി മുതല്‍ പല നാടുകളിലെ സ്ട്രീറ്റ് ഫുഡ് വരെ ഇവിടെ ലഭിക്കും.
Content Summary : Icon of the Seas, 7 wild facts about the world’s biggest cruise ship.