ആദ്യമായി കപ്പല്‍യാത്രക്ക് ഒരുങ്ങുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
Mail This Article
സഞ്ചാരികള്‍ക്കിടയില്‍ കപ്പല്‍യാത്രകള്‍ക്ക് പ്രിയമേറി വരികയാണ്. കപ്പല്‍യാത്രകള്‍ തിരഞ്ഞെടുക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ആദ്യകാല യാത്രകളില്‍. നിരവധി ക്രൂസ് ലൈനുകളും കപ്പലുകളും യാത്രാപദ്ധതികളുമൊക്കെ ലഭ്യമാണ്. അവയില്‍നിന്നു മികച്ച പദ്ധതികൾ കണ്ടെത്തുന്നത് എങ്ങനെയെന്നു നോക്കാം.
∙ തുടക്കവും ബജറ്റും
കപ്പല്‍യാത്ര തുടങ്ങുന്ന സ്ഥലം തീരുമാനിക്കുകയെന്നതു പ്രധാനമാണ്. ആ സ്ഥലത്തിന് അനുസരിച്ച് ചെലവിൽ വ്യത്യാസം വരും. ചൂടുള്ള കാലാവസ്ഥയുള്ള പ്രദേശങ്ങള്‍ വേണോ ഉൾക്കടലിലൂടെയുള്ള യാത്രകള്‍ വേണോ സവിശേഷതകളുള്ള ദ്വീപുകളിലേക്കു പോകണോ എന്നതുപോലുള്ള കാര്യങ്ങള്‍ യാത്രയുടെ തുടക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു.
യാത്ര തുടങ്ങുന്ന തുറമുഖത്തിനു പുറമേ ക്രൂസ് കമ്പനി, തിരഞ്ഞെടുക്കുന്ന മുറികള്‍, സീസണ്‍ എന്നിങ്ങനെ പലതും കപ്പല്‍ യാത്രകളുടെ ബജറ്റ് വ്യത്യാസത്തിനു കാരണമാകും. നിങ്ങള്‍ക്ക് എത്ര രൂപ വരെ ചെലവു ചെയ്യാനാവുമെന്നു തീരുമാനിച്ച ശേഷം മാത്രം ബജറ്റ് തീരുമാനിക്കുക. ടിപ് കൊടുക്കുന്ന പണം, കപ്പല്‍ അടുക്കുന്ന തീരങ്ങളിലെ യാത്രകള്‍, കപ്പലിലെ ആഘോഷങ്ങളുടെ ചെലവ് എന്നിങ്ങനെയുള്ള ചില ‘കാണാചെലവുകള്‍’ കൂടി പരിഗണിക്കണം.
READ MORE: ജീവിതത്തില്‍ ഒരിക്കലെങ്കിലും ആസ്വദിക്കണം, വിദേശരാജ്യങ്ങളിലെ ഈ അപൂര്‍വ യാത്രകൾ...
∙ ക്രൂസ് കമ്പനി
ഏതു ക്രൂസ് കമ്പനിയുടെ യാത്രയ്ക്ക് പോകണമെന്ന തിരഞ്ഞെടുപ്പും നിര്‍ണായകമാണ്. യാത്രകള്‍ നടത്തി പരിചയമുള്ള യാത്രികര്‍ക്കിടയില്‍ മികച്ച അഭിപ്രായമുള്ള കമ്പനി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ചില കമ്പനികളുടെ പാക്കേജ് കുടുംബ യാത്രികര്‍ക്കുവേണ്ടിയുള്ള സൗകര്യങ്ങളും കളികളുമൊക്കെ ഉള്‍ക്കൊള്ളിച്ചുള്ളതാവും. മറ്റു ചില ക്രൂസ് യാത്രകളില്‍ ആഡംബര സൗകര്യങ്ങള്‍ക്കും നൈറ്റ് ലൈഫിനും പാര്‍ട്ടിക്കുമൊക്കെയാവാം പ്രാധാന്യം. ഉചിതമായത് നോക്കി മാത്രം തിരഞ്ഞെടുക്കുക.
∙ കപ്പലിന്റെ വലുപ്പം
യാത്രയ്ക്കു തിരഞ്ഞെടുക്കുന്ന കപ്പലിന്റെ വലുപ്പവും പ്രധാനമാണ്. സൗകര്യങ്ങള്‍, വിനോദ ഉപാധികള്‍, ഭക്ഷണം എന്നിവയെല്ലാം വലിയ കപ്പലുകളില്‍ ലഭിക്കാന്‍ സാധ്യത കൂടുതലാണ്. അതേസമയം ചെറിയ കപ്പലുകളില്‍ നിങ്ങള്‍ക്ക് വ്യക്തിപരമായി സേവനം ലഭ്യമാവുകയും ചെയ്യും.
∙ യാത്രാ പരിപാടിയും സമയവും
ഏതൊക്കെ തുറമുഖങ്ങളില്‍ എത്ര സമയം ലഭിക്കുമെന്നും അവിടെ എന്തൊക്കെ കാണാനുണ്ടാവുമെന്നും പരിശോധിക്കണം. ഇത് നിങ്ങള്‍ക്കിഷ്ടപ്പെടുന്നതാണോ എന്നു കൂടി അറിയാന്‍ വേണ്ടിയാണ്. ചെറിയ യാത്രാ പരിപാടിയുമായുള്ള കപ്പല്‍ യാത്രകളുണ്ട്. തുടക്കക്കാര്‍ക്ക് ഇത്തരം ചെറു സമുദ്ര യാത്രകളായിരിക്കും ഉചിതം.
∙ ആഘോഷങ്ങളും ഭക്ഷണവും
ക്രൂസ് കപ്പലുകള്‍ കടലില്‍ ഒഴുകുന്ന റിസോര്‍ട്ടുകള്‍ പോലെയാണ്. എല്ലാവര്‍ക്കും വേണ്ട എന്തെങ്കിലുമൊക്കെ ഇവിടെനിന്നും കിട്ടാതിരിക്കില്ല. ഓണ്‍ബോര്‍ഡ് ആക്ടിവിറ്റീസ് എന്തൊക്കെയാണെന്നു വിശദമായി നോക്കണം. കുട്ടികള്‍ക്കും കുടുംബത്തിനും പറ്റിയ പരിപാടികള്‍ ഉൾപ്പെടുത്തിയ കപ്പലുകളുണ്ട്. വൈവിധ്യമുള്ള ഭക്ഷണം സാധാരണ കപ്പലില്‍ ലഭിക്കാറുണ്ട്. എങ്കിലും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ മെനുവിലുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
Content Summary: Tips That Will Help Make Your Cruise Trip Better