പൂച്ചകൾക്കും പുരുഷന്മാർക്കും മാത്രമായുള്ള ദ്വീപുകൾ; ഇലക്ട്രോണിക് ഉപകരണങ്ങൾ മാത്രമുള്ള നഗരം
Mail This Article
ജപ്പാന്റെ സൗന്ദര്യം ചെറിപ്പൂക്കളുടെ പിങ്ക് നിറത്തിലോ ഫോട്ടോ-റിയലിസ്റ്റിക് ആനിമേഷൻ സിനിമകളിലോ മാത്രം ഒതുങ്ങുന്നതല്ല. ആ നാടിന്റെ സൗന്ദര്യം വിചിത്രമായ ചില കാഴ്ചകളിൽക്കൂടി കടന്നുപോകുന്നുണ്ട്; ജീവനുള്ള പാവകളുടെ ദ്വീപ് മുതൽ പുരുഷന്മാർക്കു മാത്രം പ്രവേശനമുള്ള ദ്വീപ് വരെ. അങ്ങനെ ഒരു മനുഷ്യനെ അമ്പരപ്പിക്കാൻ പോന്ന സകല കാഴ്ചകളും ഇവിടെയുണ്ട്. ജപ്പാനിലെത്തിയാൽ എല്ലാവരും ടോക്കിയോ പോലെയുള്ള നഗരങ്ങളിൽ മാത്രമാകും യാത്ര ചെയ്യുക. എന്നാലിനി ജപ്പാൻ യാത്ര പ്ലാൻ ചെയ്യുമ്പോൾ ഇനി പറയുന്ന സ്ഥലങ്ങളിലൂടെയും സഞ്ചരിക്കാം. പല വിചിത്രകഥകളും പറയാനുള്ള ജപ്പാനിലെ ഏറ്റവും വിചിത്രമായ സ്ഥലങ്ങളിതാ.
പൂച്ചകൾ മാത്രമുള്ള ദ്വീപ്
പേരു പോലെതന്നെ പൂച്ചകളാൽ നിറഞ്ഞ ദ്വീപാണ് ഓഷിമ. ടൂറിസ്റ്റ് സ്പോട്ടായതോടെ ഇവിടെ ഇപ്പോൾ അറിയപ്പെടുന്നത് പൂച്ച ദ്വീപ് എന്നാണ്. മനുഷ്യരേക്കാൾ പൂച്ചകളാണ് ഈ ദ്വീപിൽ അധികവും. പതിനൊന്ന് ഏക്കറുള്ള ഓഷിമ ദ്വീപിൽ വെറും പതിനഞ്ച് കുടുംബങ്ങള്‍ മാത്രമാണ് താമസിക്കുന്നത്. മീന്‍പിടിത്തമാണ് ഇവരുടെ പ്രധാന തൊഴില്‍. പണ്ട് കപ്പലിലും മത്സ്യബന്ധന ബോട്ടുകളിലും എലിശല്യം നിയന്ത്രിക്കാന്‍ കൊണ്ടു വന്ന പൂച്ചകളാണ് ദ്വീപിലെ അന്തേവാസികളായത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ദ്വീപ് നിവാസികള്‍ ജോലി തേടി മറ്റ് നഗരങ്ങളിലേക്കു പോയതോടെ ഓഷിമയില്‍ പൂച്ചകളും കുറച്ചു മനുഷ്യരും മാത്രമായി. പിന്നീട് പൂച്ചകള്‍ പെറ്റു പെരുകി. ഇന്ന് ഇവിടെയുള്ള താമസക്കാരേക്കാൾ ഇരട്ടിയിലധികമുണ്ട് പൂച്ചകൾ. ഈ പൂച്ചപ്പട്ടാളത്തെ കാണാനായി നൂറുക്കണക്കിനു സഞ്ചാരികൾ ഓരോ ദിവസവും ദ്വീപിലെത്തുന്നുമുണ്ട്.
പുരുഷന്മാർക്കു മാത്രം പ്രവേശനമുള്ള ദ്വീപ്
ഫുകുവോക്കയിലെ മുനകത തീരത്ത് സ്ഥിതി ചെയ്യുന്ന ഒകിനോഷിമ ദ്വീപിലാണ് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ദ്വീപിലേക്കു പുരുഷൻമാർക്കു മാത്രമേ പ്രവേശനമുള്ളൂ. അതും എല്ലാവർക്കും പോകാനുമാകില്ല. അവിടെ വർഷത്തിലൊരിക്കൽ നടക്കുന്ന ഉത്സവത്തിൽ പങ്കെടുക്കാനായി 200 പുരുഷൻമാർക്കു മാത്രം പ്രവേശനം. ദ്വീപിലെത്തുന്ന പുരുഷന്മാര്‍ വസ്ത്രങ്ങള്‍ അഴിച്ച് ശുദ്ധീകരണ ചടങ്ങ് നടത്തുന്നതിനായി കടലില്‍ നഗ്‌നരായി കുളിക്കണം, അത് അവരുടെ ആത്മാവിനെ ശുദ്ധീകരിക്കുമെന്നാണ് വിശ്വാസം. ജപ്പാനിലെ ഏറ്റവും പഴയ രണ്ട് ചരിത്ര ഗ്രന്ഥങ്ങളായ കൊജികിയിലും നിഹോണ്‍ ഷോക്കിയിലും ഒകിനോഷിമയെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. പ്രാദേശിക മുനതക ഗോത്രക്കാര്‍ ഈ ദ്വീപിനെ വളരെ പവിത്രമായാണ് കാണുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള ദ്വീപ് നാലാം നൂറ്റാണ്ട് മുതല്‍ ഒമ്പതാം നൂറ്റാണ്ട് വരെ കൊറിയന്‍ ദ്വീപുകളും ചൈനയും തമ്മിലുള്ള വ്യാപാര കേന്ദ്രമായിരുന്നുവെന്ന് പറയപ്പെടുന്നു. ഷിന്റോ ദൈവത്തെയാണ് ഈ ദ്വീപില്‍ ആരാധിക്കുന്നത്. ജാപ്പനീസ് വേരുകളുള്ള ഒരു പുരാതന മതമാണ് ഷിന്റോ. മതാചാരപ്രകാരം ആർത്തവം അശുദ്ധിയായതിലാകാം സ്ത്രീകൾക്ക് ദ്വീപിലേക്കുളള പ്രവേശനം നിഷേധിച്ചിരിക്കുന്നതെന്നാണു പറയപ്പെടുന്നത്.
ഇലക്ട്രിക് ടൗൺ
ജപ്പാനിലെ ടോക്കിയോയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് അക്കിഹബാര. ഒരു കാലത്ത് ഇലക്ട്രോണിക് ഉപകരണ ഷോപ്പുകളാൽ സമ്പന്നമായിരുന്ന ഈ പ്രദേശത്തെ ഇലക്ട്രോണിക് ടൗൺ എന്നാണ് വിളിച്ചിരുന്നത്. പ്രധാനമായും ഇലക്ട്രോണിക്സ്, ആനിമേഷൻ, മാംഗ, ഒടാകു സംസ്കാരം എന്നിവയുടെ കേന്ദ്രമായി ഇത് അറിയപ്പെടുന്നു. തുടക്കത്തിൽ ഇവിടം നിരവധി ഇലക്ട്രോണിക്സ് ഷോപ്പുകൾക്കു പേരുകേട്ടതായിരുന്നു. കാലക്രമേണ ഇത് സാങ്കേതികവിദ്യയുടെയും പോപ്പ് സംസ്കാരത്തിന്റെയും ഒരു പ്രധാന കേന്ദ്രമായി മാറി. ഇത് പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്നു. രണ്ടാം ലോക മഹായുദ്ധാനന്തരം ഇവിടെ ഇലക്ട്രോണിക് സാധനങ്ങളുടെയും പല തരത്തിലുള്ള ഗൃഹോപകരണങ്ങളുടേയും കരിഞ്ചന്തയായിരുന്നു. ഇന്ന് കംപ്യൂട്ടറുകൾ, ക്യാമറകൾ, ഗാഡ്‌ജെറ്റുകൾ, വിഡിയോ ഗെയിമുകൾ തുടങ്ങി വീട്ടുപകരണങ്ങൾ വരെ വിൽക്കുന്ന ചെറിയ ഷോപ്പുകൾ മുതൽ വലിയ ബഹുനില കെട്ടിടങ്ങൾ വരെയുള്ള ഇലക്ട്രോണിക് സ്‌റ്റോറുകളാൽ നിറഞ്ഞിരിക്കുന്നു. മാംഗ, അനിമേഷൻ പ്രേമികളുടെ ഒരു സങ്കേതം കൂടിയാണിത്. ഇവിടുത്തെ മറ്റൊരു പ്രത്യേകത വീട്ടുജോലിക്കാരികളുടെയും നഴ്സുമാരുടെയുമൊക്കെ വേഷത്തിൽ ഹോട്ടലിലേക്കു സ്വീകരിക്കാൻ നിൽക്കുന്ന സ്ത്രീകളാണ്.
നോക്കുകുത്തികളുടെ നാട്
ജപ്പാനിലെ ടോകുഷിമ പ്രിഫെക്ചറിലെ ഇയാ താഴ്‌വരയിലെ ഒരു ചെറിയ ഗ്രാമമാണ് നഗോറോ വില്ലേജ് അല്ലെങ്കിൽ നഗോറോ ഡോൾ വില്ലേജ് എന്നും അറിയപ്പെടുന്ന നഗോറോ. മനുഷ്യരുടെ എണ്ണത്തേക്കാൾ ഇവിടെ നോക്കുകുത്തികളാണുള്ളത്. ജാപ്പനീസ് ഭാഷയിൽ "സ്കെയർക്രോ ഡോൾസ്" അല്ലെങ്കിൽ "കകാഷി" എന്നു വിളിക്കപ്പെടുന്ന നോക്കുകുത്തികളാണ് ഈ ഗ്രാമത്തിലേക്ക് എത്തുമ്പോൾ കാണാനാവുക. പെട്ടെന്നു നോക്കിയാൽ ജീവനുള്ള മനുഷ്യനായി തോന്നും. കാരണം ഒരു മനുഷ്യനോളം തന്നെ വലുപ്പമുണ്ട് ഈ നോക്കുകുത്തികൾക്ക്. കണ്ടാൽ പേടിയാകുന്ന ഈ പേക്കോലങ്ങൾ സൃഷ്ടിച്ചത് അയാനോ സുകിമി എന്ന കലാകാരനാണ്. വളരെ കുറച്ചുപേർ മാത്രമുള്ള ആ ചെറിയ ഗ്രാമത്തിലെ ഏകാന്തത ഒഴിവാക്കാനും തന്റെ ഗ്രാമത്തിലേക്ക് ആളുകളെ ആകർഷിക്കാനുമാണ് ഇദ്ദേഹം ആദ്യം പാവകൾ നിർമിച്ചുതുടങ്ങിയത്. പീന്നിടതൊരു ജോലിയായി. ഇന്ന് ഗ്രാമത്തിന്റെ മുക്കിലും മൂലയിലും വഴിയോരത്തും ചായക്കടയിലും വെയിറ്റിങ് ഷെഡിലുമെല്ലാം ഈ പേടിപ്പെടുത്തുന്ന നോക്കുകുത്തികളെ കുത്തിനിർത്തിയിരിക്കുകയാണ്. ഇന്ന് വിനോദസഞ്ചാരകേന്ദ്രമായി ഇവിടം മാറിയിരിക്കുന്നു.
Content Summary : Here are some of the strangest places in Japan.