ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോയായ റാമോജി ഫിലിം സിറ്റി ആയിരക്കണക്കിനു സിനിമകളും അനവധി കഥകളും നമുക്ക് സമ്മാനിച്ചിട്ടുണ്ട്. ഫിലിം നിർമ്മാണ സിറ്റി എന്നതിലുപരി സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഇവിടം. ഹോളിവുഡിലെ യൂണിവേഴ്സൽ സ്റ്റുഡിയോ പോലെ , റാമോജി ഫിലിം സിറ്റി ഒരു തീം പാർക്ക് കൂടിയാണ്. ഫിലിം സെറ്റ്, ലൈവ് ഷോ, കുട്ടികൾക്കായുള്ള റൈഡുകൾ, തുടങ്ങി ആകർഷണങ്ങൾ ഏറെയുണ്ടിവിടെ. പക്ഷേ, ഒരു സിനിമാ പ്ലോട്ടിലെ ട്വിസ്റ്റ് പോലെ, ഫിലിം സിറ്റി തന്നെ പ്രേത കഥകളുടെ ഭാഗമാണെന്നു പറഞ്ഞാലോ? 

film-city
Image Credit : ramojifilmcity.com

 

ചരിത്രവും പശ്ചാത്തലവും

 

ലോകത്തിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോയായി ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് സാക്ഷ്യപ്പെടുത്തിയ റാമോജി ഫിലിം സിറ്റി 1996-ൽ ഹൈദരാബാദിൽ രാമോജി ഗ്രൂപ്പിന്റെ തലവൻ കൂടിയായ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് രാമോജി റാവുവാണ് സ്ഥാപിച്ചത്. എട്ട് ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന ഇവിടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം 2500-ലധികം സിനിമകൾ ചിത്രീകരിച്ചിട്ടുണ്ട്. ബാഹുബലിയും യന്തിരനും ഗജനിയുമടക്കം പല ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ ഇവിടെ പിറന്നവയാണ്. 

film-city-travel
Image Credit : ramojifilmcity.com

 

പ്രേത കഥകളുടെ ഫിലിം സിറ്റി

പ്രേതബാധ എന്നു കേൾക്കുമ്പോൾ തകർന്ന കെട്ടിടങ്ങളും നിഗൂഢമായ ഇടനാഴികളും അടച്ചിട്ട മുറികളിൽ നിന്നുള്ള ശബ്ദങ്ങളുമൊക്കെയാകും നമ്മുടെ മനസ്സിലേക്കു വരിക. ഫിലിം സിറ്റി ആയതുകൊണ്ടു തന്നെ അത്തരം നിരവധി ലൊക്കേഷനുകൾ ഇതിന്റെ ഉള്ളിലുണ്ട്. എന്നാൽ റാമോജി റാവുവിനെ ചുറ്റിപ്പറ്റിയുള്ള കഥകൾ മറ്റൊന്നാണ്. 

 

അതിലൊന്ന് ഇങ്ങനെ: ഹൈദരാബാദിലെ നിസാമുകൾ ശത്രുസൈന്യത്തിനെതിരെ പോരാടിയ സ്ഥലത്താണ് ഫിലിം സിറ്റി നിർമ്മിച്ചത്. ഈ യുദ്ധങ്ങളിൽ നിരവധി സൈനികർക്കു ജീവൻ നഷ്ടപ്പെട്ടു. മരിച്ച സൈനികരുടെ ആത്മാക്കൾ ഇപ്പോഴും അവിടെ വിശ്രമമില്ലാതെ അലഞ്ഞുതിരിയുന്നതായി പറയപ്പെടുന്നു. ഷൂട്ടിനിടയിൽ ലൈറ്റുകൾ പെട്ടെന്ന് അണഞ്ഞു പോവുകയും തൂക്കിയിട്ട വലിയ വിളക്കുകൾ താഴേക്കു വീഴുകയും, അങ്ങനെ സിനിമകളിൽ കാണുന്നതുപോലെ തന്നെ അത്യധികം ഭയാനകമായ പല സംഭവങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ടെന്നാണ് സിനിമ പ്രവർത്തകർ പോലും പറയുന്നത്. കണ്ണാടിയിൽ ഉറുദു എഴുത്തുകൾ കണ്ടതായി പലരും അവകാശപ്പെടുന്നു. ഗാഡ്‌ജെറ്റുകൾക്കു കേടുപാടുകൾ സംഭവിച്ചതായും പാതി കഴിച്ച ഭക്ഷണപദാർത്ഥങ്ങളും കീറിപ്പറഞ്ഞ വസ്ത്രങ്ങളും ഒക്കെ ഇങ്ങനെ പറയപ്പെടുന്ന കഥകളിൽ ചിലതുമാത്രം. 

 

 

മറ്റൊരു കഥ ഗ്രീൻ റൂമുകളിലും ഹോട്ടൽ മുറികളിലും ഒരാളുടെ സാന്നിധ്യം പോലെയുള്ള അസ്വസ്ഥതയുണ്ടാക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്ന അഭിനേതാക്കളുടെ വെളിപ്പെടുത്തലാണ്. പ്രശസ്ത ബോളിവുഡ് താരം തപ്‌സി പന്നു ഒരു അഭിമുഖത്തിൽ അത്തരമൊരു സംഭവത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ചില വിനോദസഞ്ചാരികൾ ഉറുദു ഭാഷയിൽ അസാധാരണമായ ശബ്ദങ്ങളും മന്ത്രിക്കലുകളും കേൾക്കുന്നതായും പരാമർശിച്ചിട്ടുണ്ട്.നിരവധി ആളുകൾ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, ഇത് ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായി ഇന്നും തുടരുന്നു. 

 

പ്രേതബാധയല്ലാതെ മറ്റെന്തൊക്കെ കാണാം

 

ബാഹുബലി സെറ്റ്, ബേർഡ് പാർക്ക്, ഫിലിമി ദുനിയ, ഫണ്ടുസ്ഥാൻ, കൃപാലു ഗുഹകൾ എന്നിവയുൾപ്പെടെ നിരവധി ആകർഷണീയമായ കാഴ്ചകൾ ഫിലിം സിറ്റിയിലുണ്ട്. മാത്രമല്ല ഫിലിം സിറ്റിയിൽ താമസിക്കുന്നതിനായി അഞ്ച് ആഡംബര പൂർവ്വവും വാലറ്റ് സൗഹൃദവുമായ താമസ സൗകര്യങ്ങളുണ്ട്. സിതാര ലക്ഷ്വറി ഹോട്ടൽ , താരാ ഹോട്ടൽ, ശാന്തിനികേതൻ, ഗ്രീൻസ് ഇൻ, സഹാറ എന്നിവയാണ് ഈ പ്രോപ്പർട്ടികൾ. 

 

 

ജിഎംആർ ഹൈദരാബാദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഏകദേശം 26 കിലോമീറ്ററും ഹൈദരാബാദ് ഡെക്കാൻ റെയിൽവേ സ്റ്റേഷനിൽ നിന്നു 30 കിലോമീറ്ററും അകലെയാണ് ഈ സിനിമാ ലോകം.സന്ദർശിക്കാൻ പറ്റിയ സമയം ഒക്‌ടോബർ മുതൽ മാർച്ച് വരെയാണ്. കുട്ടികൾക്ക് 1,100 രൂപ - മുതിർന്നവർക്ക് 1,350 രൂപ നിരക്കിൽ സ്റ്റുഡിയോ ടൂറുകൾ ലഭ്യമാണ്. 

 

Content Summary : Ramoji Film City is the world's largest film studio complex, located in Hyderabad, India.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com