രാജസ്ഥാൻ യാത്രകളില്‍ ബിഷ്ണോയികളുടെ ഗ്രാമം സന്ദർശിക്കാൻ മറക്കരുത്...
Mail This Article
നൂറ്റാണ്ടുകളായി പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമായി അനുഷ്ടിക്കുന്നവരാണ് ബിഷ്ണോയികള്‍. മരം മുറിക്കാന്‍ രാജാവിന്റെ പടയാളികള്‍ വന്നപ്പോള്‍ മരത്തെ കെട്ടിപിടിച്ച് സ്വന്തം ജീവന് നല്കിയ അമൃതാ ദേവിയുടേയും 363 ഗ്രാമീണരുടേയും കഥ കേട്ടിട്ടുണ്ടോ? മാന്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്ന അമ്മമാരുടെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടോ? ഇതെല്ലാം ബിഷ്ണോയികളുടെ ആ സവിശേഷമായ ജീവിതരീതിയുടേയും വിശ്വാസങ്ങളുടേയും ഭാഗമായാണ് സംഭവിച്ചത്. രാജസ്ഥാനിലേക്കുള്ള യാത്രകളില്‍ നിങ്ങള്‍ക്ക് ഒരു സവിശേഷ ജനതയെ കൂടി പരിചയപ്പെടണമെന്നുണ്ടെങ്കില്‍ ബിഷ്ണോയി ഗ്രാമത്തിലേക്കു പോകാം.
രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയിലും മറ്റു വടക്കൻ സംസ്ഥാനങ്ങളിലും ജീവിക്കുന്നവരാണ് ബിഷ്ണോയികള്‍. മരം മുറിക്കുന്നതു തടയാന്‍ ജീവന് നല്കിയ ബിഷ്ണോയികളുടെ പ്രകൃതി സ്നേഹത്തിന്റെ കഥ 1730 ലാണ് നടക്കുന്നത്. അന്നത്തെ ജോധ്പൂര്‍ മഹാരാജാവായ അഭയ് സിങിന്റെ പടയാളികള്‍ ബിഷ്ണോയി ഗ്രാമമായ ഖെജാരിയില് മരം മുറിക്കാനെത്തി.
പടയാളികളെത്തിയത് മരം മുറിക്കാനാണെന്നറിഞ്ഞ അമൃതാ ദേവി അവരോട് അരുതെന്ന് അപേക്ഷിച്ച് മരത്തില്‍ കെട്ടി പിടിച്ചു നിന്നു. മരങ്ങളെ കെട്ടിപ്പിടിച്ചു നിന്ന അമൃതാ ദേവിയേയും കുടുംബാംഗങ്ങളേയും പടയാളികള്‍ വെട്ടിക്കൊല്ലുകയായിരുന്നു. ഇതറിഞ്ഞെത്തിയ ബിഷ്ണോയികള്‍ മരം വെട്ടുന്നത് തടയാന്‍ ശ്രമിക്കുകയും കൊല്ലപ്പെടുകയും ചെയ്തു. 363 ബിഷ്ണോയികള്‍ ഇങ്ങനെ കൊല്ലപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. ഒടുവില്‍ മഹാരാജാവു തന്നെ മരങ്ങള്‍ വെട്ടുന്നതു തടയുകയായിരുന്നു.
ഗുരു ജംഭേശ്വര്‍ എന്നയാളാണ് ബിഷ്ണോയികളുടെ ആത്മീയാചാര്യന്. പതിനഞ്ചാം നൂറ്റാണ്ടു മുതലാണ് വിഷ്ണുവിനെ ആരാധിക്കുന്ന ഹിന്ദു മതവിഭാഗമായി ബിഷ്ണോയികള്‍ പ്രചരിച്ചു തുടങ്ങിയത്. ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ് 29 തത്വങ്ങള്‍. ഇരുപത്(ബീസ്) ഒമ്പത്(നൗ) എന്നീ വാക്കുകള്‍ ചേര്‍ന്നാണ് ബിഷ്ണോയ് എന്ന വാക്കുണ്ടായതെന്ന് കരുതപ്പെടുന്നു.
ബിഷ്ണോയികള്‍ ജീവിതത്തില്‍ കര്‍ശനമായി പാലിക്കേണ്ടവയാണ് ഈ 29 നിയമങ്ങള്‍. കളവും കള്ളവും പാടില്ല, വാദിക്കാന്‍ നില്‍ക്കരുത്, ജീവജാലങ്ങളോട് കരുണ കാണിക്കണം, നീല വസ്ത്രം ധരിക്കരുത്, പച്ച മരം മുറിക്കരുത്, പുകയിലയും പുകവലിയും മദ്യവും പാടില്ല, ഇറച്ചി കഴിക്കരുത്... എന്നിങ്ങനെ പോവുന്നു ബിഷ്ണോയികളുടെ 29 നിയമങ്ങള്‍.
ഇന്ത്യയിലെ ആദ്യത്തെ പ്രകൃതി സംരക്ഷകരെന്ന് ബിഷ്ണോയികളെ വിശേഷിപ്പിക്കാറുണ്ട്. മാന്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്ന ബിഷ്ണോയി സ്ത്രീകളുടെ ചിത്രങ്ങള്‍ നേരത്തെ തന്നെ വലിയതോതില്‍ പ്രചരിച്ചതാണ്. പ്രദേശത്തെ ജീവജാലങ്ങളെ സംരക്ഷിക്കേണ്ടത് ഇവര്‍ സ്വന്തം കടമയായിട്ടാണ് കരുതുന്നത്. രാജസ്ഥാനിലെ ജോഥ്പൂരിലെ വരണ്ട പ്രദേശത്താണ് ബിഷ്ണോയി ഗ്രാമമുള്ളത്. എന്നിട്ടു പോലും ഇവിടം പച്ചപ്പിനാല്‍ സമൃദ്ധമാണ്. ബിഷ്ണോയികളുടെ സവിശേഷമായ പ്രകൃതി സംരക്ഷണത്തിന്റെ തെളിവാണ് ഈ പച്ചപ്പ്. വരണ്ട പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഖേജ്രി മരങ്ങളെ ഇവര്‍ വിശുദ്ധമായാണ് കരുതുന്നത്.
സുസ്ഥിര വികസനത്തിന്റേയും പ്രകൃതിയോട് ചേര്‍ന്നുള്ള വിനോദ സഞ്ചാരത്തിന്റേയും പേരില്‍ ബിഷ്ണോയി ഗ്രാമം പ്രസിദ്ധമാണ്. ഇന്ത്യക്കകത്തു നിന്നും പുറത്തു നിന്നും നിരവധി സഞ്ചാരികള്‍ ഈ രാജസ്ഥാന് ഗ്രാമത്തിലേക്കെത്താറുണ്ട്. ബിഷ്ണോയികളുടെ വ്യത്യസ്തമായ ജീവിതവും പ്രകൃതി സംരക്ഷണരീതികളും കണ്ടു മനസിലാക്കാന്‍ ബിഷ്ണോയി ഗ്രാമത്തോളം പറ്റിയ സ്ഥലം വേറെയില്ല.
ബിഷ്ണോയികളുടെ സവിശേഷ സംസ്കാരത്തിന്റെ അടയാളങ്ങള്‍ അവരുടെ ഗ്രാമത്തില്‍ എല്ലായിടത്തും കാണാനാവും. പ്രകൃതി നിര്‍മിതമായ ഗുഡ ബിഷ്ണോയ് തടാകവും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ്. ഗ്രാമത്തിലെ ഇടയ കുടുംബങ്ങള്‍ സന്ദര്‍ശിക്കാനും ഇവരുടെ പരമ്പരാഗത ജീവിത രീതി നേരിട്ട് അറിയാനും സഞ്ചാരികള്‍ക്കു സാധിക്കും. നെയ്ത്തുകാരുടെ ഗ്രാമമായ സലാവാസും യാത്രികര്‍ക്ക് സവിശേഷമായ അനുഭവം സമ്മാനിക്കും.
Content Summary : The Bishnoi village is located in the Thar Desert, and it is a beautiful and tranquil place.