ADVERTISEMENT

മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയ മദ്യങ്ങളുടെ കൂട്ടത്തില്‍ ബിയറുണ്ട്. ബി.സി 4300 വരെ പുറകിലേക്കു നീണ്ടു കിടക്കുന്ന ചരിത്രം ബിയറിനുണ്ടെങ്കിലും ആദ്യത്തെ അന്താരാഷ്ട്ര ബിയര്‍ ഡേ ആഘോഷിക്കാന്‍ 2007 വരെ കാത്തിരിക്കേണ്ടി വന്നു. കലിഫോര്‍ണിയയിലെ സാന്റ ക്രൂസിലാണ് ആദ്യ രാജ്യാന്തര ബിയര്‍ ഡേ ആചരിച്ചത്. ഇപ്പോള്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലെ ആദ്യ വെള്ളിയാഴ്ച്ച(ഈ വര്‍ഷം ഓഗസ്റ്റ് നാല്) രാജ്യാന്തര ബിയര്‍ ദിനമായി ബിയര്‍ പ്രേമികള്‍ ആചരിക്കുന്നു. 

 

ബിയറിന്റെ ചരിത്രം തിരഞ്ഞു പോയാല്‍ മെസപ്പൊട്ടോമിയന്‍ കാലത്തേക്കു വരെ നമ്മളെത്തും. 4300 ബി.സിയില്‍ കളിമണ്‍ ഫലകങ്ങളില്‍ കുറിച്ചുവെച്ച ബിയര്‍ നിര്‍മാണ കുറിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. 3400 ബി.സിയില്‍ ബിയര്‍ ഒഴിക്കാന്‍ ഉപയോഗിച്ചിരുന്ന കളിമണ്‍ പാത്രങ്ങളും പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഈജിപ്ഷ്യന്‍ സംസ്‌ക്കാരത്തില്‍ ഒഴിച്ചുകൂടാനാവാത്ത പാനീയമായിരുന്നു ബിയര്‍. ഫറവോമാരും പുരോഹിതരും ഗ്രാമീണരുമെല്ലാം ബിയറിന്റെ ആരാധകരായിരുന്നു. 

 

ഇന്നു പ്രവര്‍ത്തിക്കുന്ന ഏറ്റവും പഴക്കമുള്ള ബിയര്‍ നിര്‍മാണ കേന്ദ്രം ജര്‍മനിയിലാണ്. 1040 ല്‍ ആരംഭിച്ച വെയ്‌ഹെന്‍സ്റ്റെഫാന്‍ ബ്രൂവറിയാണിത്. ലോകത്തെ ഏറ്റവും വീര്യമുള്ള ബിയര്‍ നിര്‍മിച്ചതിന്റെ റെക്കോഡുള്ളത് സ്‌കോട്ടിഷ് ബ്രൂവറിക്കാണ്. 2017ല്‍ ഇവര്‍ നിര്‍മിച്ച ബിയറിലെ മദ്യത്തിന്റെ അളവ് 67.5 ശതമാനമായിരുന്നു. ഇന്ത്യയില്‍ ലഭ്യമായ സാധാരണ ബിയറുകളില്‍ മദ്യത്തിന്റെ അളവ് ശരാശരി അഞ്ചു ശതമാനമാണ്. 

 

വളരെ വേഗത്തിലാണ് ബിയര്‍ ദിനവും അനുബന്ധ ആഘോഷങ്ങളും ലോകമാകെ പ്രചരിച്ചത്. ഇന്ന് അമേരിക്കയില്‍ മാത്രമല്ല ലോകത്തെ എണ്‍പതോളം രാജ്യങ്ങളില്‍ ഓഗസ്റ്റു മാസത്തിലെ ആദ്യ വെള്ളിയാഴ്ച ബിയര്‍ ദിനം ആഘോഷിക്കുന്നു. മൂന്നു ലക്ഷ്യങ്ങളും ഈ ബിയര്‍ ദിന ആഘോഷത്തിനു പിന്നിലുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ബിയര്‍ നുണയുകയെന്നതാണ് ആദ്യത്തേത്. ബിയര്‍ നിര്‍മിക്കുകയും വിളമ്പുകയും ചെയ്യുന്നവരോടൊപ്പം ആഘോഷിക്കുകയാണ് അടുത്തത്. എല്ലാ രാജ്യങ്ങളിലെ ബിയറുകളുടെ രുചിവൈവിധ്യവും ആഘോഷിക്കുകയും ലോകത്തെ തന്നെ ബിയറിനു കീഴില്‍ ഒന്നിപ്പിക്കുകയുമാണ് മൂന്നാമത്തെ ലക്ഷ്യം. 

 

2007 മുതല്‍ 2012 വരെ അന്താരാഷ്ട്ര ബിയര്‍ ഡേ ഓഗസ്റ്റ് അഞ്ചിനാണ് ആഘോഷിച്ചിരുന്നത്. പിന്നീടാണ് ഓഗസ്റ്റ് മാസം ആദ്യ വെള്ളിയാഴ്ച്ചയിലേക്ക് ഈ ആഘോഷം മാറ്റിയത്. കലിഫോര്‍ണിയക്കാരന്‍ ജെസി അവ്ഷാലൊമോവ് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ആദ്യത്തെ ബിയര്‍ ഡേ ആഘോഷിച്ചത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇന്റര്‍നെറ്റിന്റെ കൂടി സഹായത്തില്‍ ബിയര്‍ ഡേ ആഘോഷം രാജ്യാന്തര തലത്തിലേക്ക് അതിവേഗം പടര്‍ന്നു പന്തലിക്കുകയായിരുന്നു.

 

Content Summary : International Beer Day is observed on the first Friday of August.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com