കൈലാസം മുതൽ സിനായ് വരെ, വിശുദ്ധ ഗിരിശൃംഗങ്ങൾ
Mail This Article
വിശുദ്ധഗ്രന്ഥങ്ങളായ ബൈബിൾ, ഖുർആൻ, തോറ (ജൂതൻമാരുടെ വേദഗ്രന്ഥം) എന്നിവയിൽ ഒരുപോലെ പ്രാധാന്യമുള്ളതാണ് സിനായ് മല. ഈ മൂന്നു മതഗ്രന്ഥങ്ങളിലും സിനായ് മലയ്ക്കു വളരെ വ്യക്തവും ശക്തവുമായ സാന്നിധ്യമുണ്ട്. വിശ്വാസികൾക്ക് ഇത് വെറുമൊരു പർവതമല്ല. അവരുടെ വിശ്വാസത്തോട് അത്രമേൽ ചേർന്നു നിൽക്കുന്ന ഒന്നാണ്. സിനായ് മാത്രമല്ല, ലോകത്തിൽ ഇത്തരം നിരവധി പർവതങ്ങളുണ്ട്. വിശുദ്ധമായി കരുതപ്പെടുന്ന ഈ ഗിരിശ്യംഗങ്ങളിലേക്ക് ഒരിക്കലെങ്കിലും എത്താൻ ആഗ്രഹിക്കാത്ത വിശ്വാസികൾ വളരെ കുറവായിരിക്കും. ഈജിപ്തിലെ സിനായ് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഉത്തരാഖണ്ഡിലെ നന്ദാദേവിയും ഹിമാലയൻ മലനിരകളിലെ കൈലാസവും എല്ലാം. അത്തരം വിശുദ്ധമായ ചില മലനിരകളെ പരിചയപ്പെടാം.
കൈലാസ പർവതം
ഹൈന്ദവരുടെ വിശ്വാസമനുസരിച്ച് ശിവ ഭഗവാന്റെ ആവാസസ്ഥാനമാണ് കൈലാസം. ലോകത്തിലെ തന്നെ ഏറ്റവും പരിശുദ്ധമായ പർവതമായി കണക്കാക്കപ്പെടുന്നത് കൈലാസം ആണ്. ഇന്നും ആർക്കും എത്തിച്ചേരാൻ കഴിയാത്ത സ്ഥലങ്ങളും ഈ പർവതത്തിലുണ്ട്. ഹിമാലയപർവതത്തിന്റെ ഭാഗമായ കൈലാസം ടിബറ്റൻ മേഖലയിലാണ് നീണ്ടു കിടക്കുന്നത്. ബുദ്ധ - ജൈന മതക്കാരുടെയും പുണ്യസ്ഥലമാണ് കൈലാസം. സമുദ്രനിരപ്പിൽനിന്ന് 6638 അടി ഉയരത്തിലാണ് കൈലാസ പർവതം സ്ഥിതി ചെയ്യുന്നത്. കൈലാസ പർവതത്തിന്റെ ഏറ്റവും ഉയർന്ന ഭാഗങ്ങൾ കീഴടക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പർവതാരോഹകർ ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരു ശ്രമവും വിജയിച്ചില്ല. പവിത്രമായി കണക്കാക്കപ്പെടുന്ന മാനസസരോവർ തടാകവും രാക്ഷസ് താൽ തടാകവും കൈലാസത്തിൽ സ്ഥിതി ചെയ്യുന്നു. പർവതത്തോടും ഈ തടാകങ്ങളോടും ചേർന്നാണ് ഏഷ്യയിലെ നാല് നദികളായ സിന്ധു, സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി എന്നിവ ഉദ്ഭവിക്കുന്നത്.
സിനായ് മല, ഈജിപ്ത്
ഏതെങ്കിലും ഒരു മതവിശ്വാസം പിന്തുടരുന്നവർക്കു മാത്രമല്ല, മൂന്ന് മതത്തിൽപ്പെട്ട വിശ്വാസികൾക്കും മതവിശ്വാസങ്ങൾക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ് സിനായ് മല. ഹോരെബ് മല എന്നും ഇത് അറിയപ്പെടുന്നു. 2285 മീറ്റർ ഉയരമുണ്ട് ഇതിന്. ദൈവം മോശയ്ക്ക് പത്തു കൽപനകൾ നൽകിയെന്നു പറയപ്പെടുന്ന സിനായ് മല ജബൽ മൂസ എന്ന പേരിലും അറിയപ്പെടുന്നു. ക്രിസ്ത്യാനികളുടെ വിശുദ്ധഗ്രന്ഥമായ ബൈബിൾ, ജൂതൻമാരുടെ മതഗ്രന്ഥമായ തോറ, ഇസ്‌ലാം മതഗ്രന്ഥമായ ഖുർആൻ എന്നിവയിൽ എല്ലാം സിനായ് മല വിശുദ്ധമായി പരിഗണിക്കപ്പെടുന്നു. ഈ മൂന്നു ഗ്രന്ഥങ്ങളിലും ദൈവം മോശയ്ക്ക് പത്തു കൽപനകൾ നൽകിയ സ്ഥലമായാണ് സിനായ് മല കണക്കാക്കപ്പെടുന്നത്. ഈജിപ്തിന്റെ സാംസ്കാരിക ചരിത്രത്തിൽ വളരെ നിർണായകമായ സ്ഥാനമാണ് സിനായ് മലയ്ക്കുള്ളത്.
ഉലുരു, ഓസ്ട്രേലിയ
ഉലുരു അഥവാ അയേഴ്സ് പാറ എന്നറിയപ്പെടുന്ന ഈ ഒറ്റപ്പാറ സ്ഥിതി ചെയ്യുന്നത് ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലാണ്. 863 മീറ്ററാണ് ഉലുരുവിന്റെ ഉയരം കണക്കാക്കുന്നത്. ഓസ്ട്രേലിയയിലെ ആദിമനിവാസികൾ വളരെ പരിപാവനമായി കരുതുന്നതാണ് ഉരുലു. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം കണ്ടെത്തിയിട്ടുള്ള ഉരുലുവിന്റെ പരമ്പരാഗത അവകാശികളായി കണക്കാക്കപ്പെടുന്നത് അനങ്കു ഗോത്രവർഗമാണ്. വർഷങ്ങളായി ഉരുലുവിലേക്ക് എത്തുന്ന സഞ്ചാരികളോട് ഇങ്ങോട്ട് വരരുതെന്നും ഇത് തങ്ങളുടെ പാവനമായ സ്ഥലമാണെന്നും ഇവിടുത്തെ ആദിമനിവാസികളുടെ ഗോത്രവർഗക്കാരും പറയുന്നുണ്ടെങ്കിലും സഞ്ചാരികളുടെ ഒഴുക്കിന് കുറവൊന്നുമില്ല. അദ്ഭുതകരമായി നിറം മാറുന്ന ഈ ഭീമൻ പാറ നോർത്തേൺ ടെറിട്ടറിയിലെ ഉരുലു - കറ്റ ജുട്ട ദേശീയോദ്യാനത്തിലാണ്. ഇവിടുത്തെ സൂര്യോദയവും സൂര്യാസ്തമയവുമാണ് സഞ്ചാരികളെ പ്രധാനമായും ആകർഷിക്കുന്നത്. പ്രഭാതസൂര്യന്റെ കിരണങ്ങളേൽക്കുമ്പോൾ ചുവപ്പ് നിറമാകുന്ന ഉരുലു അസ്തമയ സമയത്ത് ഓറഞ്ച് നിറത്തിലാണ് കാണപ്പെടുക. സൂര്യന്റെ സ്ഥാനം മാറുന്നതിന് അനുസരിച്ച് നിറം മാറുന്നതാണ് ഉരുലുവിന്റെ ഏറ്റവും വലിയ പ്രത്യേകത.
ആദംസ് പീക്ക്, ശ്രീലങ്ക
ആദിപിതാവായ ആദം മുതൽ ഗൗതമ ബുദ്ധനും അലക്സാണ്ടർ ചക്രവർത്തിയുമായി വരെ ബന്ധം കൽപിക്കപ്പെടുന്ന കൊടുമുടിയാണ് ആദം കൊടുമുടി അഥവാ ആദംസ് പീക്ക്. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽനിന്ന് 180 കിലോമീറ്റർ അകലെ കാൻഡി നഗരത്തിന് തെക്കുഭാഗത്തായാണ് ആദംസ് പീക്ക് സ്ഥിതി ചെയ്യുന്നത്. ബുദ്ധമതക്കാർക്ക് മാത്രമല്ല ക്രൈസ്തവ - ഹിന്ദു - ഇസ്‌ലാം മതക്കാർക്കും ആദംസ് പീക്ക് അവരുടെ വിശ്വാസത്തോട് ചേർന്നു നിൽക്കുന്ന കൊടുമുടിയാണ്. ശ്രീ പദ എന്നും ഇതറിയപ്പെടുന്നുണ്ട്. ആ കൊടുമുടിയിൽ ഒരു കാൽപാട് പതിഞ്ഞിട്ടുണ്ട്. ബുദ്ധമതവിശ്വാസികൾ ഇത് ബുദ്ധന്റെ കാൽപ്പാട് ആണെന്ന് വിശ്വസിക്കുമ്പോൾ ഹൈന്ദവർ ശിവന്റെ കാൽപാടുകൾ ഇവിടെ പതിഞ്ഞിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. അതേസമയം, വിലക്കപ്പെട്ട കനി കഴിച്ചതിന് ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ട ആദിപിതാവായ ആദം ഒറ്റക്കാലിൽനിന്ന് തപസ് ചെയ്തതിനെ തുടർന്നുണ്ടായതാണ് ഈ കാൽപാദമെന്ന് ഇസ്‌ലാം മതത്തിൽപ്പെട്ടവർ വിശ്വസിക്കുമ്പോൾ യേശുക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ലീഹായുമായി ഈ പാദമുദ്രയെ ബന്ധിപ്പിക്കുകയാണ് ക്രൈസ്തവ മതത്തിൽപ്പെട്ടവർ. വളരെ ദൂരെനിന്നു പോലും ആദംസ് പീക്കിനെ കാണാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. സൂര്യോദയത്തിന്റെ സമയത്ത് ഈ കൊടുമുടിയുടെ നിഴൽ താഴ്‌വാരത്തിൽ പതിച്ച് പതിയെ ചെറുതായി വരും. വിനോദസഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്ന മറ്റൊരു വിശേഷമാണ് ഇത്.
അറാറാത്ത് പർവതം, തുർക്കി
‘ഏഴാം മാസം പതിനേഴാം ദിവസം പെട്ടകം അറാറാത്ത് പർവതത്തിൽ ഉറച്ചു.’ – ബൈബിളിലെ ഒന്നാം പുസ്തകമായ ഉൽപത്തിയിലെ എട്ടാം അധ്യായത്തിലെ നാലാം വാക്യമാണിത്. ഭൂമിയിൽ ജലപ്രളയം ഉണ്ടായപ്പോൾ നോഹയോടാണ് ദൈവം പെട്ടകം ഉണ്ടാക്കി എല്ലാ ജീവജാലങ്ങളുമായി അതിൽ കയറാൻ നിർദ്ദേശിച്ചത്. നാൽപതു രാവും നാൽപതു പകലും നിർത്താതെ പെയ്ത മഴയിലും ഭൂമിയിൽ വെള്ളപ്പൊക്കമുണ്ടായി. 150 ദിവസം നീണ്ടുനിന്ന വെള്ളപ്പൊക്കത്തിനു ശേഷമാണ് ദൈവം പതിയെ ഭൂമിയിൽ കാറ്റു വീശിയതും വെള്ളം ഇറങ്ങാൻ തുടങ്ങിയതും. ആ സമയത്ത് നോഹയുടെ പെട്ടകം ഉറച്ച സ്ഥലമായാണ് അറാറാത്ത് പർവതം കണക്കാക്കപ്പെടുന്നത്. അർമേനിയക്കാരുടെ പുണ്യപർവതമാണിത്. പശ്ചിമേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പർവതമാണ് അറാറാത്ത് പർവതം ക്രിസ്ത്യാനിക്ക് മുമ്പുള്ള അർമീനിയൻ പുരാണങ്ങളിൽ പ്രധാനപ്പെട്ട ഇത് അർമീനിയക്കാരുടെ വിശുദ്ധ പർവതം ആയാണ് കണക്കാക്കപ്പെടുന്നത്. തുർക്കിയുടെ കിഴക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഇത് നിർജീവമായ ഒരു അഗ്നിപർവതമാണ്. ആധുനിക റിപ്പബ്ലിക്ക് ഓഫ് അർമേനിയയുടെ പുറത്ത് കിടന്നിട്ടും അറാറാത്ത് പർവതം ചരിത്രപരമായ അർമേനിയയുമായി ബന്ധപ്പെട്ടിരിക്കുന്നു.
നന്ദാദേവി, ഇന്ത്യ
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ രണ്ടാം സ്ഥനമാണ് ഹിമാലയൻ മലനിരകളിലെ നന്ദാദേവിക്ക്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളുടെ പട്ടികയിൽ 23–ാം സ്ഥാനത്താണിത്. 1988 – ലെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി. 7,816 മീറ്റർ ഉയരമുള്ള നന്ദാദേവിക്ക് ഹിന്ദുമത വിശ്വാസത്തിൽ വലിയ പ്രാധാന്യമാണുള്ളത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഋഷിഗംഗ താഴ്വരയ്ക്കും ഗോരിഗംഗ താഴ്വരയ്ക്കും ഇടയിലായാണ് നന്ദാദേവി സ്ഥിതി ചെയ്യുന്നത്. ഹിമാലയത്തിന്റെ രക്ഷാദേവതയായാണ് നന്ദാദേവി കൊടുമുടിയെ കണക്കാക്കുന്നത്. അമ്പതോളം വർഷങ്ങൾ നീണ്ടുനിന്ന പ്രയത്നങ്ങൾക്ക് ഒടുവിലാണ് പർവതാരോഹക സംഘങ്ങൾക്ക് നന്ദാദേവി കീഴടക്കാൻ കഴിഞ്ഞത്. മതപരമായ ചില കാരണങ്ങളാലും ആവാസവ്യവസ്ഥയുടെ സന്തുലിതമായ നിലനിൽപ്പിനു വേണ്ടിയും 1983ൽ ഇന്ത്യ ഗവൺമെന്റ് നന്ദാദേവി മല കയറ്റത്തിന് നിരോധനം ഏർപ്പെടുത്തി.
Content Summary : These are just a few of the many sacred mountains in the world. Each mountain has its own unique history and significance to its respective cultures.