ADVERTISEMENT

വേണ്ടാത്തതെല്ലാം പ്രകൃതിയിൽ ഉപേക്ഷിച്ച് പോകുന്ന ശീലമാണല്ലോ മനുഷ്യനുള്ളത്. അങ്ങനെ മനുഷ്യരാൽ ഉപേക്ഷിക്കപ്പെട്ട ഒരു ഗ്രാമത്തെ ഏറ്റവും മനോഹരമായൊരു ദൃശ്യാവിഷ്കാരമാക്കി പ്രകൃതി മാറ്റിയ കാഴ്ചയാണ് ചൈനയിലുള്ളത്. ചൈനയിലെ ഷെജിയാങ് പ്രവശ്യയിലെ ഷെങ്‌സി കൗണ്ടിയിലെ വോൾഫ്‌ബെറി ദ്വീപിലെ ഉപേക്ഷിക്കപ്പെട്ട ഗ്രാമം പെട്ടെന്ന് സോഷ്യൽ മീഡിയയിലെല്ലാം തരംഗമായിത്തീരുകയായിരുന്നു. അതിന്റെ പ്രധാനകാരണം പ്രകൃതിയുടെ കരവിരുതുകൾ തന്നെ. ഒരുകാലത്ത് 2000-ത്തിലധികം മത്സ്യത്തൊഴിലാളികൾ താമസിച്ചിരുന്ന ഈ ഗ്രാമം, 1990-കളിൽ പരിമിതമായ വിദ്യാഭ്യാസത്തിന്റെയും ഭക്ഷണ വിതരണത്തിന്റെയും പേരിൽ ഉപേക്ഷിക്കപ്പെട്ടപ്പോൾ അവിടെയുളള എല്ലാത്തിനേയും പ്രകൃതി ഏറ്റെടുക്കുകയായിരുന്നു. ഇന്ന് ഇവിടം പച്ചപ്പിനാൽ നിറഞ്ഞുനിൽക്കുന്ന അതിമനോഹരമായൊരു ടൂറിസ്റ്റ് സ്പോട്ടാണ്. 

 

വീടുകളും വഴിയോരങ്ങളും എല്ലാം പച്ചപ്പ് 

ചൈനയുടെ കിഴക്കൻ തീരത്തുള്ള ഷെങ്‌സി ദ്വീപസമൂഹത്തിന്റെ ഭാഗമായ ഷെങ്‌ഷാൻ ദ്വീപിലെ ഉപേക്ഷിക്കപ്പെട്ട ഗ്രാമമായ ഹൗട്ടാവനാണ് അടുത്തിടെ ഇന്റർനെറ്റ് സെൻസേഷനും അസാധാരണമായ ഒരു യാത്രാ ഹോട്ട്‌സ്‌പോട്ടുമായി മാറിയിരിക്കുന്നത്.1980 കാലഘട്ടത്തിൽ  ആയിരക്കണക്കിനു താമസക്കാരുള്ള ഒരു സമ്പന്നമായ മത്സ്യബന്ധന ഗ്രാമമായിരുന്നു ഹൗട്ടാവൻ. എപ്പോഴും തിരക്കും ബഹളവും നിറഞ്ഞ, കടലിന് അഭിമുഖമായി നിലനിന്നിരുന്ന ഒരു ഗ്രാമം. എന്നാൽ മറ്റിടങ്ങളിൽ നിന്നും ഇവിടേയ്ക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും ദൂരക്കൂടുതലും കാരണം ആളുകൾ പതിയെ ഇവിടെ നിന്നും താമസമൊഴിയാൻ തുടങ്ങി. ചൈനയുടെ മറ്റുഭാഗങ്ങൾ വികസനത്തിലേക്കു കുതിച്ചപ്പോൾ ഹൂട്ടൂവൻ മികച്ച വിദ്യാഭ്യാസം നേടാനും നിത്യോപയോഗ സാധനങ്ങൾ എത്തിക്കാനുള്ള ബുദ്ധിമുട്ടും കൊണ്ട് വലയുകയായിരന്നു. അങ്ങനെ 90 കളിൽ പൂർണ്ണമായും ഈ ഗ്രാമം മനുഷ്യരഹിതമായി തീർന്നു. 2002-ൽ, ഗ്രാമം ഔദ്യോഗികമായി ജനവാസം ഒഴിവാക്കി അടുത്തുള്ള ഒരു ഗ്രാമത്തിൽ ലയിപ്പിച്ചു.

 

പ്രേത ഗ്രാമം ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടായപ്പോൾ

 

പതിറ്റാണ്ടുകളുടെ ഉപേക്ഷിക്കലിനുശേഷം, കടലിനഭിമുഖമായ, ഈ ക്ലിഫ്‌സൈഡ് ഗ്രാമത്തിലെ ശൂന്യമായ വീടുകളും കെട്ടിടങ്ങളും വള്ളിപ്പടർപ്പുകളുടേയും കാട്ടുചെടികളുടെയും വിളനിലമായി മാറി. ഇവിടെ ആരംഭിക്കുകയാണ് പ്രകൃതിയുടെ കലാവിരുന്ന്. ഗ്രാമത്തിന്റെ മുക്കും മൂലയും വരെ പച്ചപ്പ് കയ്യടക്കിയ കാഴ്ച. പതിയെ പതിയെ ഗ്രാമം ഒരു പച്ച പുതപ്പായി രൂപാന്തരപ്പെടുകയായിരുന്നു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഫൊട്ടോഗ്രാഫർമാരുടെ പറുദീസയാണിവിടം. ഗൂഗിളിൽ ഹൗട്ടാവൻ ഗ്രാമത്തിന്റെ ചിത്രങ്ങൾ നോക്കിയാലറിയാം പ്രകൃതിമാതാവ് എന്ന കലാകാരിയുടെ സൃഷ്ടികൾ. ചൈനീസ് നെറ്റിസൺസ് ഈ സ്ഥലത്തിന് ഏറെ ഖ്യാതി നേടിക്കൊടുത്തതോടെ ഈ മനോഹരമായ സ്ഥലം ടൂറിസ്റ്റുകളുടെ പ്രിയലൊക്കേഷനായി മാറുകയായിരുന്നു. ഇന്നും സോഷ്യൽ മീഡിയയിൽ താരമായി നിലനിൽക്കാൻ ഹൗട്ടാവൻ ഗ്രാമത്തിന് സാധിക്കുന്നത് പ്രകൃതി കനിഞ്ഞുനൽകിയ മനോഹാരിത കൊണ്ടാണ്. 

 

Content Summary : An abandoned village in Wolfberry Island, Shengsi County, SE China’s Zhejiang Province.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com