സ്ലീപ്പ് ടൂറിസം ; യാത്രയുടെ ക്ഷീണം മാറ്റാന്‍ ലീവ് വേറെ എടുക്കണ്ട
Mail This Article
ജീവിത സമ്മര്‍ദങ്ങളില്‍ നിന്നും രക്ഷപ്പെടാനായി യാത്ര പോയി. പോയ യാത്രയുടെ ക്ഷീണം മാറ്റാന്‍ ലീവ് വേറെ എടുത്തു... ഇങ്ങനെയൊക്കെയാണ് നമ്മുടെ പല യാത്രകളും അവസാനിക്കാറ്. എന്നാല്‍ അങ്ങനെയല്ലാത്ത യാത്രകളുമുണ്ട്. കൂടുതല്‍ ദൂരം... കൂടുതല്‍ സ്ഥലങ്ങള്‍... കൂടുതല്‍ കാഴ്ചകള്‍... കൂടുതല്‍ ഭക്ഷണം... എന്നിങ്ങനെ നീണ്ടു പോവാത്ത യാത്രകള്‍. സമാധാനത്തിനും സ്വസ്ഥതക്കും ഉറക്കത്തിനും വലിയ പ്രാധാന്യം നല്‍കുന്ന ഈ യാത്രകളാണ് സ്ലീപ് ടൂറിസത്തില്‍ ഉള്‍പ്പെടുന്നത്. അതെ, എല്ലാം മറന്നു സമാധാനമായുറങ്ങാന്‍ നിങ്ങളെ സഹായിക്കുന്ന യാത്രകളാണിത്.
വെക്കേഷനല്ല ഇത് നാപ്‌കേഷനാണ്. അല്ലെങ്കില്‍ നാപ് ഹോളിഡേ. ചുമ്മാതെ സമാധാനമായി ഇരുന്ന് സ്വയം റീചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന മനോഹര യാത്രകളാണ് സ്ലീപ് ടൂറിസം എന്ന ആശയത്തിന്റെ അടിസ്ഥാനം. യോഗ, മെഡിറ്റേഷന്‍, സ്പാ ട്രീറ്റ്‌മെന്റുകള്‍, ആരോഗ്യം കൊണ്ടുവരുന്ന ഭക്ഷണം എന്നിവയൊക്കെ സ്ലീപ് ടൂറിസം പാക്കേജുകളുടെ ഭാഗമാവാറുണ്ട്. നിങ്ങളുടെ ശാരീരികവും മാനസികവുമായ ഉണര്‍വാണ് ഇത്തരം യാത്രകള്‍ വഴി ലക്ഷ്യമിടുന്നത്.
നിങ്ങളൊരു ജോലിക്കാരിയോ ജോലിക്കാരനോ ആണെങ്കില്‍ സ്വഭാവികമായും പലവിധം സമ്മര്‍ദങ്ങളിലൂടെ ദിനംപ്രതി കടന്നു പോവുന്നുണ്ടാവും. മലപോലെ മുന്നില്‍ കിടക്കുന്ന ഏറ്റെടുത്ത ജോലികള്‍, ഇതൊക്കെ സമയത്തിന് തീരുമോ എന്ന ചിന്ത, തീര്‍ന്നില്ലെങ്കില്‍ കേള്‍ക്കേണ്ടി വരുന്ന ചീത്തകളും നടപടികളും വേറെ... ഇതിനൊക്കെ പുറമേ ജോലിസ്ഥലത്തെ അനാവശ്യ ഗ്രൂപ്പിസവും മത്സരങ്ങളും. ഈ സമയത്ത് ആരും കൊതിക്കുന്ന യാത്രാ പാക്കേജായി സ്ലീപ് ട്രിപ്പ് മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ സ്ലീപ് ട്രിപ്പ് നടത്താന്‍ പറ്റിയ സ്ഥലങ്ങളെ കൂടി പരിചയപ്പെടാം.
വര്‍ക്കല - മനോഹരമായ ബീച്ചുകളും അധികം തിരക്കില്ലാത്ത അന്തരീക്ഷവുമെല്ലാം നമ്മുടെ വര്‍ക്കലയെ സ്ലീപ് ടൂറിസത്തിന് പറ്റിയ സ്ഥലമാക്കുന്നുണ്ട്. ആയുര്‍വേദ മസാജുകളും യോഗ ക്ലാസുകളും മെഡിറ്റേഷന്‍ സെഷനുകളുമെല്ലാം ഇവിടെ ആസ്വദിക്കാനാവും. ഇതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്ന റിസോര്‍ട്ടുകളും ഗസ്റ്റ് ഹൗസുകളും പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ വര്‍ക്കലയിലുണ്ട്.
ഗോവ - ഗോവയെന്നു കേള്‍ക്കുമ്പോള്‍ ഒരു പാര്‍ട്ടി മൂഡൊക്കെ തോന്നുമെങ്കിലും ശാന്ത സുന്ദര ഭാവം കൂടിയുണ്ട ഗോവക്ക്. പല റിസോര്‍ട്ടുകളും ഹോട്ടലുകളും ഇതിനു യോജിച്ച പാക്കേജുകളും മുന്നോട്ടുവെക്കുന്നു. സ്പാ ട്രീറ്റ്‌മെന്റുകളും യോഗയുമെല്ലാം പാക്കേജിന്റെ ഭാഗമായുള്ള റിസോര്‍ട്ടുകളുണ്ട്.
മൈസൂര്‍, കുടക് - ചരിത്രമുറങ്ങുന്ന കൊട്ടാരങ്ങളും ക്ഷേത്രങ്ങളും മാത്രമല്ല മൈസൂര്‍. ഇവിടെ യോഗയും മെഡിറ്റേഷനും ആയുര്‍വേദ ചികിത്സയുമൊക്കെ വാഗ്ദാനം ചെയ്യുന്ന പല കേന്ദ്രങ്ങളുമുണ്ട്. ഇക്കൂട്ടത്തില്‍ താല്‍പര്യമുണ്ടെങ്കില്‍ മാത്രം മൈസൂര്‍ പാലസും ചാമുണ്ടി ക്ഷേത്രവുമൊക്കെ കാണുകയും ചെയ്യാം. കര്‍ണാടകയുടെ പച്ചപ്പു നിറച്ച പ്രദേശമാണ് കുടക്. സൗണ്ട് തെറാപ്പി സെഷനുകളും മെഡിറ്റേഷന്‍ ക്ലാസുകളും ആയുര്‍വേദവുമൊക്കെ ചേര്‍ത്തുള്ള പാക്കേജുകള്‍ കുടകിലെ റിസോര്‍ട്ടുകളില്‍ പലതും സഞ്ചാരികള്‍ക്കായി ഒരുക്കിവെക്കുന്നുണ്ട്.
ധര്‍മ്മശാല - ഹിമാലയത്തിലെ ഒരു ഹില്‍ സ്റ്റേഷനായ ധര്‍മ്മശാലയെന്ന പേരു കേട്ടാല്‍ ആദ്യം ഓര്‍മ വരിക ദലൈ ലാമയേയും ബുദ്ധമതത്തേയുമായിരിക്കും. അതുതന്നെ മതി ധര്‍മ്മശാലയെ സ്ലീപ് ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാന്‍. സവിശേഷമായ ഉണര്‍വേകുന്ന ശബ്ദവും നിറങ്ങളും കാലാവസ്ഥയും ഭക്ഷണവും കാഴ്ചകളുമൊക്കെ ഇവിടെയുണ്ട്. ഒന്നിനും തിരക്കു കൂട്ടാതെ കാണാനുള്ള മനസു വേണമെന്നു മാത്രം.
ഋഷികേശ് - ഹിമാലയത്തിന്റെ ആത്മീയഭാവം പേറുന്ന നാടാണ് ഋഷികേശ്. പേരില്‍ തന്നെയുള്ള ഋഷി ഈ നാടിനാകെയുണ്ട്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തു തന്നെ മറ്റെവിടെയും ലഭിക്കാത്ത ആത്മീയ അനുഭവങ്ങള്‍ ഋഷികേശില്‍ നിങ്ങള്‍ക്കു ലഭിച്ചേക്കാം. ആനന്ദ ഇന്‍ ദ ഹിമാലയാസ്, അതാലി ഗംഗ തുടങ്ങിയയെല്ലാം സ്ലീപ് ടൂറിസത്തിനു യോജിച്ചപാക്കേജുകള്‍ കൈകാര്യം ചെയ്യുന്നവരാണ്.
Content Summary : Sleep tourism is a type of wellness travel that is centered around improving your sleep quality.