എന്തുഭംഗിയാണ് പുലികളെ കാണാൻ; വിഡിയോ പങ്കുവച്ച് രശ്മി സോമൻ
Mail This Article
പുലികളിയുടെ ആവേശം പങ്കുവച്ച് വ്‌ളോഗറും സിനിമ-സീരിയല്‍ താരവുമായ രശ്മി സോമൻ. റേസ് വേള്‍ഡ് ഓഫ് കളേഴ്‌സ് എന്ന യുട്യൂബ് ചാനല്‍ വഴിയാണ് രശ്മി സോമന്‍ പുലികളി കാഴ്ചയുടെ അനുഭവങ്ങള്‍ പങ്കുവച്ചത്. പുലികളിയില്‍ പങ്കെടുത്ത അഞ്ചു ദേശങ്ങളില്‍ ഒന്നായ പൂങ്കുന്നം സീതാറാം മില്‍ ദേശത്തിന്റെ അണിയറയിലെ ഒരുക്കങ്ങളും പെണ്‍ പുലികളുടെ വിശേഷങ്ങളും പുലികളി നേരിട്ട് കാണുമ്പോഴുണ്ടായ അനുഭവങ്ങളും രശ്മിയും സുഹൃത്തുക്കളും വിഡിയോയില്‍ വിവരിക്കുന്നുണ്ട്.
ഓണത്തോട് അനുബന്ധിച്ച് നടക്കുന്ന കേരളത്തിന്റെ തനതായ കലാരൂപങ്ങളില്‍ പ്രധാനമാണ് പുലികളി. കൊല്ലത്തും തിരുവനന്തപുരത്തുമൊക്കെയുണ്ടെങ്കിലും ഏറ്റവും വിപുലമായി പുലികളി നടക്കുന്ന പുലികളിയുടെ ആസ്ഥാനം തൃശൂരാണ്. ഇക്കുറിയും പതിവു തെറ്റാതെ നാലോണ നാളില്‍ വൈകുന്നേരം അഞ്ചുമണിയോടെ ആദ്യ പുലികളി സംഘം സ്വരാജ് റൗണ്ടിലെത്തി. രാത്രി ഒമ്പതു മണി വരെ സ്വരാജ് റൗണ്ടില്‍ പുലികള്‍ നിറഞ്ഞാടി.
ആകെ അഞ്ച് സംഘങ്ങളാണ് ഇക്കുറി തൃശൂരില്‍ പുലികളിക്കുണ്ടായിരുന്നത്. പൂങ്കുന്നം സീതാറാം മില്‍ ദേശം, വിയ്യൂര്‍ സെന്റര്‍, കാനാട്ടുകര, ശക്തന്‍, അയ്യന്തോള്‍ എന്നിവയായിരുന്നു അത്. ഓരോ സംഘത്തിലും അറുപതോളം പുലികളാണുണ്ടായിരുന്നത്. ഇക്കുറി സീതാറാം മില്‍ ദേശത്തില്‍ രണ്ട് പെണ്‍ പുലികളും വേഷം കെട്ടി. സിനിമ - സീരിയല്‍ താരങ്ങളും മോഡലുകളുമായ ചാലക്കുടി സ്വദേശിനി നിമിഷ ബിജേ, തളിക്കുളം സ്വദേശിനി താര എന്നിവരായിരുന്നു പെണ്‍ പുലികളായത്.
ചെണ്ടമേളത്തിന്റെ പശ്ചാത്തലത്തില്‍ കുടവയറും അരമണിയും കുലുക്കിക്കൊണ്ടുള്ള പുലികളി വ്യത്യസ്തവും സവിശേഷവുമായ അനുഭവമാണ്. ഓരോ പുലികളും മണിക്കൂറുകള്‍ നീളുന്ന ശ്രമങ്ങളിലൂടെയാണ് പുലിയായി മാറുന്നത്. പെയിന്റ് അടിക്കുന്നതിനു മുമ്പു തന്നെ ശരീരത്തിലെ രോമം മുഴുവനും വടിച്ചു കളയും. ഇനാമല്‍ പെയിന്റ് മണ്ണെണ്ണയില്‍ ചാലിച്ചാണ് ഓരോ പുലികളേയും വരച്ചെടുക്കുന്നത്. ഓരോ പുലികളി സംഘത്തിനൊപ്പവും രണ്ട് നിശ്ചല ദൃശ്യങ്ങള്‍ കൂടി ഇക്കുറി പുലികളിക്കുണ്ടായിരുന്നു.
വലിയ തിരക്കാണ് ഇക്കുറി അനുഭവപ്പെട്ടതെന്നും രശ്മി സോമനും സുഹൃത്തുക്കളും വ്‌ളോഗില്‍ പറയുന്നുണ്ട്. തിരക്കിനിടെ ചില മോശം അനുഭവങ്ങളുണ്ടായതിനെ തുടര്‍ന്ന് കൂടുതല്‍ സമയം പുലികളി കാണാന്‍ നിന്നില്ലെന്നു കൂടി രശ്മിയുടെ സുഹൃത്തു ധന്യ വ്‌ളോഗില്‍ പറയുന്നുണ്ട്. സ്ത്രീകള്‍ക്കു മാത്രമായി പ്രത്യേകം ഭാഗങ്ങളില്‍ നിന്നുകൊണ്ട് പുലികളി കാണാനുള്ള സൗകര്യമൊരുക്കണമെന്ന നിര്‍ദേശവും ഇവര്‍ മുന്നോട്ടുവെക്കുന്നുണ്ട്. എങ്കിലും അടുത്ത പുലികളിയും കാണാന്‍ വരുമെന്നു പറഞ്ഞുകൊണ്ടാണ് രശ്മിയും സുഹൃത്തുക്കളും വ്‌ളോഗ് അവസാനിപ്പിക്കുന്നത്. വിദേശ സഞ്ചാരികള്‍ക്കും വികലാംഗര്‍ക്കും പുലികളി കാണാന്‍ പ്രത്യേകം പവലിയനുകള്‍ ഇക്കുറി സജ്ജമാക്കിയിരുന്നു.
Content Summary : Actress Reshmi Soman came to see the female tigers in pulikali.