കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് ലഭിക്കാൻ എത്ര ദിവസം മുൻപ് ബുക്ക് ചെയ്യണം ; സൗകര്യം വിപുലപ്പെടുത്തി ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ്
Mail This Article
വിമാനയാത്രകള്‍ ജീവിതത്തിന്റെ ഭാഗമായിട്ടുള്ളവര്‍ ഒരിക്കലെങ്കിലും ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ് നോക്കിയിട്ടുണ്ടാവും. നിങ്ങളുടെ കീശ കാലിയാവാതെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ സ്വന്തമാക്കാനുള്ള സൗകര്യം വിപുലപ്പെടുത്തിയിരിക്കുകയാണ് ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ്. നിങ്ങളുടെ യാത്രക്ക് എത്ര ദിവസം മുന്‍പ് ബുക്ക് ചെയ്താല്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് ലഭിക്കും എന്നതടക്കമുള്ള വിവരങ്ങള്‍ ലഭ്യമാണ്.
മുന്‍കാലങ്ങളിലെ വിമാന ടിക്കറ്റ് ബുക്കിങ് വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്ന സമയം അറിയിക്കുന്നത്. നിങ്ങള്‍ യാത്ര പോവുന്ന റൂട്ടില്‍ നേരത്തെ നടന്ന ബുക്കിങുകളുടെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ നല്‍കുന്ന ഈ വിവരം നിരവധി പേര്‍ക്ക് സഹായമാവും.
സാധാരണ ഗതിയില്‍ യാത്രയ്ക്ക് രണ്ടു മാസം മുന്‍പാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുക. കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ 54 മുതല്‍ 78 ദിവസം വരെ മുൻപ്. എന്നു കരുതി ടിക്കറ്റു ബുക്ക് ചെയ്ത ശേഷം ടിക്കറ്റ് നിരക്ക് പിന്നെയും കുറഞ്ഞ അനുഭവങ്ങളുമുണ്ട്. ഒരു പരിധി വരെ ഭാഗ്യത്തിന്റെ അകമ്പടി കൂടിയുണ്ട് ഇത്തരം തെരഞ്ഞെടുപ്പുകള്‍ക്ക്. മുന്‍കാലങ്ങളിലെ ടിക്കറ്റ് നിരക്ക് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ് നല്‍കുന്ന വിവരങ്ങള്‍ക്കു കൃത്യത കൂടും.
ട്രാക്ക് പ്രൈസ് ഓപ്ഷന്‍ ഓണാക്കി വച്ചിരുന്നാല്‍ യാത്രികര്‍ക്ക് നിശ്ചിത വിമാന റൂട്ടിലെ ടിക്കറ്റ് നിരക്കു കുറയുമ്പോള്‍ സന്ദേശം ലഭിക്കുകയും ചെയ്യും. പ്രത്യേക ദിവസങ്ങളില്‍ നിശ്ചിത സ്ഥലങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് എപ്പോള്‍ കുറയുന്നുവെന്ന് എളുപ്പത്തില്‍ മനസിലാക്കാന്‍ ഇതുവഴി സാധിക്കും. അടുത്ത മൂന്നു മാസത്തിനിടയിലോ ആറു മാസത്തിനുള്ളിലോ പോകാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഏതു ദിവസമാണ് ടിക്കറ്റ് ലഭിക്കാന്‍ സാധ്യതയെന്നും അറിയാം.
തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ക്ക് പ്രൈസ് ഗാരണ്ടി ബാഡ്ജുകള്‍ വരെ അവതരിപ്പിക്കാന്‍ ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ് ശ്രമിക്കുന്നുണ്ട്. നിങ്ങള്‍ എടുക്കുന്ന നിരക്കിനേക്കാള്‍ വിമാന ടിക്കറ്റ് നിരക്ക് കുറയില്ലെന്ന ഉറപ്പാണ് ഇതുവഴി ഗൂഗിള്‍ നല്‍കുന്നത്. ഏതെങ്കിലും കാരണവശാല്‍ പ്രൈസ് ഗാരണ്ടി ബാഡ്ജ് നല്‍കിയതിലേക്കാള്‍ ടിക്കറ്റ് നിരക്ക് കുറഞ്ഞാല്‍ വ്യത്യാസം ഗൂഗിള്‍ പേ വഴി നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും. എന്നാല്‍ ഈ ഫീച്ചര്‍ നിലവില്‍ പരീക്ഷണഘട്ടത്തിലാണെന്നാണ് ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ് അറിയിക്കുന്നത്.
Content Summary : Google Flights is a flight search engine that allows you to find and compare flights from airlines and travel agencies.