യാത്ര വെറും 'ഷോ' അല്ല, ദീർഘായുസിനും മനഃശാന്തിക്കും ബെസ്റ്റ്
Mail This Article
കൈയിലുള്ള കാശെല്ലാം മുടക്കി ഈ മനുഷ്യർ യാത്ര ചെയ്യുന്നത് വെറും ഷോ ആണെന്ന് അഭിപ്രായമുള്ളവർ ഒരു മിനിറ്റ് നിൽക്കുക. ദീർഘായുസിന് മാത്രമല്ല മാനസികവും ശാരീരികവുമായ സ്വാസ്ഥ്യം നൽകുന്നതിനും യാത്ര ബെസ്റ്റ് ആണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പുതിയ സ്ഥലങ്ങളിലേക്ക് പോകുന്നതും വ്യത്യസ്തരായ ആളുകളെ പരിചയപ്പെടുന്നതും മനസിന് മാത്രമല്ല ശരീരത്തിനും സുഖം നൽകും. പുതിയ സ്ഥലങ്ങൾ കണ്ടെത്തി അവിടേക്ക് യാത്ര പോകുന്നവർ മറ്റുള്ളവരെ അപേക്ഷിച്ച് ആത്മവിശ്വാസം കൂടുതലുള്ളവർ ആയിരിക്കും. കാരണം, പുതിയ ഒരു സ്ഥലം മാത്രമല്ല യാത്ര ചെയ്യുന്നവർ പരിചയപ്പെടുന്നത്. പുതിയ ആളുകളെയും പുതിയ സംസ്കാരവും പുതിയ ഭക്ഷണരീതിയും എല്ലാം അറിയുകയാണ്. ഇതെല്ലാം ആ വ്യക്തിയുടെ ആരോഗ്യത്തെ വളരെ പോസിറ്റീവായ രീതിയിലാണ് ബാധിക്കുന്നത്. ഒന്നല്ല, രണ്ടല്ല ഒരുപാട് ഗുണങ്ങളാണ് സ്ഥിരമായി യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന വ്യക്തിയെ കാത്തിരിക്കുന്നത്.
യാത്ര നൽകുന്ന പ്രതിരോധശക്തി
യാത്ര ചെയ്യുന്ന വ്യക്തി ഒരിക്കലും ഒരേ രീതിയിലുള്ള കാലാവസ്ഥയിലൂടെ ആയിരിക്കില്ല സഞ്ചരിക്കുന്നത്. വ്യത്യസ്തമായ കാലാവസ്ഥകളിലൂടെയും ദേശങ്ങളിലൂടെയുമുള്ള യാത്ര യാത്രികന് നൽകുന്ന പ്രതിരോധശക്തി ചില്ലറയല്ല. യാത്ര ചെയ്യുമ്പോൾ ശരീരത്തിൽ കുറച്ച് അഴുക്ക് ഒക്കെ പറ്റും. ചിലപ്പോൾ ചെറിയ ചില അസുഖങ്ങളും പിടിപെടും. ഇതെല്ലാം പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുകയാണ്. വിവിധ സ്ഥലങ്ങളിലേക്ക് നിങ്ങൾ യാത്ര ചെയ്യുമ്പോൾ അത് നിങ്ങളുടെ ശരീരത്തിന് വിവിധ ബാക്ടീരിയകളുമായി പൊരുത്തപ്പെടാനുള്ള അവസരമാണ് നൽകുന്നത്. ഇത് ശരീരത്തിന്റെ പ്രതിരോധശക്തിയെ വർദ്ധിപ്പിക്കുകയും സാധാരണ രോഗങ്ങൾ വരുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
മാനസിക പിരിമുറുക്കം ദൂരെയകറ്റുന്നു
യാത്ര ചെയ്യുന്ന സമയം ഒരിക്കലും ഒരു സാധാരണ ദിവസം പോലെ ആയിരിക്കില്ല. കാലാവസ്ഥയിലും ചുറ്റുപാടുകളിലും ദിനചര്യകളിലും ഒക്കെ മാറ്റമുണ്ടാകും. എന്നാൽ ഇതെല്ലാം നമ്മുടെ മനസിനെ വളരെ പോസിറ്റീവ് ആയാണ് ബാധിക്കുന്നത്. വളരെ മനഃശാന്തി അനുഭവപ്പെടുന്നതിന് ഒപ്പം വലിയ ഉത്കണ്ഠയും ഉണ്ടായിരിക്കില്ല. കാരണം പതിവുകാര്യങ്ങളിൽ നിന്ന് ഒരു അവധി എടുത്താണ് നമ്മൾ ഒരു യാത്രയ്ക്ക് പുറപ്പെടുക. അതുകൊണ്ട് തന്നെ ഒരു നല്ല മൂഡ് പ്രദാനം ചെയ്യാനും യാത്രയ്ക്ക് കഴിയും. നമ്മുടെ മനോഭാവത്തിന് ഒപ്പം നമ്മുടെ ശരീരത്തിലും വലിയ മാറ്റം ഓരോ യാത്രയും കൊണ്ടുവരും. പുതിയ സ്ഥലങ്ങളിലേക്ക് എത്തിപ്പെടുമ്പോഴും പുതിയ ആളുകളെ പരിചയപ്പെടുമ്പോഴും വ്യത്യസ്തമായ സംസ്കാരങ്ങളെ അനുഭവിക്കുമ്പോഴും അത് വ്യക്തിപരമായ വളർച്ചയ്ക്കും ഒപ്പം മാനസിക പിരിമുറുക്കം ഇല്ലാതാക്കാനും സഹായിക്കും.
വിഷാദരോഗത്തിനുള്ള സാധ്യത തന്നെ ഇല്ലാതാക്കുന്നു
ഒരു ക്ലിക്കിൽ പുതിയ ബന്ധങ്ങൾ ലഭിക്കുകയും ഒരു ബ്ലോക്കിൽ അടുത്തവർ പോലും നഷ്ടമാകുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ടെക്നോളജി ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടു വന്നെങ്കിലും ബന്ധങ്ങളിൽ വിള്ളൽ വീഴാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. പുതിയ കാലത്ത് നിരവധിയാളുകൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് വിഷാദരോഗം. തൊഴിലിടത്തിലെ പ്രശ്നങ്ങൾ, സമൂഹത്തിൽ നിന്നുള്ള സമ്മർദ്ദങ്ങൾ, വ്യക്തിബന്ധങ്ങളിലെ താളപ്പിഴകൾ എന്നിവയെല്ലാം വിഷാദരോഗത്തിന് കാരണമാകാം. എന്നാൽ, പതിവായി ഇടപെടുന്ന സ്ഥലങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും കുറച്ചു ദിവസങ്ങൾ മാറി നിൽക്കുന്നത് മാനസികമായി വലിയ മാറ്റം കൊണ്ടുവരും.
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
എത്രയധികം യാത്ര ചെയ്യുന്നുവോ അത്രയധികം നിങ്ങൾ കാര്യങ്ങൾ പഠിക്കുകയാണ്. നിങ്ങളുടെ ബന്ധങ്ങളും ലോകത്തെയും ജീവിതത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകളും അത് വിശാലമാക്കും. ഒരു പുതിയ സ്ഥലത്തേക്ക് എത്തുമ്പോൾ അവിടെ നമ്മൾ പുതിയ ഒരുപാട് പേരെ കാണുകയാണ്. അവരുടെ ലോകം എന്താണെന്ന് അറിയുകയാണ്. അവരുടെ സംസ്കാരം അനുഭവിക്കുകയാണ്. ഇത് ലോകത്തിനെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങളെ സഹായിക്കുന്നു. ഇങ്ങനെ പുതിയ കാര്യങ്ങൾ കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും വിജ്ഞാനം വർദ്ധിപ്പിക്കുകയും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു
ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്തു കൊണ്ടിരിക്കുന്നത് നമ്മുടെ ഉത്കണ്ഠയെയും സമ്മർത്തെയും നല്ല രീതിയിൽ കുറയ്ക്കും. വർഷങ്ങളായി ഒഴിവ് എടുക്കാതെ ജോലിയിൽ തുടരുന്ന പുരുഷൻമാർക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത 30 ശതമാനമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ചുരുക്കത്തിൽ അവധിക്കാലം ആഘോഷിക്കാൻ പോകുന്നവരുടെയും അത് ഒരു വലിയ കാര്യമായി പരിഗണിക്കാത്തവരുടെയും കാര്യത്തിൽ ഹൃദയാരോഗ്യത്തിന് വലിയ വ്യത്യാസമുണ്ടാകുന്നുണ്ട്. എന്താണ് അതിന് കാരണമെന്ന് ചിന്തിക്കുകയാണോ ? ഉത്തരം വളരെ ലളിതമാണ്. യാത്ര ചെയ്യുമ്പോൾ നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യം അത് മെച്ചപ്പെടുത്തുകയാണ്. ട്രക്കിങ്ങ് പോലുള്ള സാഹസിക വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ അത് ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ഹൃദയസംബന്ധമായ അസുഖങ്ങൾ വരുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ദീർഘായുസ്സിനുള്ള ഏറ്റവും നല്ല മരുന്നാണ് യാത്ര
സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ആയുസ് കൂടുതൽ ആയിരിക്കും, യാത്ര ഏതു തരത്തിലുള്ളതുമാകട്ടെ. ചിലർ സാഹസികയാത്ര പോകുമ്പോൾ മറ്റ് ചിലർ തീർത്ഥാടനങ്ങൾ ആയിരിക്കും ഇഷ്ടപ്പെടുന്നത്. യാത്രയുടെ സ്വഭാവം ഏതായാലും അത് സമ്മർദ്ദം കുറയ്ക്കുകയും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തെ കൂടുതൽ ഉത്സാഹഭരിതമായി നിലനിർത്തുകയും ചെയ്യുന്നു. ഇത്രയും ഗുണങ്ങൾ യാത്രയിലൂടെ ലഭിക്കുന്നതിനാൽ അത് ദീർഘായുസിന് കാരണമാകുകയും ചെയ്യുന്നു.
സന്തോഷവും സംതൃപ്തിയും നൽകുന്നു
ഒരു യാത്ര പോകാൻ ഒരുങ്ങുമ്പോൾ അനുഭവിക്കുന്ന സന്തോഷം അളവറ്റതാണ്. പുതിയ സ്ഥലങ്ങൾ കാണുമ്പോഴും പുതിയ അനുഭവങ്ങൾ ഉണ്ടാകുമ്പോഴുമുള്ള എക്സൈറ്റ്മെന്റ് പുതിയ വസ്ത്രം വാങ്ങുമ്പോഴോ സ്വർണം വാങ്ങുമ്പോഴോ ഭൗതികമായ മറ്റ് എന്തെങ്കിലും വസ്തുക്കൾ വാങ്ങുമ്പോഴോ ലഭിക്കുന്നതിനേക്കാൾ ഇരട്ടിയായിരിക്കും. ഒരു നിമിഷത്തേക്ക് ആയിരിക്കില്ല ഈ ഉത്സാഹം. യാത്ര പ്ലാൻ ചെയ്യുന്ന സമയം മുതൽ അവസാനിക്കുന്ന സമയം വരെ ഈ ഉത്സാഹം നിങ്ങളെ മുന്നോട്ട് നയിച്ചു കൊണ്ടേയിരിക്കും. യാത്രയ്ക്ക് ശേഷമാണെങ്കിലും ആ യാത്രയെക്കുറിച്ച് ഓർക്കുമ്പോൾ നിങ്ങൾക്ക് സന്തോഷവും സമാധാനവും തോന്നും. ചുരുക്കത്തിൽ ഓരോ യാത്രയും മനസിന് നൽകുന്ന സന്തോഷവും ഉല്ലാസവും അളവറ്റതാണ്.
സ്ലിം ആയിരിക്കാം, ഹെൽത്തി ആയിരിക്കാം
സ്ഥിരമായി യാത്ര ചെയ്യുന്നവരെ ശ്രദ്ധിച്ചാൽ അറിയാം അവർ ആരോഗ്യമുള്ളവർ ആയിരിക്കും. പലരും വിചാരിക്കുന്നതിന് വിപരീതമായി യാത്ര ചെയ്യുമ്പോൾ ശരീരം കൂടുതൽ കരുത്തുള്ളതാകുകയും ആരോഗ്യമുള്ളതാകുകയും ചെയ്യും. ഭാരം കുറയും. ഓഫീസിൽ മണിക്കൂറുകൾ ഒരേ ഇരുപ്പിൽ ഇരുന്ന് ജോലി ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി യാത്രയ്ക്കിടയിൽ ഒരുപാട് നടക്കുകയും കായികാദ്ധ്വാനങ്ങളിൽ ഏർപ്പെടേണ്ടി വരികയും ചെയ്യും. ഇത് ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നു. സാഹസിക യാത്രകൾ ആണെങ്കിൽ അത് ഇരട്ടിഗുണം ആണ് ശരീരത്തിന് നൽകുന്നത്. യാത്രകൾ വെറും ഷോ അല്ലെന്നും ആരോഗ്യപ്രദമായ ഒരു കാര്യമാണെന്നും പിടി കിട്ടിയില്ലേ. ഇനി വൈകണ്ട. അടുത്ത യാത്രയ്ക്ക് ഉടനെ ബുക്ക് ചെയ്തോളൂ.
Content Summary : Traveling often can be good for your health in a number of ways.