ലോകനാർകാവ് ക്ഷേത്രത്തിനു സമീപത്തായി റസ്റ്റ്ഹൗസും കളരിത്തറയും
Mail This Article
കോഴിക്കോട്∙ സംസ്ഥാന സർക്കാർ തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വടകര മേമുണ്ട ലോകനാർകാവ് ക്ഷേത്രത്തിൽ നിർമിച്ച ടൂറിസ്റ്റ് റെസ്റ്റ് ഹൗസിന്റെയും കളരിത്തറയുടെയും ഉദ്ഘാടനം 15ന് വൈകിട്ട് നാലിന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷനായിരിക്കും.
ലോകനാർകാവ് ക്ഷേത്രത്തിനു സമീപത്തായി ആധുനിക സൗകര്യങ്ങളോടു കൂടിയ റസ്റ്റ് ഹൗസിന്റെയും കളരി പരിശീലന കേന്ദ്രത്തിന്റെയും പ്രവൃത്തിയാണ് പൂർത്തിയായത്. ലോകനാർകാവിൽ തീർഥാടനത്തിനെത്തുന്ന 14 കുടുംബങ്ങൾക്ക് താമസിക്കാവുന്ന മുറികൾ, ശീതീകരിച്ച മുറികൾ, ഡോർമിറ്ററി, പരമ്പരാഗത കളരി പരിശീലന സൗകര്യം, വിശാലമായ മുറ്റം, ചുറ്റുമതിൽ എന്നിവയാണുള്ളത്.
രണ്ടു ഘട്ടങ്ങളിലായി അഞ്ച് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്.
2010ൽ മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് ശിലാസ്ഥാപനം നടത്തിയത്. മ്യൂസിയം, ചിറകളുടെ നവീകരണം, ചുറ്റുമതിൽ നിർമ്മാണം, ഊട്ടുപുര, തന്ത്രിമഠം, പുതിയോട്ടിൽ കൊട്ടാരം പുതുക്കിപ്പണിയിൽ തുടങ്ങിയ പ്രവൃത്തികളുടെ നടപടികളും പുരോഗമിക്കുകയാണ്.